അധികമാരും ചര്‍ച്ച ചെയ്യാത്ത ക്രിക്കറ്റിലെ വന്‍ തിരിച്ചുവരവിന്റെ കഥ, കോരിത്തരിപ്പിക്കും!

ജയറാം ഗോപിനാഥ്

‘The Prince of ComeBacks’
തിരിച്ചുവരവുകളുടെ രാജകുമാരന്‍.

ക്യാന്‍സര്‍ എന്ന മഹാമാരിയെ തോല്‍പ്പിച്ചു ശക്തമായി കളിക്കളത്തില്‍ തിരിച്ചു വന്ന യുവരാജ്‌സിങ്ങല്ലാതെ മാറ്റാരാണ് ക്രിക്കറ്റ് ലോകത്ത് ഈ വിശേഷണത്തിന് അനുയോജ്യന്‍.

എന്നാല്‍ ഇന്ന് എഴുന്നത്, യുവിയുടെ അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു തിരിച്ചു വരവിനെക്കുറിച്ചാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, ടീം ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരുന്ന യുവി, 2000 ലെ ചാമ്പ്യന്‍സ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍, മഗ്രാത്തും, ബ്രെറ്റ് ലീയും, ഗില്ലെസ്പിയും, വോണും അടങ്ങിയ ഓസിസ് ലെജന്‍ഡ്രി ബൌളിംഗ് നിരയ്‌ക്കെതിരെ 80 ബോളില്‍ 84* റണ്‍സ് നേടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വരവ് അറിയിക്കുന്നത്. അന്ന് മൈക്കിള്‍ ബെവനെ റണ്‍ ഔട്ട് ആക്കി, ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച യുവി മാന്‍ ഓഫ് ദി മാച്ചുമായി.


എന്നാല്‍, ആ ടൂര്‍ണമെന്റിന് ശേഷം ഫോം നഷ്ടപ്പെട്ട യുവി ടീമിന് പുറത്തു പോയി. പിന്നീട് അദ്ദേഹം തിരിച്ചു വരുന്നത് 2001ല്‍ ശ്രീലങ്കയില്‍ നടന്ന കൊക്കോകോള കപ്പിലാണ്. ആ ടൂര്‍ണമെന്റിലും, തുടര്‍ന്ന് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക -കെനിയാ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും കാര്യമായി ഒന്നും ചെയ്യാനാവാതെ യുവി വീണ്ടും ടീമിന് പുറത്തു പോയി.

അങ്ങനെ, ടീമില്‍ വന്നുപോയും ഇരുന്ന യുവി, ടീം ഇന്ത്യയുടെ സ്ഥിര സാന്നിധ്യമായി മാറിയ ഒരു മത്സരമുണ്ടായിരുന്നു… Yuvi’s come back match…
2002 മാര്‍ച്ച്.. ഇന്ത്യ -സിoബാവേ അഞ്ചു മത്സര സീരിസ്. ദാദയുടെ നേതൃത്വത്തിലുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍, ഫോമിലല്ലാത്ത യുവി ടീമില്‍ ഇല്ലായിരുന്നു.
അലസ്റ്റര്‍ ക്യാമ്പല്‍, ഫ്‌ലവര്‍ സഹോദരന്‍മാര്‍, ഹീത് സ്ട്രീക്ക്, ട്രാവീസ് ഫ്രണ്ട്, ഡഗ്ലോസ് ഹോണ്ട, മരിലിയര്‍, ബ്വാങ്കോ.. ഏതു വമ്പനെയും മലര്‍ത്തി അടിക്കാന്‍ പ്രാപ്തിയുള്ള വിന്റജ് സിoബാവേ ടീം. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍, സച്ചിനില്ലാത്ത ഇന്ത്യ 1-2 നു പിന്നില്‍.

നിര്‍ണ്ണായകമായ നാലാം മത്സരത്തിന് മുന്‍പ്, ദാദ സെലക്ട്ര്‍ മാരെ കാണുന്നു. ‘മധ്യനിരയില്‍ കളി നിയന്ത്രിച്ചു മത്സരം ഫിനിഷ് ചെയ്യാന്‍ കഴിവുള്ള ഒരു കളിക്കാരനെ ഈ ടീം ഭയങ്കരമായി മിസ്സ് ചെയ്യുന്നു. അങ്ങനെയുള്ള ഒരു താരമേ ഇപ്പോള്‍ നമ്മുക്കൊള്ളു.. അവന്‍ ഇപ്പോള്‍ ടീമിന് പുറത്താണ്.. എനിക്കവനെ വേണം… Call Back Yuvi to the team’

‘കുഞ്ഞച്ചന്‍ ചേട്ടന്‍ വിളിച്ചാല്‍ എനിക്ക് വരാതിരിക്കാന്‍
പറ്റുമോ ‘.. അങ്ങനെ ഹൈദ്രബാദിലെ നാലാം ഏകദിനത്തില്‍ യുവി നേരെ പ്ലെയിങ് ഇലവണിലേക്ക്…

Day & Night മത്സരം. ആദ്യo ബാറ്റ് ചെയ്ത
സിoബാവേ, ഫ്‌ലവര്‍ സഹോദരന്‍മാരുടെ ബാറ്റിംഗ് മികവില്‍ 244 റണ്‍സ് നേടി. ചെയ്സ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക്, 13 ഓവറായപ്പോള്‍ 55 റണ്‍സിന്, ദാദ, ലക്ഷ്മണ്‍, ദിനേശ് മോങ്കിയ അടക്കം മൂന്ന് വിക്കറ്റുകള്‍ നഷ്ടപെട്ടിരുന്നു.

