ബംഗളൂരുവിന്റെ ആ നീക്കം മണ്ടത്തരം, തുറന്നടിച്ച ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സിനെ അഞ്ചാം നമ്പരില്‍ ബാറ്റിംഗിനിറക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നടപടയില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഡിവില്ലിയേഴ്സിനെ അഞ്ചാം നമ്പരില്‍ ഇറക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് മത്സരം നടക്കുന്നതിനിടെ യുവരാജ് ട്വീറ്റ് ചെയ്തു.

‘ഡിവില്ലിയേഴ്സിനെ ബാംഗ്ലൂര്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിനിറക്കിയത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. അദ്ദേഹം മൂന്നാമതോ, നാലാമതോ കളിക്കാനിറങ്ങണമായിരുന്നു’ യുവി ട്വിറ്ററില്‍ കുറിച്ചു. മത്സരത്തിന് ശേഷം നായകന്‍ വിരാട് കോഹ്ലി ഇതിന് വിശദീകരണവും നല്‍കി.

‘ഡിവില്ലിയേഴ്സിന്റെ ബാറ്റിംഗിലെ വൈവിദ്ധ്യവും എതിരാളികള്‍ക്ക് അദ്ദേഹത്തിലുള്ള ഭയവും കണക്കിലെടുത്താണ് അദ്ദേഹത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ച് താഴെ കളിപ്പിച്ചത്. തന്ത്രപരമായ ഒരു ചേസിംഗില്‍, അവസാനം നിങ്ങള്‍ക്ക് ചില ഓപ്ഷനുകള്‍ വേണം. അതാണ് ഇന്ന് ഞങ്ങള്‍ ചെയ്തത്’ കോഹ്ലി പറഞ്ഞു.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എബി ഡിവില്ലിയേഴ്‌സാണ് ബാംഗ്ലൂരിന് ജയം നേടികൊടുത്തത്. 27 ബോള്‍ നേരിട്ട ഡിവില്ലിയേഴ്‌സ് രണ്ട് സിക്‌സിന്റെയും നാല് ഫോറിന്റെയും അകമ്പടിയില്‍ 48 റണ്‍സെടുത്തു. ബാംഗ്ലൂരിനെ വിജയത്തിനരികെ എത്തിച്ചാണ് ഡിവില്ലിയേഴ്സ് മടങ്ങിയത്.