അധികം വൈകാതെ ആ ടീം ചരമമടയും, യുദ്ധം ആരംഭിക്കുന്നതിന് മുന്‍പേ അവര്‍ കീഴടങ്ങിക്കഴിഞ്ഞു, ആ താരം പറയുന്ന സത്യങ്ങള്‍

Image 3
CricketCricket News

സൂരജ് രാജേന്ദ്രന്‍

തെറ്റായ സമയത്ത്, തെറ്റായ സ്ഥലത്ത് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? അത്തരം ഒരു അവസ്ഥ തന്നെ ആയിരുന്നു തതേന്ദ തയ്ബു എന്ന സിംബാബ്വേന്‍ ക്രിക്കറ്റെര്‍ക്ക് സംഭവിച്ചത്. കളിക്കാര്‍ക്ക് മികച്ച പിന്തുണയും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നല്‍കാന്‍ കഴിയുന്ന ഒരു ക്രിക്കറ്റ് ബോര്‍ഡിന് കീഴിലാണ് അദ്ദേഹം കളിച്ചിരുന്നതെങ്കില്‍, ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്മാരുടെ നിരയില്‍ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.

തയ്ബുവിന്റെ മാത്രം സ്ഥിതി അല്ല ഇത്. പ്രഗത്ഭരായ പല സിംബാബ്വേന്‍ കളിക്കാര്‍ക്കും ഭരണകൂടത്തിന്റെ അനാസ്ഥ മൂലം തങ്ങളുടെ കരിയര്‍ ഇല്ലാതായിട്ടുണ്ട്. ഒരുകാലത്ത് കഴിവുറ്റ കളിക്കാരാല്‍ സമ്പന്നമായിരുന്നു സിംബാബ്വെ ക്രിക്കറ്റ്, ഇന്ന് മറ്റ് രാജ്യങ്ങളിലെ പരിചയസമ്പത്ത് കുറഞ്ഞ കളിക്കാര്‍ക്ക് വേണ്ടി പരിശീലന മത്സരം കളിക്കുന്നതിന് മാത്രമാണ് സിംബാബ്വെയ്ക്ക് എതിരെയുള്ള പരമ്പരകള്‍ നടത്തുന്നത്.

ചാനല്‍ സംപ്രേഷണത്തിലൂടെ കിട്ടുന്ന വരുമാനമാണ് സിംബാബ്വേയ്ക്ക് ഇത്തരം മത്സരങ്ങള്‍ കൊണ്ടുള്ള ആകെയുള്ള പ്രയോജനം. മതിയായ വേതനം ഇല്ലാത്തത് കാരണം മറ്റു രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ ചേക്കേറിയവരും, ക്രിക്കറ്റ് തന്നെ ഉപേക്ഷിച്ചു പോയവരും സിംബാബ്വെയില്‍ ഉണ്ടായിരുന്നു. ടീമില്‍ പിച്ച വെച്ച് തുടങ്ങും മുന്‍പേ ആഴങ്ങളിലേക്ക് താഴ്ന്ന കൊണ്ടിരിക്കുന്ന ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന ഒരു കൗമാരക്കാരനെ കുറിച്ച് ഇന്ന് സംസാരിക്കാം

പഴയകാലത്തെ പൊക്കം കുറഞ്ഞ വിക്കറ്റ് കീപ്പര്‍മാരെ അനുസ്മരിപ്പിക്കുന്ന രൂപമായിരുന്നു തയ്ബുവിന്. 1983 മെയ് 14ന് സിംബാബ്വെയിലെ ഹരാരെയില്‍ ജനനം. തന്റെ 16ആം വയസില്‍ തയ്ബു ഫസ്റ്റ് ക്ലാസ്സില്‍ അരങ്ങേറി. തയ്ബു ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബാറ്റിങ് മികവ് കൊണ്ടും കീപ്പിങ് മികവ് കൊണ്ടു ജനശ്രദ്ധ പിടിച്ചു പറ്റി. അധികം വൈകാതെ 2001ല്‍ തന്റെ18ആം വയസില്‍ തയ്ബു ദേശിയ ടീമിലും അരങ്ങേറ്റം നടത്തി. വിന്‍ഡീസിനെതിരെയുള്ള പരമ്പരയിലാണ് അദ്ദേഹം അരങ്ങേറിയത്. തയ്ബു ദേശീയ ടീമില്‍ ചുവട് വെച്ചത് സിംബാബ്വെ ക്രിക്കറ്റിന്റെ തകര്‍ച്ചയുടെ ആരംഭത്തിലായിരുന്നു.

2003ല്‍ ഹീത് സ്ട്രീകിന്റെ നേതൃത്വത്തിലുള്ള സിംബാബ്വെയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ തയ്ബു ഉപനായകനായി നിയമ്മിതനായി. 2004ല്‍ കളിക്കാരും ബോര്‍ഡും തമ്മിലുണ്ടായി കലഹത്തെ തുടര്‍ന്ന് ഹീത് സ്ട്രീക് രാജി വെച്ചതോടെ, തന്റെ 20ാം വയസ്സില്‍ തയ്ബു സിംബാബ്വെ ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടു. സിംബാബ്വെയുടെ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യത്തെ ക്യാപ്റ്റന്‍ കൂടി ആണ് തയ്ബു. താരതമ്യേനെ പരിചസമ്പത്ത് കുറഞ്ഞ പുതിയ കളിക്കാരെയാണ് തയ്ബുവിന് ലഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ച് രാജ്യത്തിന് പുറത്ത് കളിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

2005-2007 കാലഘട്ടത്തില്‍ സിംബാബ്വെയില്‍ നിന്ന് മാറി നമിബിയക്കും കേപ്പ് കോബ്രാസിനും വേണ്ടി നായകനായി അദ്ദേഹം കളിച്ചു. 2007ല്‍ തിരിച്ചു സിംബാബ്വെയില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടി. തൊട്ട് അടുത്ത് മാസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തയ്ബു ശതകം നേടി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു സിംബാബ്വേന്‍ താരം നേടിയ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. 2011 ലോകകപ്പില്‍ നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ കാനഡയ്ക്ക് എതിരെ 98 റണ്‍സ് നേടി കൊണ്ട് ടീമിന് 175 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടി കൊടുത്തു.

