പുലിക്കുട്ടി, കടുവകളെ തകര്‍ത്തു, ഇന്ത്യയെ വിറപ്പിച്ചു, ഹൃദയം കീഴടക്കി റാസ

ഇന്ത്യയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സിംബാബ് വെ വൈറ്റ് വാഷ് ചെയ്യപ്പെട്ടെങ്കിലും തലയുയര്‍ത്തി പിടിച്ച് തന്നെയാണ് അവര്‍ ഗ്രൗണ്ട് വിട്ടത്. ക്രിക്കറ്റിലെ കുഞ്ഞന്മാരാണെങ്കിലും സിക്കന്ദര്‍ റാസ നടത്തിയ വിരോചിത പോരാട്ടത്തിനൊടുവില്‍ ഇന്ത്യയെ വിറപ്പിച്ച ശേഷമായിരുന്നു 13 റണ്‍സിന് സിംബാബ് വെ തോല്‍വി സമ്മതിച്ചത്.

ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ അതിമനോഹരമായ ഇന്നിങ്‌സിനെ ശരിക്കും പിന്നിലാക്കിയാണ് റാസ ഇന്ത്യയ്‌ക്കെതിരെ അഴിഞ്ഞാടിയത്. വന്‍ വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു റാസ ഈ സെഞ്ച്വറി പ്രകടനം കാഴ്ച്ചവെച്ചത് എന്നതാണ് ഈ ഇന്നിംഗ്‌സിനെ ഗില്ലിനേക്കാള്‍ മൂല്യമേറിയത് ആക്കുന്നത്.

കൂടാതെ രണ്ടു ടീമുകളും തമ്മിലുള്ള നിലവാരത്തിന്റെ അന്തരം കൂടി പരിഗണിക്കുമ്പോള്‍ സിക്കന്ദര്‍ റാസയുടെ സെഞ്ച്വറി തങ്കലിപികളില്‍ രേഖപ്പെടുത്തണം. മൂന്ന് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 12 ഓവറില്‍ 115 റണ്‍സെന്ന ഏറെക്കുറെ അസാധ്യമായ ലക്ഷ്യം മുന്നില്‍ നില്‍ക്കുമ്പോഴാണ് റാസ ബാറ്റിംഗ് ഗിയര്‍ ചേഞ്ച് ചെയ്യുന്നത്. ഒരു റണ്‍ ചേസ് തീര്‍ത്തും ക്ലിനിക്കലായി സാധിച്ചെടുക്കുന്നതിനു തൊട്ടടുത്തെത്തിയ ശേഷം റാസ വീഴുന്നത് ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചിലായെന്നത് മറ്റൊരു യാദൃച്ഛികമായി.

കഴിഞ്ഞ കുറെ മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ റാസ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നല്‍കി വരുന്നുണ്ടെങ്കിലും താരതമ്യേന ദുര്‍ബലരായ ബൗളിംഗ് നിരകളെന്ന ഘടകമാണ് അയാളെ ലൈം ലൈറ്റിലേക്ക് കയറ്റി നിര്‍ത്താതിരുന്നത്. എന്നാല്‍ ഇന്നൊരു മികച്ച ബൗളിംഗ് നിരക്കെതിരെ, ഒരു ടഫ് റണ്‍ ചെസില്‍ കളിച്ച ഈ മികച്ച ഇന്നിംഗ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ടോപ് ടീമുകള്‍ക്ക് പുറത്ത് സമ്മര്‍ദ്ദങ്ങളെ മനോഹരമായി നേരിടുന്ന മികച്ച ബാറ്റ്സ്മാന്മാര്‍ ഉണ്ടെന്നത് കാട്ടിത്തന്നു.

കഴിഞ്ഞ ഒരു ദശകമായി സിംബാബ്വെ ബാറ്റിംഗ് നിരയുടെ നട്ടെല്ലാണ് സിക്കന്ദര്‍ റാസയും സീന്‍ വില്യംസും. സിംബാബ്വെ നിരയിലെ ഏറ്റവും പരിചയ സമ്പന്നരായ ബാറ്റര്‍മാരും ഇവരാണ്. സിംബാബ്വെ കുപ്പായത്തില്‍ 120 ഏകദിനങ്ങളില്‍ കളിച്ച റാസ ആകെ നേടിയ ആറ് സെഞ്ചുറികളില്‍ മൂന്നും ഒരു മാസത്തിനിടെ ആയിരുന്നു എന്ന പ്രത്യേകയുണ്ട്. തൊട്ടുമുമ്പ് ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയിലാണ് റാസ രണ്ട് സെഞ്ച്വറി നേടിയത്. ആ പര്യടനത്തില്‍ ഏകദിന, ടി20 പരമ്പരയും സ്വന്തമാക്കിയത് സിംബാബ് വെയായിരുന്നു.

കടപ്പാട്: സംഗീത് ശേഖര്‍

You Might Also Like