ദുഷ്കരമായ ദിനങ്ങളാണ് കടന്നു പോയത്, സെവിയ്യയുമായുള്ള വിജയശേഷം സിദാൻ മനസു തുറക്കുന്നു

ഷാക്തർ ഡോനെസ്കിനെതിരായ ചാമ്പ്യൻസ്‌ലീഗിലെ മോശം പ്രകടനത്തിനു ശേഷം ലാലിഗയിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയെ എതിരില്ലാത്ത ഒരു ഗോളിനു തകർത്തത് സിദാനും സംഘത്തിനും വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനത്തേതും നിർണായകവുമായുള്ള ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായുള്ള മത്സരമാണ്.

അതിനു ശേഷം ലാലിഗയിലേക്ക് തിരിച്ചെത്തുമ്പോൾ മാഡ്രിഡ്‌ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡുമായും റയലിനു മത്സരമുണ്ട്. ഈ രണ്ടു മത്സരങ്ങൾക്കു മുന്നോടിയായുള്ള സെവിയ്യയുമായുള്ള വിജയം സിദാന് സമ്മർദ്ദങ്ങളിൽ നിന്നും ചെറിയ രീതിയിലുള്ള ആശ്വാസം നൽകിയിട്ടുണ്ടെന്നു വേണം കരുതാൻ. മത്സരശേഷം ഇതുവരെ നേരിട്ട ആശങ്കകളെക്കുറിച്ചും സമ്മർദങ്ങളെ കുറിച്ചും സിദാൻ മനസു തുറന്നു.

” ഞങ്ങൾ വളരെയധികം പ്രധാനപ്പെട്ട മൂന്നു പോയിന്റുകളാണ് നേടിയെടുത്തിരിക്കുന്നത്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങളുടെ പ്രകടനം തന്നെയാണ്. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് കുറച്ചു ബുദ്ദിമുട്ടേണ്ടി വന്നെങ്കിലും മത്സരത്തിന്റെ ആദ്യ മിനുട്ടു മുതൽ അവസാനം വരെ ഞങ്ങൾ നന്നായി തന്നെ കളിച്ചു. ഏതു നിമിഷത്തിലും തിരിച്ചു മുറിവേൽപ്പിക്കാൻ സാധിക്കുന്ന ഒരു മികച്ച ടീമിനു മുന്നിൽ ഇത്തരത്തിലൊരു വിജയം ഞങ്ങൾ അർഹിച്ചിരുന്നു.”

” കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വളരെ ദുഷ്കരമായിരുന്നു. പക്ഷെ ഏതു വെല്ലുവിളികളും ഇഷ്ടപ്പെടുന്ന വ്യക്തിത്വമുള്ള ടീമാണിത്. ഇനിവരാനിരിക്കുന്നതിനെ കുറിച്ചു നോക്കുമ്പോൾ ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്. ജയിക്കാനായില്ലെങ്കിൽ വിമർശനങ്ങൾ ഉണ്ടാവുമെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഞങ്ങൾക്ക് പോസിറ്റീവ് ആയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയും സ്ഥിരത നിലനിർത്തേണ്ടതുണ്ട്. ആളുകൾ എന്ത് പറയുന്നുവെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വേവലാതിപ്പെടേണ്ടതില്ല കാരണം അതൊരിക്കലും മാറാൻ പോവുന്നില്ല. “സിദാൻ പറഞ്ഞു

You Might Also Like