വിപരീത തീരുമാനങ്ങളുമായി ഗാർഡിയോളയും സിദാനും, തിരിച്ചടിയാവുക ആർക്ക്

Image 3
Champions LeagueEPLFeaturedFootball

നിർണായകമായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ വിപരീത തീരുമാനങ്ങളെടുത്ത് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയും റയൽ പരിശീലകൻ സിനദിൻ സിദാനും. ലീഗ് അവസാനിച്ചാലും തന്റെ കളിക്കാർക്ക് വിശ്രമം നൽകില്ലെന്ന് ഗാർഡിയോള പ്രഖ്യാപിച്ചപ്പോൾ സിദാൻ നേരെ തിരിച്ചാണു തീരുമാനമെടുത്തിരിക്കുന്നത്.

“വാട്ഫോഡിനെതിരായ മത്സരത്തിനു ശേഷം രണ്ടു ദിവസത്തെ അവധി നേരത്തെ തീരുമാനിച്ചതാണ്. എന്നാൽ അതിനു ശേഷം രണ്ടാഴ്ച പരിശീലന സെഷൻ ഉണ്ടായിരിക്കും. അവസാന മത്സരങ്ങളിൽ ചില മാറ്റങ്ങൾ ടീമിൽ വരുത്താൻ ഞാൻ ഒരുങ്ങുകയാണ്. എല്ലാവരെയും കളിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.” ഗാർഡിയോള പറഞ്ഞു.

ഇനി വാട്ഫോഡ്, നോർവിച്ച് സിറ്റി എന്നിവർക്കെതിരായ പ്രീമിയർ ലീഗ് മത്സരങ്ങൾ സിറ്റിക്കു ബാക്കിയുണ്ട്. ആഴ്സനലിനെതിരായ എഫ്എ കപ്പ് സെമി ഫൈനലിലെ തോൽവിയാണ് സിറ്റി പരിശീലകന്റെ കടുത്ത തീരുമാനത്തിനു പിന്നിലെ കാരണമെന്നു തന്നെ കരുതണം. മത്സരത്തിനു ശേഷം റയൽ മാഡ്രിഡിനെ കുറിച്ച് ഗാർഡിയോള മുന്നറിയിപ്പും നൽകിയിരുന്നു.

അതേ സമയം ലാലിഗ കിരീടം നേടിയ റയൽ ടീമിന് സിറ്റിയേക്കാൾ ദിവസങ്ങൾ ചാമ്പ്യൻസ് ലീഗിനു തയ്യാറെടുക്കാൻ ബാക്കിയുണ്ട്. ഫുട്ബോളിൽ നിന്നും താൽക്കാലികമായി ശ്രദ്ധ വിടാനാണ് ഈ കുറച്ചു ദിവസം ഒഴിവു നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ പാദം തോറ്റ റയലിന് അതി നിർണായകമാണ് രണ്ടാം പാദ മത്സരം.