ഏതു കൊടുങ്കാറ്റിനു ശേഷവും സൂര്യൻ ഉദിച്ചു പൊങ്ങും, റയൽ മാഡ്രിഡിനെക്കുറിച്ച് സിദാൻ പറയുന്നു

ഈ സീസണിലെ റയൽ മാഡ്രിഡിന്റെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും ഭാവിയിൽ റയൽ മാഡ്രിഡ്‌ തങ്ങളുടെ താളം കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് പരിശീലകനായ സിദാൻ. തുടക്കത്തിലേ ഈ താളപ്പിഴകളെ താൻ കാര്യമായിട്ടെടുക്കുന്നില്ലെന്നും സിദാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്നു നടക്കാനിരിക്കുന്ന അലാവസുമായുള്ള ലാലിഗ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സിദാനും സംഘവും.

ചാമ്പ്യൻസ്‌ലീഗിൽ ഗ്രൂപ്പ്‌ ഘട്ടത്തിന്റെ തുടക്കത്തിൽ പതറിപ്പോയെങ്കിലും ഗ്രൂപ്പിലെ ശക്തരായ ഇന്റർമിലാനോട് നേടിയ രണ്ടു വിജയങ്ങൾ റയൽ മാഡ്രിഡിനു ഗ്രൂപ്പിൽ നിലനിൽപുണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ ലാലിഗയിൽ നാലാംസ്ഥാനത്താണ് റയൽ മാഡ്രിഡിന്റെ സ്ഥാനമെന്നത് വേവലാതിപ്പെടുത്തുന്നുണ്ട്. എങ്കിലും സിദാൻ എപ്പോഴും ശാന്തനായാണ് എല്ലാ പ്രതിബന്ധങ്ങളെയും നേരിടുന്നത്. ആ പോസിറ്റീവ് സമീപനം പത്രസമ്മേളനത്തിലും നമുക്ക് കാണാൻ സാധിക്കും.

” നിങ്ങൾ നിങ്ങളുടെ ജോലിയിൽ എപ്പോഴും വിശ്വാസ്യത വച്ചു പുലർത്തേണ്ടതുണ്ട്. അതിൽ തന്നെയാണ് താരങ്ങളും വിശ്വാസം പുലർത്തുന്നത്. ഞാൻ വളരെയധികം പോസിറ്റീവ് ആണ്. ഞാനിപ്പോൾ സവിശേഷമായ ഒരു സ്ഥാനത്താനുള്ളത്. അവസാനം എല്ലാ കൊടുംകാറ്റിനു ശേഷവും സൂര്യൻ മറനീക്കി പുറത്തു വരികതന്നെ ചെയ്യും.”

“അതാണ് ജീവിതം. ഞങ്ങളുടെ ഈ നിലവാരം വെച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് നല്ല ഫലങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഞങ്ങൾക്ക് ഇനിയും പോവുന്ന വഴിയിൽ പ്രതിബന്ധങ്ങളുണ്ടാവാൻ ഇടയുണ്ട്. എന്നാൽ അതെല്ലാം മറികടന്നു മുന്നേറേണ്ടതുണ്ട്.” സിദാൻ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

You Might Also Like