ആരു തള്ളിയാലും എന്റെ ലോകകപ്പ് ടീമില്‍ അവനുണ്ടാകും, തുറന്ന് പറഞ്ഞ് യുവരാജ്

Image 3
CricketTeam India

ഇന്ത്യന്‍ ടീമിനായി തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ഹീറോ യുവരാജ് സിംഗ്. സൂര്യകുമാര്‍ ഒരു ഐപിഎല്ലില്‍ കളിക്കുന്ന പോലെയാണ് ഇന്ത്യയ്ക്കായി കളിച്ചതെന്നും തന്റെ ലോകകപ്പ് ടീമില്‍ സൂര്യ ഉണ്ടാകുമെന്നും യുവരാജ് തുറന്ന് പറയുന്നു. ട്വിറ്ററിലൂടെയാണ് യുവരാജിന്റെ പ്രശംസ.

‘ഒരു ഐപിഎല്‍ മത്സരം കളിക്കുന്നപോലെ സൂര്യകുമാര്‍ കളിക്കുന്ന കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.എന്റെ ലോകകപ്പ് ടീമില്‍ തീര്‍ച്ചയായും നീ ഉണ്ടാവും’-എന്നാണ് യുവരാജ് കുറിച്ചത്.

ഇംഗ്ലണ്ടിനെതിരായ നടന്ന നാലാം ടി20 മത്സരത്തില്‍ അരങ്ങേറിയ താരം 31 പന്തുകളില്‍ നിന്ന് 6 ഫോറിന്റെയും 3 സിക്‌സിന്റെയും അകമ്പടിയില്‍ 57 റണ്‍സാണ് അടിച്ചുകൂട്ടിയത്. സൂര്യയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 185 റണ്‍സിന്റെ വിജയലക്ഷ്യം കുറിക്കുകയും മത്സരം 8 റണ്‍സിന് ജയിക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാര്‍ പ്ലേയിങ് 11 ഇടം പിടിച്ചെങ്കിലും കളിക്കാനുള്ള ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മൂന്നാം മത്സരത്തില്‍ തഴയപ്പെട്ട താരം നാലാം മത്സരത്തില്‍ മൂന്നാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്.

നിലവില്‍ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ട് 2-2 തുല്യത പുലര്‍ത്തുകയാണ്. അഞ്ചാം മത്സരത്തിലെ വിജയിയാവും പരമ്പര സ്വന്തമാക്കുക. നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ സ്ഥാനം നിലനിര്‍ത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.