ബെയ്‌ലും റോഡ്രിഗസും പുറത്ത്, ചാമ്പ്യൻസ് ലീഗ് സ്‌ക്വാഡ് പ്രഖ്യാപിച്ച് സിദാൻ

ഓഗസ്റ്റ് 8നു നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദമത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ്‌. കൂടാതെ മത്സരത്തിനായുള്ള തങ്ങളുടെ ഇരുപത്തിനാലംഗ സ്‌ക്വാഡ് പുറത്ത് വിട്ടിരിക്കുകയാണ് സിനദിൻ സിദാൻ. സൂപ്പർ താരങ്ങളായ ഗാരെത് ബെയ്‌ലിനെയും ജെയിംസ് റോഡ്രിഗസിനെയും ഒഴിവാക്കിയാണ് സിദാൻ സ്‌ക്വാഡ് പുറത്തുവിട്ടിരിക്കുന്നത്.

ഗാരെത് ബെയ്‌ലിന്റെ ക്ലബ്ബിനോടുള്ള സമീപനം അടുത്തിടെ വൻവിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. എങ്കിലും താരം കരാർ തീരും വരെ റയലിൽ തന്നെ തുടരുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്.

അതേസമയം റെഡ് കാർഡ് കണ്ടു സസ്പെൻഷനിലായിട്ട് പോലും സെർജിയോ റാമോസിനെ സിദാൻ കൂടെകൂട്ടിയിട്ടുണ്ട്. ചെറിയ തോതിൽ പരിക്കുകൾ അലട്ടുന്ന ഈഡൻ ഹസാർഡിനെയും സ്‌ക്വാഡിൽ സ്ഥാനം നൽകിയിട്ടുണ്ട്.

ആദ്യപാദത്തിൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റിയോട് റയൽ തോറ്റിരുന്നു. അതിനാൽ തന്നെ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം മാത്രമാണ് റയലിന് മുന്നിലുള്ള പോംവഴി. എന്നിരുന്നാലും പരിചയസമ്പന്നനായ നായകൻ സെർജിയോ റാമോസിന്റെ അഭാവം റയലിന് വൻ തിരിച്ചടിയാവുമെന്നു തീർച്ചയാണ്.

റയൽ മാഡ്രിഡ്‌ സ്‌ക്വാഡ് ഇങ്ങനെയാണ്: ഗോൾകീപ്പർമാർ: തിബോട് കോർട്‌വ, അൽഫോൻസ് അരിയോള, ഡീഗോ ആൽറ്റൂഡ്. പ്രതിരോധം: കർവഹാൾ, മിലിറ്റാവോ, റാമോസ്, നാച്ചോ, മാഴ്‌സെലോ, മെന്റി, ജാവി ഹെർണാണ്ടസ്. മധ്യനിര: ടോണി ക്രൂസ്, ലൂക്ക മോഡ്രിച്, കാസെമിരോ,ഫെഡെ വാൽവെർദേ, ഇസ്കോ. മുന്നേറ്റനിര: ഹസാർഡ്, ബെൻസിമ, വാസ്‌കസ്, ജോവിച്ച്, അസെൻസിയോ, ബ്രാഹിം ഡയസ്, വിനീഷ്യസ്, റോഡ്രിഗോ

 

You Might Also Like