സ്വന്തം കീശമാത്രം നിറക്കുന്ന ഭീമന്മാര്‍, ഈ പാവം ക്രിക്കറ്റ് ടീമുകളെ ആര് സഹായിക്കും

മാത്യൂസ് കെ. എബ്രഹാം
എന്തുകൊണ്ട് ചെറിയ ക്രിക്കറ്റ് ബോര്‍ഡുകളോട് ഐ സി സി യും മറ്റ് പ്രമുഖ ബോര്‍ഡുകളും ഈ അനീതി കാട്ടുന്നു.?
എന്തു കാരണത്താല്‍ ആണ് ക്രിക്കറ്റ്, ഫുട്‌ബോള്‍ പോലെ ലോകത്ത് ആകമാനം പടര്‍ന്നു പിടിക്കാത്തത്?
രണ്ടിനും ഉള്ള ഉത്തരം സിമ്പിളാണ് അതേ പോലെ പവര്‍ഫുള്ളും – പണം.
ഈ അടുത്ത കാലത്ത് സിംബാബ്വെന്‍ ക്രിക്കറ്റര്‍ റിയാന്‍ ബേള്‍ സ്വന്തം ടീമിനായ് സ്‌പോണ്‍സറെ അന്വേഷിച്ച് ട്വിറ്ററില്‍ ഇട്ട പോസ്റ്റ് വൈറല്‍ ആയിട്ടും ഐസിസി-യും മറ്റ് പ്രബലരായ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള ക്രിക്കറ്റ് ബോര്‍ഡുകളും അവരെ തിരിഞ്ഞു നോക്കിയില്ല എന്നത് സങ്കടം ഉളവാക്കുന്ന വസ്തുതയാണ്.
ക്രിക്കറ്റിനെ രാജ്യങ്ങളും അതിര്‍ത്തികളും ഇല്ലാതെ സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് നഷ്ടങ്ങള്‍ തന്നെയാണ് സിംബാബ്വെയും കെനിയയും പോലുള്ള ഒരു കാലത്ത് ശക്തരായിരുന്ന ക്രിക്കറ്റ് ടീമുകളുടെ തകര്‍ച്ച. ക്രിക്കറ്റിന് മനോഹരമായ നിമിഷങ്ങള്‍ നല്‍കിയവര്‍ ഇപ്പോഴും ഇടക്കൊക്കെ നല്‍കുന്നവര്‍. തന്റെതായ ദിവസങ്ങളില്‍ ഒറ്റക്ക് ഏത് കളിയും തന്റെ ടീമിനു അനുകൂലമായ് തിരിക്കാന്‍ കഴിവുള്ളവരെ ഇന്നും സൃഷ്ടിക്കുന്നവര്‍. ‘അപ്പര്‍ കട്ടി’ന്റെയും ‘സ്‌കൂപ്പി’ന്റെയും ആകര്‍ഷണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ബ്രണ്ടന്‍ ടെയ്‌ലറിനെ പോലുള്ളവര്‍ മുഖ്യധാരയില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിവാക്കി നിര്‍ത്തപ്പെടുമ്പോള്‍ നഷ്ടം ക്രിക്കറ്റിനാണ് ക്രിക്കറ്റ് സ്‌നേഹികള്‍ക്കാണ് .
ഒരു ക്രിക്കറ്റ് ബോര്‍ഡിന് സ്‌പോണ്‍സേഴ്‌സിനെ ലഭിക്കണമെങ്കില്‍ അവരുടെ കളിക്കാരെ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും എന്ന് സ്‌പോണ്‍സേഴ്‌സിന് ഉറപ്പ് കിട്ടണം. അതിന് അവര്‍ക്ക് മറ്റു പ്രബല ടീമുകളുമായി മത്സരങ്ങള്‍ വേണ്ടതായുണ്ട്. ഇന്ത്യയടക്കമുള്ള ‘ജയന്റ്‌സ്’ സിംബാബ്വെ പോലുള്ള ടീമുകളുമായ് ഒരു പരമ്പര കളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പിന്നെയും പാകിസ്ഥാനും ബംഗ്ലാദേശും മാത്രമാണ് അവരുമായ് പരമ്പരകള്‍ കളിക്കുന്നത്. പക്ഷേ ഇന്ത്യയോ ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ അല്ലാതെ മറ്റൊരു രാജ്യവുമായുള്ള പരമ്പരകള്‍ക്കും തകര്‍ന്നടിഞ്ഞ ഈ ബോര്‍ഡുകളെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കില്ല. ഇതില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായുള്ള പരമ്പരക്കാണ് അവരെ ഏറ്റവും തുണക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്കയിലേക്ക് അയക്കാന്‍ ഒരുങ്ങുന്ന പോലുള്ള ഒരു സെക്കന്റ് ടീമിനെയെങ്കിലും സിംബാബ്വെ ,കെനിയ പോലുള്ള രാജ്യങ്ങളിലോട്ട് അയച്ച് അവരുടെ നഷ്ടമായ ക്രിക്കറ്റിന്റെ പ്രതാപം തിരികെയെത്തിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡെങ്കിലും മുന്‍കയ്യെടുത്തില്ലെങ്കില്‍ മരിക്കുന്നത് അവിടത്തെ ക്രിക്കറ്റ് മാത്രമായിരിക്കില്ല മറിച്ച് അനന്തസാധ്യതകള്‍ ഉള്ള ഒരു കളിയുടെ വളര്‍ച്ച കൂടിയാവും.
ഇനിയും ചെറിയ ബോര്‍ഡുകളുടെ വളര്‍ച്ചയില്‍ ഐസിസിയും മറ്റ് പ്രബല ക്രിക്കറ്റ് ശക്തികളും ശ്രദ്ധവെച്ചില്ലെങ്കില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ രാജ്യങ്ങളില്‍ മാത്രമായി ക്രിക്കറ്റ് എന്ന മഹാ വിനോദം ഒതുങ്ങുന്ന കാലം വിദൂരമല്ല. മറ്റ് കായികയിനങ്ങള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ കിതച്ചു കൊണ്ട് തളര്‍ന്ന് വീഴുന്ന ക്രിക്കറ്റ് എന്ന കാഴ്ച്ച, കളിയെ അതിര്‍ത്തികള്‍ മറന്ന് സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് നല്‍കുന്നത് ഹൃദയം പറിച്ചെറിയുന്ന വേദനയാണ്. സ്വന്തം കീശ മാത്രം നിറക്കുന്ന ക്രിക്കറ്റ് ഉത്സവങ്ങള്‍ രാജ്യങ്ങള്‍ക്കുള്ളില്‍ മാത്രം വിപ്ലവം സൃഷ്ടിക്കുമ്പോള്‍ ക്രിക്കറ്റ് പുറം ലോകത്തേക്ക് വളരുന്നില്ല എന്ന സത്യം തിരിച്ചറിയാന്‍ ഇനിയെങ്കിലും ക്രിക്കറ്റ് ഭരണാധികാരികള്‍ക്ക് കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