അവന്റെ പ്രഹരശേഷിയുളള ഒരാള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ടോ, പെന്‍മുട്ടയിട്ട താറാവിനെ കൊന്നുകളയുകയായിരുന്നു

ധനേഷ് ദാമോദരന്‍
യൂസഫ് പത്താന്‍ വിരമിച്ചു
………………………………….
‘Yousuf Pathan ,The Greatest odi player after Legend Sachin Tendulkar’
നെയ്‌റോബിയിലെ ട്രയാംഗുലര്‍ സീരീസ് ടൂര്‍ണമെന്റില്‍ ഒരു പ്‌ളക്കാര്‍ഡുമായി നിന്ന ആ ക്രിക്കറ്റ് ആരാധകനെ നിങ്ങള്‍ക്ക് പരിഹസിക്കാം. ബുദ്ധിയില്ലാത്തവനായി കണക്കാക്കാം. പക്ഷെ യൂസഫ് എന്ന ഹാര്‍ഡ് ഹിറ്ററുടെ ചില അമാനുഷിക പ്രകടനങ്ങള്‍ നേരിട്ടു കണ്ട ഒരാള്‍ക്ക് സച്ചിനോളം പ്രതിഭയുണ്ടെന്ന് തോന്നിയില്ലങ്കിലും അയാളില്‍ ഒരു ജയസൂര്യയെ ,ഗില്‍ക്രിസ്റ്റിനെ ,സേവാഗിനെ കണ്ടിട്ടുണ്ടെങ്കില്‍ അതിനെ ഒരു തരത്തിലും കുറ്റം പറയാനാകില്ല.
പത്താന്റെ അത്രയും പ്രഹര ശേഷി മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനിലും കാണാത്തത് കൊണ്ട് തന്നെയാകാം അയാളെ ആരാധകര്‍ അതിരറ്റു സ്‌നേഹിച്ചത്. വീരേന്ദര്‍ സെവാഗ് ഫോറുകളുടെ പ്രണയിച്ചപ്പോള്‍ പത്താന് ആത്മനിര്‍വൃതി തീര്‍ത്തത് സിക്‌സര്‍ മഴ പെയ്യിക്കുന്നതിലൂടെയായിരുന്നു.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ഉപയോഗപ്പെടുത്താത്ത ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ പലരും യൂസഫ് പത്താന്‍ എന്ന ബറോഡക്കാരനിലേക്ക് പോകുന്നത് സ്വാഭാവികം .
37 പന്തില്‍ ഒരു IPL സെഞ്ചുറി ,40 പന്തില്‍ List A സെഞ്ചുറി, 51 പന്തില്‍ ഒരു ഫസ്റ്റ് ക്ലാസ് സെഞ്ചുറി. തൊട്ടടുത്തു പോലും മറ്റൊരു ഇന്ത്യക്കാരനും അടുത്തു പോലും എത്താത്രയും മികച്ച പ്രഹര ശേഷി .
അപാര ഫോമിലിരിക്കെ നേരിടുന്ന എല്ലാ പന്തുകളും സിക്‌സര്‍ പറത്തുമെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്ന പത്താന്‍ ബാറ്റ് ചെയ്തിരുന്നത്. ഒരു പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്രീസിലെത്തി , തുടക്കത്തിലേ തന്നെ തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തുവാനുള്ള മികവ് യൂസഫിനോളം മറ്റാര്‍ക്കുമുണ്ടായില്ല എന്നു തന്നെ പറയാം. കൂടാതെ ഓഫ് സ്പിന്‍ എറിഞ്ഞ് വിക്കറ്റുകള്‍ വീഴ്ത്താനുള്ള അധിക മികവും അയാളെ ലോകത്തിലെ ഏത് പരിമിത ഓവര്‍ ടീമിലും സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ള ഓള്‍റൗണ്ട് മികവ് തന്നെയായിരുന്നു.
എന്നാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് അറിയാതെ പോയ ഇന്ത്യന്‍ ക്രിക്കറ്റ് അയാള്‍ക്ക് കല്‍പിച്ചു നല്‍കിയത് 5 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മാത്രം. പല ക്രിക്കറ്റര്‍മാര്‍ക്കും സംഭവിച്ച തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കരിയര്‍ ദീര്‍ഘിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയായിരുന്നു പത്താന്റതും.
