മെസിയെ ആവശ്യമുണ്ട്, ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ സിദാന്റെ പ്രതികരണം

Image 3
FeaturedFootball

ബാഴ്സലോണ നായകൻ മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തെ ലാലിഗക്ക് ആവശ്യമുണ്ടെന്ന് റയൽ പരിശീലകൻ സിദാന്റെ പ്രതികരണം. ബാഴ്സലോണ നേതൃത്വവുമായി പ്രശ്നത്തിലുള്ള മെസി കരാർ പുതുക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ടീം വിടാൻ ഒരുങ്ങുകയാണെന്ന് സ്പാനിഷ് മാധ്യമമായ കദേന എസ്ഇആർ റിപ്പോർട്ടു ചെയ്തതിനെ കുറിച്ചു ചോദിച്ചപ്പോഴാണ് സിദാൻ മറുപടി പറഞ്ഞത്.

“എന്താണു സംഭവിക്കുകയെന്ന് എനിക്കു പറയാൻ കഴിയില്ലെങ്കിലും അതു സംഭവിക്കില്ലെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. മെസി ലാലിഗയിലുള്ള താരമാണ്. ഏറ്റവും മികച്ച താരങ്ങളെ ഈ ലീഗിന് ആവശ്യമുണ്ട്.” ഇന്നലെ ഗെറ്റാഫക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ സിദാൻ പറഞ്ഞു.

ബാഴ്സ പരിശീലകൻ സെറ്റിയനുമായുള്ള പ്രശ്നങ്ങളും ക്ലബ് നേതൃത്വത്തിനെതിരായ എതിർപ്പുമാണ് മെസിയെ ടീം വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന കാര്യങ്ങൾ. സെറ്റിയന്റെ ശൈലിയോടു താൽപര്യമില്ലാത്തതും ബാഴ്സ നേതൃത്വത്തിന്റെ ഭാവനാശൂന്യമായ ട്രാൻസ്ഫർ പോളിസികളും മെസിക്ക് ടീമിൽ തുടരാനുള്ള താൽപര്യം ഇല്ലാതാക്കുന്നു.

സെറ്റിയനെ പുറത്താക്കി പുതിയ പരിശീലകനെ നിയമിക്കുന്ന കാര്യത്തിലും മെസിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂമാനെയാണ് ബാഴ്സ നേതൃത്വം പ്രധാനമായി പരിഗണിക്കുന്നതെങ്കിലും മെസിക്കു താൽപര്യം ഗാർഡിയോള, സാവി എന്നിവരിൽ ഒരാളെയാണ്.