സെവിയ്യയുമായി സമനിലക്കുരുക്ക്, വിവാദപെനാൽറ്റിയിൽ പൊട്ടിത്തെറിച്ച് സിദാൻ

Image 3
FeaturedFootballLa Liga

സെവിയ്യയുമായി സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. സെവിയ്യ നേടിയ രണ്ടു ഗോളുകൾക്ക് അസെൻസിയോയും ക്രൂസും ഗോളിലൂടെ മറുപടി നൽകിയെങ്കിലും ലാലിഗയിൽ ഒന്നാമത്തേതാനുള്ള സുവർണാവസരം റയൽ മാഡ്രിഡ്‌ പാഴാക്കുകയായിരുന്നു.

മത്സരത്തിൽ സെവിയ്യയുടെ രണ്ടാം ഗോളിനു കാരണമായ വിവാദമായ റഫറിയുടെ പെനാൽറ്റി വിധിക്കെതിരെയും വലിയ വിമർശനങ്ങളാണ് ഉയർന്നു വന്നത്. മത്സരശേഷം റയൽ പരിശീലകൻ സിദാനും റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചു. സാധാരണ റഫറിയുടെ വിവാദതീരുമാനങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാത്ത സിദാൻ ഇത്തവണ രോഷാകുലനായാണ് വിമർശനമുന്നയിച്ചത്.

പെനാൽറ്റി ബോക്സിൽ ബെൻസിമയെ വീഴ്ത്തിയതിനു പെനാൽറ്റി ചെക്ക് നടത്തിയപ്പോൾ അതിന് മുൻപ് റയൽ മാഡ്രിഡ്‌ പെനാൽറ്റി ബോക്സിൽ വെച്ചു റയൽ പ്രതിരോധതാരം എഡർ മിലിറ്റാവോയുടെ ഹാൻഡ്ബോൾ പരിഗണിച്ച് സെവിയ്യക്ക് പെനാൽറ്റി വിധിക്കുകയായിരുന്നു. ഈ വിവാദ തീരുമാനത്തിനെതിരെയാണ്‌ സിദാൻ തുറന്നടിച്ചത്.

“എനിക്കു ഹാൻഡ് ബോൾ കൊടുത്തത് എന്തിനാണെന്ന് മനസിലായില്ല. അവിടെ മിലിറ്റാവോയുടെ ഹാൻഡ് ബോൾ ആണെങ്കിൽ അപ്പുറത്തു സെവിയ്യയുടേതും ഹാൻഡ് ബോൾ തന്നെയല്ലേ. കാരണമായി റഫറി പറഞ്ഞത് എനിക്കു ഒട്ടും ബോധിച്ചിട്ടില്ല. എങ്കിലും അയാൾ തന്നെയാണ് വിസിൽ വിളിക്കുന്നത്. ഞാൻ ഇതിനെക്കുറിച്ചിങ്ങനെ സംസാരിക്കാത്ത വ്യക്തിയാണ്‌. പക്ഷെ ഇന്നു ഞാൻ അസ്വസ്ഥനാണ്. അവർ എനിക്കു ഹാൻഡ് ബോൾ നിയമങ്ങൾ വിശദീകരിക്കണം. മിലിറ്റാവോയുടേത് ഹാൻഡ് ബോളെങ്കിൽ അപ്പുറത്തു സെവിയ്യയുടേതും അതു തന്നെയാണ്. അതാണ് യഥാർത്ഥ്യം. ” സിദാൻ പറഞ്ഞു.