കൂറ്റനടി തീര്‍ക്കുന്നതിലുള്ള അയാളുടെ പ്രതിഭയില്‍ ആര്‍ക്കും ലവലേശം സംശയമുണ്ടായിരുന്നില്ല. സമ്മര്‍ദ്ദ ഘട്ടത്തില്‍ എതിര്‍ പാളയത്തിലേക്ക് ഇടതടവില്ലാതെ ആക്രമണം നയിക്കുന്ന യൂസഫ് പത്താന്റെത് ഇന്ത്യന്‍ ക്രിക്കറ്റിലെ വേറിട്ട മുഖവുമായിരുന്നു. എന്നിട്ടും പക്ഷെ 5 ലും 6 ലും 7 ലും ഇറങ്ങി 57 ഏകദിനങ്ങളില്‍ 810 റണ്‍സുമായി പടിയിറങ്ങിയതിന് കാലഘട്ടത്തെ ശപിക്കാം .
മറ്റേത് ടീമുകളും ബൗളര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന ഒരു ഹാര്‍ഡ് ഹിറ്ററെ ടോപ് ഓര്‍ഡറില്‍ നിരന്തരം പരീക്ഷിക്കുമായിരുന്നു. ഒരു ജയസൂര്യയും ഗില്‍ക്രിസ്റ്റുമൊക്കെ ആകാനുള്ള ശൈലി യൂസഫിലുമുണ്ടായിരുന്നു . 33 ഏകദിന വിക്കറ്റുകളും സമ്പാദ്യമുള്ള ഒരാള്‍ക്ക് ഏറെ മുന്നേറാനുമുണ്ടായിരുന്നു. പക്ഷെ സേവാഗ് , സച്ചിന്‍ , ഗംഭീര്‍ , കോഹ്ലി ,യുവരാജ് , റെയ്‌ന , ധോണി മാര്‍ അണിനിരക്കുന്ന ഒരു ബാറ്റിങ്ങ് പൊസിഷനില്‍ ഒരു മാറ്റം വരുത്താന്‍ ഒരു നായകനും ടീമും തയ്യാറാകില്ല എന്നത് പകല്‍ പോലെ സത്യം .
നിരന്തരം ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങുന്ന ഒരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനകള്‍ക്കുള്ള പരിമിതി ,അതു തന്നെയായിരുന്നു പത്താന്റെ കരിയറിലും സംഭവിച്ചത് . പത്താന്റെ കാലഘട്ടത്തില്‍ ഒരാളെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് അവസരം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ,ടീം തകര്‍ന്നു നില്‍ക്കുമ്പോള്‍ മികച്ച ബൗളിങ് നിരക്കെതിരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതില്‍ യൂസഫ് കാണിച്ച പാടവം അതിശയകരമായിരുന്നു . വളരെ ചുരുങ്ങിയ മത്സരങ്ങള്‍ മാത്രം കളിച്ച് ഇത്രയേറെ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടും, എവിടെയുമെത്താന്‍ പറ്റിയില്ലെങ്കിലും യൂസഫ് സമ്മാനിച്ച കുറെ നിമിഷങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ പറ്റില്ല .
യൂസഫിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ തുടങ്ങുന്നു ആ വ്യത്യസ്ത.2 007 ല്‍ T20 ലോകകപ്പില്‍ ഫൈനല്‍ മത്സരത്തില്‍ വാണ്ടറേഴ്‌സില്‍ പാകിസ്ഥനെതിരെ അരങ്ങേറിയപ്പോള്‍ അത് ഒരു ICC ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച അപൂര്‍വതയായി .ആ മാച്ചില്‍ പരിക്കേറ്റ സേവാഗിന് പകരമിറങ്ങി സേവാഗിന്റെ അതേ ശൈലി തന്നെയാണ് തന്റേതെന്ന് വിളിച്ചു പറഞ്ഞ പ്രകടനമായിരുന്നു അയാള്‍ കാണിച്ചത് .
ആ കാലത്തെ ഏറ്റവും മികച്ച പേസ് ബൗളറായ മുഹമ്മദ് ആസിഫിനെതിരെ നേടിയ സിക്‌സര്‍ അടക്കം 8 പന്തില്‍ 15 റണ്‍സുമായി മടങ്ങുന്നതിനിടെ എതിരാളികളെ പരിഭ്രാന്തിയിലാക്കാന്‍ ആ ബറോഡ ക്കാരന് പറ്റിയിരുന്നു .പിന്നീടൊരിക്കലും ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങാന്‍ പത്താന് ഭാഗ്യം ലഭിച്ചില്ല . ഇപ്പഴും തോന്നാറുണ്ട് പത്താന് പിന്നീടും അത്തരം അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ അയാളുടെ കരിയര്‍ തന്നെ മാറി മറിഞ്ഞേനെ എന്ന് .
