അവിശ്വസനീയ പ്രകടനവുമായി വീണ്ടും സികന്ദര്‍ റാസ, ഏകദിനത്തിലും കടുകളുടെ പല്ലൊടിച്ച് സിംബാബ് വെ

Image 3
CricketCricket News

ബംഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ഏകദിന മത്സരത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി സിംബാബ് വെ. ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് സിംബാബ് വെ ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം സിംബാബ് വെ 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

സെഞ്ച്വറി നേടി സിംബാബ് വെ താരങ്ങളായ ഇന്നസെന്റെ കയും സികന്ദര്‍ റാസയുമാണ് സിംബാബ് വെയ്ക്ക് ചരിത്ര ജയം ഒരുക്കിയത്. സികന്ദര്‍ റാസ വെറും 109 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 135 റണ്‍സാണ് നേടിയത്. ഇന്നസെന്റ കയ ആകട്ടെ 122 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 110 റണ്‍സും സ്വന്തമാക്കി.

115 ഏകദിനം കളിച്ചിട്ടുളള റാസയുടെ കരിയറിലെ നാലാമത്തെ സെഞ്ച്വറി ആണിത്. നാലാം ഏകദിന കളിയ്ക്കുന്ന കയയുടേതാകട്ടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് ഹരാരയില്‍ പിറന്നത്. മൂന്നിന് 62 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന സിംബാബ് വെയെ നിര്‍ണ്ണായക നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇരുവരും വിജയത്തിന് അടുത്തെത്തിയ്ക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 192 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്.

സിംബാബ് വെയ്ക്കായി ലൂര് ജോഗ്വയും (24), വെസ്സി മാദവരും (19) തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, ഷറഫുല്‍ ഇസ്ലാം മെഹ്ദി ഹസന്‍, മൊസദ്ദിക്ക് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 303 റണ്‍സ് എടുത്തത്. ബാറ്റെടുത്തവരെല്ലാം അര്‍ധ സെഞ്ച്വറി കണ്ടെത്തിയ ബംഗ്ലാദേശ് നിരയില്‍ നാല് ഫിഫ്റ്റിയാണ് പിറന്നത്.

തമീം ഇഖ്ബാല്‍ (62). ലിറ്റന്‍ ദാസ് (81-റിട്ടേഴ്ഡ് ഹര്‍ട്ട്), അനാമുല്‍ഹഖ് (73)), മുസ്തഫിഖുര്‍ റഹ്മാന്‍ (52*) എന്നിവര്‍ തിളങ്ങി. 20 റണ്‍സുമായി മഹമ്മദുള്ള മുസ്തഫിഖുറിനൊപ്പം മത്സരം അവസാനിക്കമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

സികന്ദര്‍ റാസയാണ് കളിയിലെ താരം പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങളാണുളളത്. ഞായറാഴ്ച്ചയാണ് അടുത്ത മത്സരം. ബുധനാഴ്ച്ച മൂന്നാമത്തെ മത്സരവും നടക്കും. ടി20 പരമ്പര 2-1ന് സ്വന്തമാക്കിയത് പോലെ ഏകദിന പരമ്പരയും സിംബാബ് വെ സ്വന്തമാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.