വെടിക്കെട്ടിന്റെ അവിശ്വസനീയ രൂപമായി റാസ, വമ്പന്‍ അട്ടിമറിയുമായി സിംബാബ്‌വെ

Image 3
CricketCricket News

ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ സിംബാബ് വെയ്ക്ക് തകര്‍പ്പന്‍ ജയം. 17 റണ്‍സിനാണ് സിംബാബ് വെ ബംഗ്ലാദേശിനെ തകര്‍ത്തത്. സിംബാബ് വെ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശ് 188 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സിംബാബ് വെ 1-0ത്തിന് മുന്നിലെത്തി.

മുതിര്‍ന്ന താരം സികന്ദര്‍ റാസ സ്വന്തമാക്കിയ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സിംബാബ് വെ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 205 റണ്‍സ് എടുത്തത്. വെറും 26 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം റാസ പുറത്താകാതെ 65 റണ്‍സാണ് സ്വന്തമാക്കിയത്.

റാസയെ കൂടാതെ വിസ്ലി മാദെവറും അര്‍ധ സെഞ്ച്വറി നേടി. 46 പന്തില്‍ ഒന്‍പത് ഫോറടക്കം 67 റണ്‍സാണ് മാദെവര്‍ സ്വന്തമാക്കിയത്. താരം റിട്ടേഴ്‌സ് ഹര്‍ട്ടാകുകയായിരുന്നു. സീന്‍ വില്യംസ് (33), ക്രൈഗ് എര്‍വിന്‍ (21), റാഗിസ് ചക്കാഭവ (8) എന്നിങ്ങനെയാണ് മറ്റ് സിംബാബ് വെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ബംഗ്ലാദേശിനായി നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങി മുസ്തഫിസുര്‍ റഹ്മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മുസദ്ദിക്ക് ഹുസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ പുറത്താകാതെ 42 റണ്‍സെടുത്ത നായകന്‍ മുസദ്ദിക്ക് ഹുസൈനാണ് ടോപ്‌സ്‌കോറര്‍. 37 റണ്‍സെടുത്ത നജ്മല്‍ ഹുസൈനും 32 റണ്‍സെടുത്ത ലിറ്റില്‍ ദാസും 26 റണ്‍സെടുത്ത അനാമുല്‍ ഹഖുമെല്ലാം പൊരുതിയെങ്കിലും സിംബാബ് വെയുടെ വിജയലക്ഷ്യം മറികടക്കാന്‍ ആകുമായിരുന്നില്ല.

സിംബാബ് വെയ്ക്കായി ലൂക്ക് ജോംഗ് വി രണ്ടും സികന്ദര്‍ റാസയും മസാക്കണ്‍സയും റിച്ചാര്‍ഡ് നഗര്‍വയും ഒരു വിക്കറ്റ് വീഴ്ത്തി. സിക്കന്ദര്‍ റാസയാണ് കളിയിലെ താരം.