ഇന്ത്യന്‍ താരത്തെ അപമാനിച്ചു, യുവരാജ് സിംഗ് അറസ്റ്റില്‍, വന്‍ നാണക്കേട്

Image 3
SPORTS NEWS

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ജാതീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് യുവരാജ് സിംഗ് അറസ്റ്റിലായത്. പിന്നീട് യുവരാജിനെ ജാമ്യത്തിന് വി്ട്ടു. ഇംഗ്ലീഷ് മാധ്യമമായ എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് പറഞ്ഞു.

കോടതി ഉത്തരവിനെ തുടര്‍ന്ന് യുവരാജിനെ അറസ്റ്റ് ചെയ്തെന്നും ഇടക്കാല ജാമ്യത്തില്‍ വിട്ടെന്നും ഹരിയാന സീനിയര്‍ പൊലീസ് ഓഫിസര്‍ നികിത ഗെഹ്ലോട്ട് പറഞ്ഞു. എന്നാല്‍, താരത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹായി ഷസ്മീന്‍ കാര പറയുന്നത്.

അതേസമയം, യുവരാജ് സുരക്ഷാ ജീവനക്കാരടക്കമുള്ള സഹായികള്‍ക്കൊപ്പം ഹിസാര്‍ പൊലീസിന് മുന്നില്‍ ഹാജരായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2020 ജൂണിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്.

ചഹലിന്റെ ടിക് ടോക് വീഡിയോകളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയും യുവരാജും സംസാരിക്കവെ യുവരാജ് ജാതീയ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. പരാമര്‍ശത്തില്‍ യുവരാജ് നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. അബദ്ധത്തില്‍ സംഭവിച്ച പരാമര്‍ശമാണെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് യുവരാജ് പറഞ്ഞത്. ഹരിയാനയിലെ ദലിത് ആക്ടിവിസ്റ്റാണ് യുവരാജിനെതിരെ പരാതിയുമായി മുന്നോട്ടുപോയത്. തുടര്‍ന്ന് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.