2008 ല്‍ കരുത്തന്‍മാര്‍ അണി നിരന്ന A ടീമുകളുടെ ഒരു മാച്ചില്‍ ആണ് യൂസഫിന്റെ കരുത്തും മനസ്സാന്നിധ്യവും ക്രിക്കറ്റ് പ്രേമികള്‍ ആദ്യം കണ്ടത്. 12 ഓവറില്‍ 66 റണ്‍സിന് 5 വിക്കറ്റുകള്‍. വീണവരാകട്ടെ ഉത്തപ്പ ,ബദരീനാഥ് ,ദിനേശ് കാര്‍ത്തിക് ,റെയ്‌ന ,രോഹിത് ശര്‍മ്മ എന്നിവരടങ്ങുന്ന ടീം 40 ഓവര്‍ പോലും തികക്കാതെ കൂടാരം കയറുമെന്ന് ഉറപ്പിച്ച നിമിഷങ്ങള്‍.
പക്ഷെ ഇന്ത്യ A ടീം 50 ഓവറും ബാറ്റ് ചെയ്തു .നേടിയതാകട്ടെ 8 വിക്കറ്റിന് 305 എന്ന കൂറ്റന്‍ സ്‌കോറും .പകുതിയോളം റണ്‍സും വന്നത് ഒരൊറ്റ ബാറ്റില്‍ നിന്ന്. 123 പന്തില്‍ 9 ഫോറുകള്‍ ,9 സിക്‌സറുകള്‍ അടക്കം 148 റണ്‍സ് .50 ഓവറിലെ അവസാന പന്തില്‍ ഔട്ടാകുമ്പോഴേക്കും യൂസഫ് പത്താന്‍ എന്ന ഹാര്‍ഡ് ഹിറ്റര്‍ ഇന്ത്യയിലുടനീളം തരംഗമായി. 5 വിക്കറ്റ് നഷ്ടമായ ശേഷം 239 റണ്‍സ് നേടി എന്നതു മാത്രമല്ല ടീമിന് പിന്നീട് നഷ്ടപ്പെട്ടത് രണ്ടേ രണ്ട് വിക്കറ്റുകള്‍ മാത്രമായിരുന്നു. ആ മത്സരം ഇന്ത്യന്‍ A ടീം ജയിച്ചത് 81 റണ്‍സിന് .
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ നാളുകള്‍ പത്താന്റെ സുവരണ നാളുകളായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ആദ്യ എഡിഷനില്‍ ചാംപ്യന്‍മാരായത് യൂസഫിന്റെ ചിറകിലേറിയായിരുന്നു. 16 മാച്ചുകളില്‍ 31 ശരാശരിയില്‍ 4 ഫിഫ്റ്റികള്‍ അടക്കം നേടിയ 435 റണ്‍സിനേക്കാള്‍ വിലയുണ്ടായിരുന്നു അയാളുടെ 180 നടുത്ത പ്രഹര ശേഷിക്ക്. ഫൈനലില്‍ ധോണിയുടെ ചെന്നൈക്ക് തലവേദന സൃഷ്ടിച്ച 39 പന്തില്‍ നേടിയ 56 റണ്‍സ് യൂസഫിനെ മാന്‍ ഓഫ് ദ മാച്ചിനും അര്‍ഹനാക്കി .
ആ മാന്‍ ഓഫ് ദ മാച്ചിലുമുണ്ട് ചരിത്രം .ഒരു വര്‍ഷം മുന്‍പ് ആദ്യ T 20 ലോകകപ്പ് ഫൈനലില്‍ സഹോദരന്‍ ഇര്‍ഫാന്‍ മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ T20 യുടെ ജാതകം തിരുത്തിയ IPL ല്‍ ബഹുമതി യൂസഫ് കൊണ്ടു പോയി .മക്കളുടെ 2 വിലോഭനീയ ബഹുമതികളും കൈയില്‍ പിടിച്ച് സന്തോഷിക്കുന്ന പിതാവിന്റെ ചിരിക്കുന്ന മുഖം കണ്ടാല്‍ അഭിമാനവും അസൂയയും തോന്നുന്നത് സ്വാഭാവികം .