2011ല്‍ സിംബാബ്വെയ്ക്ക് ടെസ്റ്റ് പദവി തിരിച്ചു നല്‍കിയപ്പോള്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്ക് എതിരെ അദ്ദേഹം ടെസ്റ്റ് കളിച്ചു. 2012 ജൂലൈ 10ന് കേവലം 29 വയസ്സ് മാത്രം പ്രായം ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അതിന് ശേഷമുള്ള കാലം പള്ളിയും ആത്മീയ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ ചെലുത്തി.

28 ടെസ്റ്റില്‍ നിന്ന് 1546 റണ്‍സ് 57 ക്യാച്ചും 5 സ്റ്റമ്പിങ്, 150 ഏകദിന മത്സരത്തില്‍ നിന്ന് 2 സെഞ്ച്വറി 22 അര്‍ദ്ധസെഞ്ച്വറിയുമായി 3393 റണ്‍സും 114 ക്യാച്ചും 33 സ്റ്റമ്പിങ്ങും നടത്തി. സിംബാബ്വെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതും, ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയതില്‍ ആന്റി ഫ്‌ലവറിന് പിന്നിലുമാണ് തയ്ബു. മാത്രമല്ല 2008ല്‍ ഐപിലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി തയ്ബു കളത്തിലിറങ്ങി. ഐപിഎല്‍ കളിച്ച ആദ്യ സിംബാബ്വേന്‍ താരമാണ് തയ്ബു. കഴിഞ്ഞ നാലു വര്‍ഷമായി സിംബാബ്വെയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

ഇപ്പോള്‍ യു.കെയില്‍ പരിശീലക ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ്. 2016-ല്‍ ലിവര്‍പൂള്‍ & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് കോമ്പറ്റീഷന്‍ രണ്ടാം ഡിവിഷനിലെ ഹൈടൗണ്‍ സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്നു. ടീമില്‍ കളിക്കുന്നതിനൊപ്പം തന്നെ പരിശീലക വേഷത്തിലും ഡെവലപ്‌മെന്റ് ഓഫീസറുടെ വേഷത്തിലും തിളങ്ങുകയാണ് ആ പഴയ ക്യാപ്റ്റന്‍.

2019ല്‍ ‘കീപ്പര്‍ ഓഫ് ഫെയ്ത്ത്’ എന്ന തന്റെ ആത്മകഥയില്‍ ചെറുപ്പകാലത്ത് തന്റെ അച്ചനില്‍ നിന്ന് സഹിക്കേണ്ടി വന്ന് കഷ്ടതകളും, വെള്ളക്കാരുടെ മേധാവിത്വവും, മരിച്ചവരുടെ ചിത്രങ്ങള്‍ അയച്ചു തനിക്ക് വന്ന് ഭീഷണിയെ കുറിച്ചുള്ള സംഭവങ്ങളും ഇതില്‍ വിവരിക്കുന്നു. ആ പുസ്തകത്തില്‍ എടുത്ത് പറയുന്നത് സിംബാബ്വെ ക്രിക്കറ്റ് ഭരിക്കുന്നവര്‍ ഒരിക്കലും ക്രിക്കറ്റിന്റെ നന്മക്കായി യാതൊന്നും ചെയ്തിട്ടില്ല, ബോര്‍ഡിന്റെ അനാസ്ഥയ്ക്ക് എതിരെ പ്രതികരിക്കുന്നവരെ അവര്‍ ശത്രുക്കളായിട്ടാണ് കണക്കാക്കുന്നത്. ഇതുപോലെ പ്രതിഷേധം ഉയര്‍ത്തിയ പല കളിക്കാര്‍ക്കും സ്വന്തം രാജ്യം വിട്ട് മറ്റ് രാജ്യങ്ങളില്‍ അഭയം തേടേണ്ട സ്ഥിതി ആണ്. അവരൊക്കെ ക്രിക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരണം എന്ന് ആഗ്രഹിച്ചവരാണ്. ഇപ്പോള്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അധികം വൈകാതെ തന്നെ സിംബാബ്വെ ക്രിക്കറ്റ് ചരമം അടയും എന്ന് അദ്ദേഹം പറയുന്നു.

ക്രിക്കറ്റും രാഷ്ട്രിയവും കൂടികലര്‍ത്തുന്നത് എന്ന് അവസാനപ്പിക്കുന്നുവോ അന്നേ സിംബാബ്വെ ക്രിക്കറ്റിന് ഇനിയൊരു മേല്‍ഗതി ഉണ്ടാക്കൂ. ഒരുകാലത്തു ക്രിക്കറ്റിലെ ഏറ്റവും ശക്തരായ എതിരാളികളെ പോലും വിറപ്പിച്ച ടീമില്‍ നിന്നും യുദ്ധം ആരംഭിക്കുന്നതിന് മുന്‍പേ കീഴടങ്ങുന്ന ടീമിലേക്ക് ഇന്ന് അവര്‍ മാറിക്കഴിഞ്ഞു. തയ്ബു പ്രവചിച്ചത് പോലൊരു അന്ത്യം ടീമിന് ഉണ്ടാകരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. പരിതഃസ്ഥിതികള്‍ മാറി ശക്തമായ ഒരു തിരിച്ചു വരവ് നടത്താന്‍ അവര്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