ലാലിഗയിൽ ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കിയുണ്ട്, കിരീടം നേടാനാവുമെന്നു സിദാൻ

Image 3
FeaturedFootballLa Liga

റയൽ ബെറ്റിസിനെതിരെ വിരസമായ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നതോടെ ലാലിഗ വമ്പന്മാരായ റയൽ മാഡ്രിഡിന്റെ കിരീടമോഹങ്ങൾക്ക് ചെറിയ മങ്ങലേറ്റിരിക്കുകയാണ്. 33 മത്സരങ്ങളിൽ നിന്നായി 71 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും മൂന്നാം സ്ഥാനത്തുള്ള ബാഴ്സക്ക് മുപ്പത്തിമൂന്നാമത്തെ മത്സരത്തിൽ ജയിച്ചാൽ റയലിനെ മറികടക്കാനായേക്കും.

തുടർച്ചയായ രണ്ടു സമനിലകൾ മാഡ്രിഡിനെ പിറകോട്ടടിച്ചെങ്കിലും ഇനിയും പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നാണ് റയൽ പരിശീലകനായ സിനദിൻ സിദാൻ വ്യക്തമാക്കുന്നത്. ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും ലാലിഗ നേടാനാവുമെന്നും അദ്ദേഹം പറഞ്ഞു. സമനിലയ്ക്കു ശേഷം നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങൾക്ക് രണ്ടു പോയിന്റ് നഷ്ടമായി. ഞങ്ങൾ പ്രതിരോധപരമായി മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. പക്ഷെ അക്രമണത്തിൽ ഞങ്ങൾക്ക്‌ വലിയ കുറവുകൾ ഉള്ളതായി കാണാൻ സാധിച്ചു. ഞങ്ങൾക്ക് പന്ത് ധാരാളമായി നഷ്ടപ്പെട്ടു. മുന്നേറ്റത്തിൽ എന്തോ പാകപ്പിഴവുകളുണ്ടായി. ”

“ഈ രണ്ടു പോയിന്റ് നഷ്ടത്തിൽ നിന്നും ഞങ്ങൾക്ക് തിരിച്ചുവരേണ്ടതുണ്ട്. ഞങ്ങൾക്ക് ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കിയുണ്ട്. ലാലിഗ ഇന്ന്‌ അവസാനിക്കുമെങ്കിൽ ഞങ്ങൾ തോറ്റുപോവുമായിരുന്നു. പക്ഷെ ലാലിഗ ഇതോടെ അവസാനിക്കുന്നില്ല. ഇനിയും അഞ്ചു മത്സരങ്ങൾ ബാക്കിയുണ്ട്. പോരാട്ടത്തിൽ ഞങ്ങളെപ്പോലെ മറ്റുള്ളവർക്കും മികച്ച രീതിയിൽ കളിക്കേണ്ടതുണ്ട്.” സിദാൻ പറഞ്ഞു.