ടെസ്റ്റില്‍ 10 വിക്കറ്റ് ജയവുമായി സിംബാബ്വെ, ജയം രണ്ട് ദിവസത്തിനുളളില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര വിജയവുമായി സിംബാബ്വെ ടീം. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ രണ്ട് ദിവസത്തിനുളളില്‍ 10 വിക്കറ്റിനാണ് സിംബാബ്വെ
ജയിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 131 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 135 റണ്‍സിനും അഫ്ഗാന്‍ പുറത്താകുകയായിരുന്നു.

സെഞ്ച്വറി നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ സീന്‍ വില്യംസ് ആണ് മാന്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിങ്‌സില്‍ 250 റണ്‍സ് സ്‌കോര്‍ ചെയ്ത സിംബാബ്വെക്ക് രണ്ടാം ഇന്നിങ്‌സില്‍ വെറും 17 റണ്‍സ് മാത്രമായിരുന്നു വിജയലക്ഷ്യം. വെറും 3.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെയാണ് സിംബാബ്വെ വിജയലക്ഷ്യം മറികടന്നത്.

ഓപ്പണര്‍മാരായ കെവിന്‍ കസൂസ പതിനൊന്ന് റണ്‍സുമായും പ്രിന്‍സ് മസാവൂരേ അഞ്ച് റണ്‍സ് നേടിയും പുറത്താകാതെ നിന്നാണ് സിംബാബ്വെയുടെ പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം സാധ്യമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സിംബാബ്വെയുടെ ആദ്യ പത്ത് വിക്കറ്റ് ജയം കൂടിയാണ് ഇത്.

രണ്ടാം ഇന്നിംഗ്‌സില്‍ 76 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാനൊഴികെ മറ്റാര്‍ക്കും അഫ്ഗാന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. വാലറ്റക്കാരനായ ഹംസ 21 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍135 റണ്‍സിന് ഓള്‍ഔട്ടായ അഫ്ഗാനിസ്ഥാന്‍ 17 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിംബാവെക്ക് മുന്നില്‍ വെച്ചത്. ഡൊണാള്‍ഡ് ടിരിപാനോ, വിക്ടര്‍ ന്യൗച്ചി എന്നിവര്‍ മൂന്നു വിക്കറ്റു വീതവും ബ്ലെസ്സിംഗ് മുസറബാനി രണ്ടും വിക്കറ്റുകളും സിംബാബ്‌വേയ്ക്കായി നേടി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സീന്‍ വില്യംസിന്റെ മികവിലാണ് സിംബാബ്വെ 250 റണ്‍സ് എന്ന ടീം ടോട്ടല്‍ നേടിയത്. 174 പന്തില്‍ പത്ത് ബൗണ്ടറി ഉള്‍പ്പടെയായിരുന്നു വില്യംസിന്റെ ഇന്നിങ്‌സ്.

You Might Also Like