റാമോസിന് എന്ത് സംഭവിക്കും?, വെളിപ്പെടുത്തലുമായി സിദാന്‍

Image 3
Champions LeagueFeaturedFootball

ഇന്ററുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ വിജയം കൈപ്പിടിയിലൊതുക്കിയത്. ഇന്ററിനായി മാർട്ടിനെസും പെരിസിച്ചും ഗോൾ നേടിയപ്പോൾ റയലിനായി ബെൻസിമയും സെർജിയോ റാമോസും റോഡ്രിഗോയുമാണ് ഗോൾ വലകുലുക്കിയത്. ഇന്ററിനെതിരെ ഗോൾ നേടാനായതോടെ മറ്റൊരു നേട്ടം കൂടി ക്യാപ്റ്റൻ സെർജിയോ റാമോസിന് സ്വന്തമായിരിക്കുകയാണ്.

റയൽ മാഡ്രിഡിനായി 100 ഗോൾ നേടുന്ന താരമായി മാറാൻ ഇതോടെ സെർജിയോ റാമോസിന് സാധിച്ചിരിക്കുകയാണ്. ടോണി ക്രൂസ് എടുത്ത കോർണർ കിക്ക് കിടിലൻ ഹെഡറിലൂടെ ഗോൾ വലയിലേക്ക് തിരിച്ചു വിട്ടാണ് റാമോസ് പുതിയ നാഴികകല്ലിന് ഒപ്പമെത്തിയിരിക്കുന്നത്. സെവിയ്യയിൽ നിന്നും 2005ലാണ് റാമോസ് റയൽ മാഡ്രിഡിലെത്തുന്നത്. അതിനു ശേഷം റയലിനൊപ്പം നാലു ചാമ്പ്യൻസ്‌ലീഗും അഞ്ചു ലാലിഗയുമടക്കം 22 കിരീടങ്ങൾ നേടാൻ റാമോസിന് സാധിച്ചിട്ടുണ്ട്.

ഈ സീസണവസാനം കരാർ അവസാനിക്കാനിരിക്കുന്ന റാമോസുമായി ഇതു വരെയും കരാറിലെത്തിയിട്ടില്ലെന്നതും മറ്റൊരു വസ്തുതയാണ്. എന്നാൽ അധികം വൈകാതെ തന്നെ അതു സംഭവിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് പരിശീലകനായ സിനദിൻ സിദാൻ. റയലിനൊപ്പം എല്ലാ കാലവും രമോസുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസവും സിടാൻ പങ്കുവെച്ചു.

“മികച്ചതാരമാണ് അവനെന്നു ഞങ്ങൾക്കറിയാം. അവൻ ഞങ്ങളുടെ ക്യാപ്റ്റനാണ്, നേതാവാണ്. തീർച്ചയായും അവൻ ഞങ്ങൾക്കൊപ്പം എല്ലാകാലവും വേണം. അതാണ് അവൻ എപ്പോഴും ചെയ്യുന്നത്. അത് കാണിച്ചു തരാനുള്ള അഭിനിനിവേശം അവനിൽ എപ്പോഴും പ്രകടമാണ്. അതുകൊണ്ടു തന്നെ അവൻ ഇവിടെ തന്നെ തുടരുമെന്നും ചരിത്രം തിരുത്തിക്കുറിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല.”സിദാൻ വ്യക്തമാക്കി.