4 ആം വിക്കറ്റില്‍ ദ്രാവിഡും, കൈഫുo കൂടി 76 റണ്‍സ് ചേര്‍ത്തു. പക്ഷെ സ്‌കോര്‍ 132 ല്‍ നില്‍ക്കേ ദ്രാവിഡിനെ, ഗ്രാന്റ് ഫ്‌ലവര്‍ വിക്കറ്റിനും മുന്‍പില്‍ കുടുക്കി.
ജയിക്കാന്‍ 102 ബോളില്‍ 113 റണ്‍സ്.. സ്ട്രീക്ക്, ഹോണ്ടോ, ബാംഗ്വാ പേസ് ത്രയങ്ങളുടെ ഓവറുകള്‍ ബാക്കി..ഹര്‍ബജനും, മുരളി കാര്‍ത്തിക്കും, അജയ് രത്രയും, സഹീറും അടങ്ങിയ വാലറ്റം സാക്ഷി… കൈഫിന് തുണയായി അവന്‍ ക്രീസില്‍ എത്തുന്നു… യുവരാജ് സിംഗ്.

റണ്‍സ് വിട്ടുകൊടുക്കാതെ tight ആയി പന്ത് എറിയുന്ന ഫ്‌ലവറും, മരീലിയറും. റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന കൈഫ്..ഓവറുകള്‍ മുന്‍പോട്ടു പോകുന്നു…ഡ്രസിങ് റൂമില്‍ ആകെ ഉത്കണ്O നിറഞ്ഞ മുഖങ്ങള്‍…11 ഓവറില്‍ 85 റണ്‍സ് ജയിക്കാന്‍… ‘Required Runrate is mounting here for India’. കമന്ററി ബോക്‌സില്‍ രവി ശാസ്ത്രിയുടെ ഓര്‍മ്മപെടുത്തല്‍.

39.2 ഫ്‌ലവറിന്റെ ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന പന്തിനെ, പിന്നിലേക്ക് lean ചെയ്തുകൊണ്ട് യുവിയുടെ കണ്ണഞ്ചിപ്പിക്കുന്ന കവര്‍ ഡ്രൈവ്.. പന്ത് ബൗണ്ടറിയിലേക്ക്…. അത് ആര്‍ത്തിരമ്പാന്‍ പോകുന്ന സമുദ്രത്തിലെ ആദ്യ തിരയായിരുന്നു…
40.2 സ്ട്രീക്കിനെതിരെ ഒരു മനോഹര ഫ്‌ലിക്ക് ഷോട്ട്..ടൈമിംഗ് & പ്ലെയ്‌സ്‌മെന്റ് സ്‌പോട്ട് ഓണ്‍.. പന്ത് മിഡ്വിക്കറ്റ് ബൗണ്ടറിയിലേക്ക്….

41.5 ദാദയ്ക്കുള്ള tribuite.. ക്രീസിന് വെളിയില്‍ ചാടി ഇറങ്ങി, ഫ്‌ലവറിനെ ലോങ്ങ് ഓണിനു മുകളിലൂടെ ഗ്യാലറിയിലേക്ക് പറപ്പിക്കുന്നു…

ക്യാമ്പലിന്റെ വജ്രായുധങ്ങളായ ഹോണ്ടോയും, ബ്വാങ്കയും, കവറിലൂടെയും, മിഡ്വിക്കറ്റിലൂടെയും തുടരെ തുടരെ ബൗണ്ടറിയിലേക്ക് പാഞ്ഞുകൊണ്ടിരുന്നു..
60 പന്തില്‍ 80* റണ്‍സ് ( 8 ബൗണ്ടറി 1 സിക്‌സ് )..48 ആം ഓവറില്‍ യുവി ഇന്ത്യയെ വിജയതീരത്ത് എത്തിച്ചു… കൊതിച്ചു പോകുന്ന മാച്ച് വിന്നിംഗ് ഇന്നിങ്‌സ്…
‘White Ball traveling across the night Sky’.. വീട്ടിലെ പഴയ ബ്ലാക്ക് & വൈറ്റ് ടീവിയില്‍ ദൂരദര്‍ശനില്‍ കണ്ട യുവിയുടെ ആ ഇന്നിങ്‌സ് ഇന്നും മധുരമുള്ള ഓര്‍മ്മയായി അവശേഷിക്കുന്നു..

യുവിയിലെ ചെയ്‌സറെ.. ഫിനിഷറെ.. മാച്ച് വിന്നറെ അടയാളപ്പെടുത്തിയ രാത്രിയായിരുന്നു അത്…
ആ മത്സരത്തിന് ശേഷo , 2011 ല്‍ ക്യാന്‍സര്‍ ബാധിതനാകുന്നത് വരെ യുവി, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍, മധ്യനിരയിലെ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി തുടര്‍ന്നു…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like