എനിക്ക് മാഡ്രിഡിലെ അലക്സ്‌ ഫെർഗുസനാവാൻ കഴിയില്ല, റയൽ മാഡ്രിഡിലെ നിലനിൽപിനെക്കുറിച്ച് സിദാൻ

ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാകുമായുള്ള നിർണായക ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ മികച്ച വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിനു സാധിച്ചതിന്റെ ആശ്വാസത്തിലാണ് പരിശീലകനായ സിനദിൻ സിദാൻ. തോൽവി പിണഞ്ഞിരുന്നുവെങ്കിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാവാതെ യൂറോപ്പ ലീഗിലേക്ക് റയൽ മാഡ്രിഡ്‌ തഴയപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുമായിരുന്നു.

എന്തായാലും വിജയത്തിളക്കത്തിൽ തന്റെ ടീമിന്റെ മനോഭാവത്തെ മത്സരശേഷം സിദാൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു. മത്സരശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ അലക്സ്‌ ഫെർഗുസനോട് താരതമ്യം ചെയ്ത മാധ്യമപ്രവത്തകനോട് താൻ ഒരിക്കലും മാഡ്രിഡിന്റെ അലക്സ്‌ ഫെർഗുസൻ ആവില്ലെന്നു വ്യക്തമാക്കിയിരുന്നു. റയൽ മാഡ്രിഡിലെ തന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സിദാൻ വ്യക്തമാക്കി.

” ഞാൻ ഒരിക്കലും റയൽ മാഡ്രിഡിന്റെ അലക്സ്‌ ഫെർഗുസൻ ആവാൻ പോകുന്നില്ല. ഞാനിത് ആസ്വദിക്കുകയാണ്. എത്ര കാലം ഞാൻ ഇവിടെ ഉണ്ടാവുമെന്ന് എനിക്കറിയില്ല. ഇവിടെ തുടരുന്ന ഞാൻ എത്ര ഭാഗ്യവാനാണെന്നാണ് ഞാൻ ചിന്തിക്കുന്നത്. അതു എത്ര കാലമുണ്ടാവുമെന്നാണ് എനിക്കറിയില്ല. മാഡ്രിഡിൽ ഇനിയും കുറേ വർഷങ്ങൾ എനിക്ക് ബാക്കിയുണ്ട്. ഞാൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നു. ” സിദാൻ പറഞ്ഞു.

1986ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ശേഷം 26 വർഷം ക്ലബ്ബിൽ തുടരാൻ അലക്സ്‌ ഫെർഗുസനു സാധിച്ചിരുന്നു. ആ കാലയളവിൽ 38 ട്രോഫികളും യുണൈറ്റഡിനു നേടിക്കൊടുക്കാൻ ഫെർഗുസനു സാധിച്ചിരുന്നു. മാഡ്രിഡിനായി ഹാട്രിക് ചാമ്പ്യൻസ്‌ലീഗ് കിരീടം നേടിക്കൊടുത്ത സിദാന്റെ റയൽ മാഡ്രിഡിലെ നിലവിലെ അവസ്ഥ അത്ര മികച്ചതല്ല. ഫെർഗുസനു നൽകിയ സമയം മാഡ്രിഡിൽ തനിക്കു കിട്ടില്ലെന്ന്‌ സിദാൻ ഉറച്ചു വിശ്വസിക്കുന്നു.

You Might Also Like