ഓസീസ് സംശയം ഉന്നയിച്ചു, 6 സിക്സ് അടിച്ച ബാറ്റ് പിടിച്ചെടുത്തു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവരാജ്
2007ല്‍ നടന്ന് പ്രഥമ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ കിരിടം നേടിയതോടെ ആരാധകര്‍ മറക്കാനാകാത്ത ഓര്‍മയായി മാറി ആ ടൂര്‍ണമെന്റ്. ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ചത് ഇന്ത്യയ്ക്കായി യുവരാജ് സിംഗ് ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവാര്‍ട്ട് ബ്രോാഡിനെതിരെ ഒരു ഓവറില്‍ ആറു സിക്സ് നേടി യുവരാജ് ഞെട്ടിച്ചിരുന്നു.
ഇതോടെ തന്റെ ബാറ്റിന്റെ കാര്യത്തില്‍ വിവിധ ടീമുകള്‍ക്ക് സംശയങ്ങളുണ്ടായിരുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് വെളിപ്പെടുത്തി. പിന്നീട് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം ഇരട്ടിച്ചതായും ഒടുവില്‍ മാച്ച് റഫറി തന്റെ ബാറ്റ് പരിശോധിച്ചതായും യുവരാജ് സിങ് വെളിപ്പെടുത്തി.
‘അന്ന് ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നില്‍ ഫൈബര്‍ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമപരമാണോയെന്നും മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോ എന്നും അന്വേഷിച്ചു. ഇതോടെ ബാറ്റുകൊണ്ടുപോയി പരിശോധിച്ചുനോക്കാന്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അന്ന് ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗില്‍ക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യന്‍ താരങ്ങളുടെ) ബാറ്റ് നിര്‍മിക്കുന്നതെന്ന് ചോദിച്ചു’ യുവരാജ് വെളിപ്പെടുത്തി.
‘താരങ്ങള്‍ക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചു. സത്യത്തില്‍ എനിക്കേറെ പ്രിയപ്പെട്ട ബാറ്റായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പില്‍ ഉപയോഗിച്ചിരുന്നത്. അതുപോലൊരു ബാറ്റുകൊണ്ട് പിന്നീട് ജീവിതത്തിലൊരിക്കലും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. പിന്നീട് 2011 ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന ബാറ്റും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്’ യുവരാജ് പറഞ്ഞു.
മത്സരത്തില്‍ 12 പന്തുകളില്‍നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി യുവരാജ് അതിവേഗ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു