യൂസഫ് പത്താന് തിരിച്ചു വരുന്നു, പ്രീമിയര്‍ ലീഗില്‍ ബാറ്റേന്തും
മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താന് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചാണ് യൂസഫ് പത്താന് വീണ്ടും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നത്. ലങ്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാനായി യൂസഫ് പത്താന് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് യൂസഫ് പത്താന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 38വയസ്സുകാരന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കാരെ സംബന്ധിച്ച് ഏറെ ആവേശമുളള വാര്‍ത്തയാണ്.
യൂസഫ് പത്താന് പുറമെ ഷാക്കിബ് അല്‍ ഹസനും ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണില്‍ ആണ് ഇരുവരും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ താരങ്ങളുടെ പങ്കാളിത്തം വിലക്കിയിരുന്നുവെങ്കിലും ഇത്തവണ ആറ് പ്രധാന താരങ്ങള്‍ ടൂര്‍ണ്ണമെന്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ടെംബ ബാവുമ, തബ്രൈസ് ഷംസി, കേശവ് മഹാരാജ് എന്നിവരും രണ്ടാം സീസണിനായി എത്തുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ സീസണില്‍ ഇര്ഫാന് പത്താന് അടക്കമുളള താരങ്ങള്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായിരുന്നു.