പാക് ജേഴ്‌സി അണിയാന്‍ അഗ്രഹിച്ചിട്ടില്ല, തുറന്ന് പറഞ്ഞ് സിംബാബ് വെ സൂപ്പര്‍ താരം
താന്‍ ഒരിക്കലും പാകിസ്ഥാന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് സിംബാബ് വെ സൂപ്പര്‍ താരം സിക്കന്ദര്‍ റാസ പറഞ്ഞു. ഒരു യുദ്ധവിമാന പൈലറ്റാകുക എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അക്കാര്യത്തില്‍ വിജയിക്കാനായില്ലെന്നും മറ്റ് ചില കാര്യങ്ങളാണ് ചെയ്യേണ്ടി വന്നതെന്നും സിംബാബ് വെ ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തി.
പാക് അധീന പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച റാസ 2002ലാണ് മാതാപിതാക്കള്‍ക്കൊപ്പം സിംബാബ്വെയിലേക്ക് കുടിയേറിയത്. 2007-ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച 36-കാരന് 2011-ല്‍ സിംബാബ് വെ അവരുടെ പൗരത്വം നല്‍കിയിരുന്നു.
‘പാകിസ്ഥാനില്‍ ജീവിച്ചിരുന്നപ്പോള്‍ കളിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാന്‍ സിംബാബ്വെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്, അത്തരത്തിലുള്ള ഒരു ചിന്തയും എന്റെ മനസ്സില്‍ വന്നിട്ടില്ല. ഒരു യുദ്ധവിമാന പൈലറ്റാകാനാണ് ഞാന്‍ പാകിസ്ഥാന്‍ വിട്ടത്. പക്ഷേ അതില്‍ ഞാന്‍ വിജയിച്ചില്ല’ റാസ പറഞ്ഞു.
”ഞാന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് പഠിച്ചു. എന്റെ കുടുംബം സിംബാബ്വെയിലേക്ക് മാറി. ഞാന്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു, പക്ഷേ സിംബാബ്വെയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ അവസരം ലഭിച്ചു, അതോടെ എന്റെ പുതിയ യാത്ര ആരംഭിച്ചു’ റാസ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെയാണ് സിക്കന്ദര്‍ റാസ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. റാസയുടെ മികവില്‍ നീണ്ട ഒന്‍പത് വര്‍ഷത്തിന് ശേഷം സിംബാബ് വെയ്ക്ക് ബംഗ്ലാദേശിനെ തോല്‍പിക്കാനും ആയി. നേരത്തെ റാസ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ടി20 പരമ്പര 2-1ന് സിംബാബ് വെ സ്വന്തമാക്കുകയും ചെയ്തിരുന്നു.