ബേലിനെ ടീമിൽ നിന്നും ഒഴിവാക്കിയത് താനല്ലെന്ന് സിദാൻ

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിനുള്ള റയൽ മാഡ്രിഡ് ടീമിൽ നിന്നും ഗരത് ബേലിനെ താൻ മനപൂർവ്വം ഒഴിവാക്കിയതല്ലെന്നും ബേലിനു താൽപര്യമില്ലാത്തതു കൊണ്ട് ടീമിൽ നിന്നും പുറത്തു പോയതാണെന്നും വ്യക്തമാക്കി സിനദിൻ സിദാൻ. മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിലാണ് വെയിൽസ് താരത്തെ ടീമിൽ നിന്നും തഴഞ്ഞതിന്റെ കാരണം ഫ്രഞ്ച് പരിശീലകൻ വ്യക്തമാക്കിയത്.

“ബേൽ ഇപ്പോഴും റയൽ മാഡ്രിഡിന്റെ കളിക്കാരനാണ്. ഞാനതിനെ ബഹുമാനിക്കുന്നു. ഒരു പരിശീലകനും കളിക്കാരനും എന്ന നിലയിൽ വളരെ നല്ല ബന്ധം തന്നെയാണ് ഞങ്ങൾ തമ്മിലുള്ളത്. ഞങ്ങൾ തമ്മിലുണ്ടായ സംഭാഷണത്തിൽ മത്സരത്തിൽ കളിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതു മാത്രമേ നിങ്ങളോടു വെളിപ്പെടുത്താൻ നിർവാഹമുള്ളൂ. ബാക്കി ഞങ്ങൾ തമ്മിലുണ്ടായ കാര്യങ്ങളാണ്.” സിദാൻ വ്യക്തമാക്കി.

മത്സരത്തിൽ ഹസാർഡ് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും ഹസാർഡ് പറഞ്ഞു. “ലീഗിന്റെ അവസാനം ഹസാർഡിനു പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഫിറ്റ്നസും ആത്മവിശ്വാസവും വീണ്ടെടുത്തു എന്നാണു ഞാൻ കരുതുന്നത്. എന്നാൽ രണ്ടു മൂന്നു ദിവസത്തിനിടയിൽ മത്സരങ്ങൾ കളിക്കുന്നത് ഹസാർഡിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”

മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരം റയലിന് അതി നിർണായകമാണ്. ആദ്യ പാദത്തിൽ വിജയിച്ച സിറ്റി മുന്നേറിയാൽ പരിശീലകനെന്ന നിലയിൽ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ആദ്യമായും സിദാൻ പുറത്താകുന്നത്. എന്നാൽ ലാലിഗ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ ഇറങ്ങുന്നത്.

You Might Also Like