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ എറ്റവും ഓര്‍ത്തിരിക്കുന്ന ഒരു മത്സരം നടന്നത് 2009 ലായിരുന്നു . ഒരു രാജ്യത്തെ 2 സഹോദരന്‍മാര്‍ ചേര്‍ന്ന് ഇല്ലാതാക്കുകയായിരുന്നു അന്ന് . സ്‌കൂള്‍ മുറ്റത്തും പള്ളിപ്പറമ്പിലും തൊട്ടടുത്ത നാട്ടിലെ ക്രിക്കറ്റ് ടീമുകളെ നിലം തൊടാതെ പറത്തുന്ന കുട്ടികളെ ബറോഡക്കാര്‍ വീണ്ടും കണ്ടു. 172 റണ്‍സ് ലക്ഷ്യം ഉയര്‍ത്തിയ ശ്രീലങ്കക്കെതിരെ 7 വിക്കറ്റിന് 115 ലെത്തിയ ഇന്ത്യയുടെ വന്യമായ സ്വപ്നങ്ങളില്‍ പോലും ഒരു വിജയ സാധ്യതയുണ്ടായിരുന്നില്ല . എന്നാല്‍ 25 പന്തില്‍ 59 റണ്‍ നേടിയ പത്താന്‍മാരുടെ കുട്ട് കെട്ട് ഇന്ത്യക്ക് അത്ഭുത വിജയം നേടിക്കൊടുക്കുമ്പോള്‍ പിന്നെയും 4 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു .
2010 IPL ല്‍ ഒരിന്ത്യക്കാരന് സാധിക്കുമെന്ന് സങ്കല്‍പങ്ങളില്‍ പോലും കരുതാത്ത ബ്രൂട്ടല്‍ ഹിറ്റിങ്ങ് ആയിരുന്നു മുംബൈ ഇന്ത്യന്‍സിനെതിരെ യൂസഫ് കാഴ്ച വെച്ചത് . 9 ഫോറുകളും ,8 സിക്‌സറുകളും പകര്‍ന്നാടിയ ഇന്നിങ്‌സില്‍ പത്താന്‍ സെഞ്ചുറിയിലെത്തിയത് വെറും 37 പന്തുകളില്‍ നിന്നായിരുന്നു .മുംബൈയുടെ 212 റണ്‍ ചേസ് വിജയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ആ ഇന്നിങ്‌സ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേനെ .
സമ്മര്‍ദ്ദ നിമിഷങ്ങളില്‍ എന്നും കരുത്താര്‍ജ്ജിക്കുന്ന ശീലം പത്താന് കിട്ടിയത് ഒരു പക്ഷെ തന്റെ കുട്ടിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളായേക്കാം . 2010 ലെ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണും വെസ്റ്റ് സോണും തമ്മില്‍ നടന്ന മത്സരം ശ്രദ്ധിച്ചവര്‍ക്ക് മനസിലാകും ഒരു മത്സരത്തെ ഒറ്റക്ക് മാറ്റി മറിക്കാനുള്ള അയാളുടെ ശേഷി . ദിനേശ് കാര്‍ത്തിക്കിന്റെ 183 റണ്‍ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ 400 കടന്ന സൗത്ത് സോണിനെതിരെ വെസ്റ്റ് സോണ്‍ പുറത്തായത് 251 റണ്‍സിന് . യൂസഫ് പത്താന്‍ 76 പന്തില്‍ 12 ഫോറും 5 സിക്‌സറുകളുമടക്കം 108 റണ്‍സടിച്ചിട്ടും വെസ്റ്റ് തകര്‍ച്ചയില്‍ നിന്നും കര കയറിയില്ല .
രണ്ടാം ഇന്നിങ്‌സില്‍ കാര്‍ത്തിക്കിന് വീണ്ടും സെഞ്ചുറി. സൗത്ത് 386 ന് 9 ല്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ വെസ്റ്റിന് ലക്ഷ്യം 536 റണ്‍സ് .ലോക ക്രിക്കറ്റില്‍ അന്നേ വരെ ഒരു ടീമിനും ഏഴയലത്തു പോലും എത്താന്‍ പറ്റാത്ത ഒരു സ്‌കോര്‍ .
