കിരീടങ്ങളുടെ തോഴൻ സിദാൻ പടിയിറങ്ങി, പുതിയ പരിശീലകരിൽ കണ്ണു വെച്ച് റയൽ മാഡ്രിഡ്‌

റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നും സിനദിൻ സിദാൻ രാജിവെച്ചൊഴിഞ്ഞതായി റയൽ മാഡ്രിഡ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റയലിന്റെ ഒഫീഷ്യൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ഫുട്ബോൾ ആരാധകർക്കു മുൻപിൽ വ്യക്തമാക്കിയിരിക്കുന്നത്.

റയലിൽ 2022 വരെയുള്ള കരാർ പൂർത്തിയാക്കാൻ തന്നെയാണ് റയൽ മാഡ്രിഡും ആഗ്രഹിച്ചതെങ്കിലും ഒരു തീരുമാനത്തിലെത്താൻ സിദാൻ സമയം ചോദിക്കുകയായിരുന്നു. ഒടുവിൽ സിദാൻ ക്ലബ്ബ് വിടുകയാണെന്നുള്ള തീരുമാനം റയലിനെ അറിയിക്കുകയായിരുന്നു.

റയലിനായി ഈ സീസണിൽ കിരീടംങ്ങളൊന്നും നേടാനാവാതെയാണ്‌ സിദാൻ പടിയിറങ്ങുന്നത്. സിദാന്റെ കരിയറിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു കിരീടംവരൾച്ച ഉണ്ടാവുന്നത്. റയലിലെ പ്രമുഖതാരങ്ങൾ ക്ലബ്ബ് വിടുന്നതും ഒരു മാറ്റം ആവശ്യമാണെന്ന ബോധവുമായിരിക്കാം സിദാന്റെ ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് അനുമാനം.

പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട്‌ ചെയ്തത്. സിദാൻ അരങ്ങൊഴിയുന്നതോടെ പകരക്കാരായി രണ്ടു പരിശീലകരെയാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. മുൻ യുവന്റസ് പരിശീലകനായ മാക്സിമിലിയാനോ അല്ലെഗ്രിയെയും നിലവിലെ റയൽ കാസ്റ്റിയ്യ പരിശീലകനായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഇതിഹാസം റൗൾ ഗോൺസാലസിനെയുമാണ് റയൽ പരിഗണിക്കുന്നത്. ഇവരിൽ ആരാവുമെന്ന് ഉടൻ പ്രഖ്യാപനം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like