സിറ്റിയെ നേരിടുമ്പോൾ സിദാനു തലവേദനയായി നാലു പൊസിഷനുകൾ

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ഒരുങ്ങുകയാണ് റയൽ മാഡ്രിഡ്. പിന്നിൽ നിന്നും കുതിച്ചെത്തി ലാലിഗ കിരീടം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിലും സിറ്റിക്കെതിരെ വിജയിക്കാൻ അതൊന്നും പോരെന്നതു വ്യക്തമാണ്. നായകൻ റാമോസ് കളിക്കില്ലെന്നത് റയലിന്റെ തിരിച്ചടി വർദ്ധിപ്പിക്കുന്നു. അതിനു പുറമേ ടീമിന്റെ നാലു പൊസിഷനുകളിൽ ആരെ കളിപ്പിക്കുമെന്നതു സിദാന്റെ തലവേദന വർദ്ധിപ്പിക്കുന്നു.

ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മെൻഡി, മാഴ്സലോ എന്നിവരിൽ ആരെ കളിപ്പിക്കുമെന്നതാണ് സിദാന്റെ ഒരാശങ്ക. മെൻഡി മികച്ച ഫോമിൽ സീസൺ പൂർത്തിയാക്കിയെങ്കിലും പരിക്കുമാറി തിരിച്ചെത്തിയ മാഴ്സലോ ആക്രമണത്തിൽ കൂടുതൽ ഗുണം ചെയ്യും. അതേ സമയം സിറ്റിയുടെ ആക്രമണനിരയെ തടയാൻ മെൻഡിയാണു കൂടുതൽ ഗുണം ചെയ്യുക.

4-4-2 പൊസിഷനിലാണു കളിക്കുന്നതെങ്കിൽ മധ്യനിരയിൽ ക്രൂസ്, കസമീറോ, മോഡ്രിച്ച് എന്നിവർക്കൊപ്പം ഒരു മധ്യനിര താരം കൂടി റയലിന് ആവശ്യമുണ്ട്. ആ പൊസിഷനിൽ വാൽവെർദെ, ഇസ്കോ എന്നിവരിൽ ആരു വേണമെന്നതും സിദാന്റെ ടെൻഷനാണ്. വാൽവെർദെ പ്രതിരോധത്തിൽ മികവു കാണിക്കുമെങ്കിലും സിറ്റി പ്രതിരോധത്തെ പൊളിക്കാൻ ഇസ്കോക്കാണു കഴിവു കൂടുതൽ.

മുന്നേറ്റ നിരയിലെ ഇരു വിങ്ങുകളുമാണ് സിദാന്റെ മറ്റൊരു ആശങ്ക. വിനീഷ്യസ്, ഹസാർഡ് എന്നിവരിൽ ആരെ കളിപ്പിക്കണമെന്നതും റോഡ്രിഗോ, അസെൻസിയോ എന്നിവരിൽ ആരെ കളത്തിലിറക്കുമെന്നതും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്. പരിക്കു മാറി തിരിച്ചെത്തിയ അസെൻസിയോ ടീമിലുണ്ടാകാൻ സാധ്യത കൂടുതലാണ്.

You Might Also Like