എല്ലാ പ്രശ്നങ്ങൾക്കും ഞാൻ തന്നെ പരിഹാരമുണ്ടാക്കും, ചാമ്പ്യൻസ്‌ലീഗ് തോൽവിക്കു ശേഷം സിദാൻ പറയുന്നു

ഇത്തവണത്തെ ചാമ്പ്യൻസ്‌ലീഗിലെ ആദ്യ ഗ്രൂപ്പ്‌ ഘട്ടമത്സരത്തിൽ അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഉക്രെനിയൻ ക്ലബ്ബായ ഷാക്തർ ഡൊണെസ്കിനെതിരെയാണ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ്‌ തോൽവി രുചിച്ചത്. ഇതോടെ തുടർച്ചയായ രണ്ടാം തോൽവിയാണു സിദാന്റെ റയൽ മാഡ്രിഡിനു സംഭവിച്ചിരിക്കുന്നത്.

ഇതിനു മുൻപ് ലാലിഗയിൽ സ്ഥാനക്കയറ്റം കിട്ടി വന്ന കാഡിസ് എഫ്‌സിയോടാണ് റയൽ മാഡ്രിഡ്‌ തോൽവിയറിഞ്ഞത്. ചാമ്പ്യൻസ് ലീഗിൽ തോൽവിയറിഞ്ഞ അതേ സ്റ്റേഡിയത്തിൽ തന്നെയാണ് സിദാന്റെ ടീം ലാലിഗയിലും തോൽവിയറിഞ്ഞത്. സ്റ്റേഡിയം നവീകരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ സാന്റിയാഗോ ബെർണാബ്യുവിനു പകരം ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു രണ്ടു ഹോം മത്സരങ്ങളും നടന്നത്. എന്നാൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാവുമെന്നാണ് സിദാൻ പ്രതീക്ഷിക്കുന്നത്.

” എനിക്കിതെല്ലാം ശരിയാക്കാനാവും. അതാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കളിക്കാരും അതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നങ്ങൾക്കൊരു പ്രതിവിധിയാണ് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അധികം വൈകാതെ ഞങ്ങൾ അതു കണ്ടെത്തുക തന്നെ ചെയ്യും. ഇനി ഞങ്ങൾക്ക് ബാർസലോണക്കെതിരായ മത്സരത്തിന് തയ്യാറെടുക്കേണ്ടതുണ്ട്.”

“ഞാനാന്നിതിനു കാരണക്കാരൻ. ആദ്യപകുതി മുതൽ മത്സരം നെഗറ്റീവ് ആയിരുന്നു. എന്തോ ഒന്ന് ഞാൻ നന്നായി ചെയ്തില്ല. ആദ്യ ഗോൾ ഞങ്ങളെ മാറ്റി മറിച്ചു. അതിന് ഞങ്ങൾക്ക് വലിയ വില നൽകേണ്ടി വന്നു. എന്നാൽ മത്സരങ്ങൾ ആരംഭിച്ചിട്ടല്ലേ ഉള്ളൂ. ഞങ്ങൾ പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.” മത്സരശേഷം സിദാൻ സ്പാനിഷ് മാധ്യമമായ മാർക്കയോട് പറഞ്ഞു.

You Might Also Like