വലിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് യുവരാജ് സിംഗ്

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനും ഭാര്യ ഹേസല്‍ കീച്ചിനും ആദ്യത്തെ കണ്‍മണി പിറന്നു. ആണ്‍കുട്ടിയ്ക്കാണ് ഹേസല്‍ ജന്മം നല്‍കിയിരിക്കുന്നത്. യുവരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്.

‘ഞങ്ങളുടെ എല്ലാ ആരാധകരോടും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും, ദൈവം ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ച സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഈ അനുഗ്രഹത്തിന് ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. ഒപ്പം കൊച്ചുകുട്ടിയെ ഞങ്ങള്‍ ലോകത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’ യുവരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും താരങ്ങളും രംഗത്ത് വന്നു. പുതിയൊരു യുവരാജിന്റെ വരവെന്നാണ് ആരാധകര്‍ ഈ സന്തോഷവാര്‍ത്തയെ വിശേഷിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റ് മതിയാക്കിയ യുവരാജ് എന്ന സൂപ്പര്‍ താരത്തെ മകനിലൂടെ വീണ്ടും ലോകത്തിന് കാണാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

യുവരാജും ബോളീവുഡ് നടി കൂടിയായ ഹേസല്‍ കീച്ചും 2016ലാണ് വിവാഹിതരായത്. വിവാഹശേഷം ഇവര്‍ അഭിനയം നിര്‍ത്തി. 2016 ല്‍ പുറത്തിറങ്ങിയ ബാന്‍കി കി ക്രേസി ബറാത്ത് ആയിരുന്നു ഇവരുടെ അവസാന ചിത്രം.

You Might Also Like