ഞാനും ഷര്‍ട്ടൂരിയിരുന്നു, ആരും കാണാത്തതിനാല്‍ രക്ഷപ്പെട്ടു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

Image 3
CricketTeam India

2002ല്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യ ചരിത്രവിജയം നേടിയതിന് പിന്നാലെ നായകന്‍ സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ക്രിക്കറ്റ് ലോകത്ത് പിന്നീട് വലിയ വിവാദമായിരുന്നു. ക്രിക്കറ്റില്‍ അതുവരെ കാണാത്ത കാഴ്ച്ചകള്‍ക്ക് ഗാംഗുലി തുടക്കമിട്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാറ്റം സൂചിപ്പിച്ച കൊണ്ടുളള പ്രതീകമായി മാറി ആ ചിത്രം.

എന്നാല്‍ ആ മത്സരത്തില്‍ താനും ഷര്‍ട്ടൂരി വീശിയിരുന്നതായി അന്ന ടീമിലുണ്ടായ യുവരാജ് പറയുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ തണുപ്പിനെ തുടര്‍ന്ന് ഉള്ളില്‍ ഞാന്‍ വേറെ ഒരു ടീ ഷര്‍ട്ട് ഇട്ടിരുന്നു. ഞാന്‍ കുപ്പായമൂരി വീശിയത് ആരും കണ്ടില്ല. ഇതോടെ ആ വിവാദത്തില്‍ ഞാന്‍ ഉള്‍പ്പെട്ടില്ലെന്നും യുവി പറഞ്ഞു.

അന്ന് കുറച്ചു കൂടി ബുദ്ധി ഉണ്ടായിരുന്നു നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലില്‍ താന്‍ സെഞ്ച്വറി നേടുമായിരുന്നെന്നും യുവി കൂട്ടിചേര്‍ത്തു. 69 റണ്‍സാണ് യുവി അന്ന് സ്‌കോര്‍ ചെയ്തത്. 87 റണ്‍സ് എടുത്ത കൈഫ് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇറങ്ങുന്നതിന് മുന്‍പ് നമ്മള്‍ 10 ഫൈനലുകളില്‍ തോറ്റിരുന്നു. വിദേശത്ത് നമ്മുക്ക് മികച്ച റെക്കോര്‍ഡുമുണ്ടായില്ല. ഞങ്ങള്‍ ടീമില്‍ പുതിയതായിരുന്നു. എന്നാല്‍ ദാദ ഞങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. 325 റണ്‍സ് ഇംഗ്ലണ്ട് മുന്‍പില്‍ വെച്ചപ്പോഴേക്കും ഞങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. നമ്മള്‍ നന്നായാണ് തുടങ്ങിയത്. എന്നാല്‍ സച്ചിന്റെ വിക്കറ്റ് വീണത് നമ്മളെ സമ്മര്‍ദ്ദത്തിലാക്കി. കളി ജയിച്ചത് പോലെയാണ് ഇംഗ്ലണ്ട് താരങ്ങള്‍ സച്ചിന്റെ വിക്കറ്റ് ആഘോഷിച്ചത്.

കളി തീരുന്നതിന് മുന്‍പ് തന്നെ 50 ശതമാനം കാണികളും പോയിരുന്നു. ഇന്ത്യക്കാരാണ് കൂടുതലും പോയത്. കൈഫ് ക്രീസിലേക്ക് എത്തി. നമുക്ക് കളിക്കാം എന്ന് പറഞ്ഞു. വിക്കറ്റിന് ഇടയിലെ ഓട്ടത്തില്‍ ഞങ്ങള്‍ മികവ് കാണിച്ചു. കാരണം അണ്ടര്‍ 19ല്‍ കളിച്ച പരിചയമുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഞാനായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്.

ഞാന്‍ പുറത്തായതിന് ശേഷം കൈഫ് ഉത്തരവാദിത്വം ഏറ്റെടുത്തു. കൈഫിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് ആണ് അത്. അന്ന് എനിക്ക് അതിലും ബുദ്ധി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ അവിടെ സെഞ്ച്വറി നേടിയേനെ എന്നും യുവി പറഞ്ഞു. അന്ന് 63 പന്തില്‍ നിന്നാണ് യുവി 69 റണ്‍സ് നേടിയത്.