വന്‍ തോല്‍വി നേരിട്ട വെസ്റ്റിന് യൂസഫ് പത്താനില്‍ മാത്രമായിരുന്നു ഒരു പ്രതീക്ഷ . ഒന്നാമിന്നിങ്‌സില്‍ നിര്‍ത്തിയിടത്തു നിന്നും യൂസുഫ് തുടങ്ങി .പക്ഷെ അപ്പോഴേക്കും ടീമിന് 294 റണ്‍സെടുക്കുന്നതിനിടെ 5 മുന്‍നിര വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു .അതൊന്നും പക്ഷെ തീയില്‍ കുരുത്ത യൂസഫിനെ ബാധിച്ചേയിരുന്നില്ല .സെഞ്ചുറിയും കടന്ന് അയാള്‍ മുന്നോട്ട് പോയി .ഒടുവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റിന് ജയം .
10 സിക്‌സറുകളും 19 ഫോറുകളും അലങ്കരിച്ച ഒരു ഇന്നിങ്‌സ് .190 പന്തില്‍ 210 നോട്ടൗട്ട് .ഒരു ക്രിക്കറ്റര്‍ക്ക് സ്വപ്നം പോലും കാണാന്‍ പറ്റാത്ത ഒരു ഇന്നിങ്‌സ് എന് നിസംശയം പറയാം .
I thank my family, friends, fans, teams, coaches and the whole country wholeheartedly for all the support and love. #retirement pic.twitter.com/usOzxer9CE
— Yusuf Pathan (@iamyusufpathan) February 26, 2021
2010 ല്‍ ന്യൂസിലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ 4ാം ഏകദിനത്തില്‍ ബാംഗ്‌ളുരില്‍ യൂസഫിന്റെ പാളയത്തില്‍ പട നയിക്കുന്ന ശീലം വീണ്ടും കണ്ടു .സച്ചിനും സേവാഗും ധോണിയും വിശ്രമിച്ച പരമ്പരയില്‍ ഗംഭീര്‍ ആയിരുന്നു ക്യാപ്റ്റന്‍ .ജെയിംസ് ഫ്രാങ്ക്‌ളിന്‍ 69 പന്തില്‍ പുറത്തായാതെ നേടിയ 98 റണ്‍സിന്റെ ബലത്തില്‍ ന്യൂസിലണ്ട് ഉയര്‍ത്തിയ 315 നെതിരെ 4 ന് 108 ,5ന് 188 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ തോല്‍വി ഉറപ്പിച്ച ഇന്ത്യയെ പിന്നീടൊരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ സൗരഭ് തിവാരിയെ ഒരറ്റത്ത് നിര്‍ത്തി കളി ജയിപ്പിച്ചപ്പോള്‍ ഒരു ത്രില്ലര്‍ കണ്ട ആവേശത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ .
96 പന്തില്‍ 7 ഫോര്‍ ,7 സിക്‌സര്‍ .123 നോട്ടൗട്ട് .പത്താന്‍ നിറഞ്ഞാടിയ ബാറ്റിങ്ങ് മെഗാഷോ യ്ക്ക് മുന്‍പ് പന്തെറിഞ്ഞ് 9 ഓവറില്‍ 49 റണ്‍സ് വഴങ്ങി 3 വിക്കറ്റും യുസുഫ് വീഴ്ത്തിയിരുന്നു .ആ പരമ്പര 5-0 നാണ് ഇന്ത്യ ജയിച്ചത് .
ന്യൂസിലണ്ട് പരമ്പരക്ക് ശേഷം നടന്ന സൗത്ത് ആഫ്രിക്കന്‍ ടൂറിലെ പത്താന്റെ പ്രകടനമായിക്കും ക്രിക്കറ്റ് പ്രേമികള്‍ ഏറ്റുമധികം ഓര്‍ക്കുന്നുണ്ടാവുക. സ്റ്റെയ്ന്‍ ടോട്‌സോബെ, മോര്‍ക്കല്‍ ,ബോത പടക്കെതിരെ അവരുടെ നാട്ടിലെ ആ പരമ്പരയിലെ 3ാം ഏകദിനത്തില്‍ 50 പന്തില്‍ 59 റണ്‍സുമായി ടീമിനെ വിജയിപ്പിച്ച പത്താന്റെ വിശ്വരൂപം കണ്ടത് 2-2 ന് സമനിലയിലക്കു ശേഷം നിര്‍ണായകമായ അവസാന മത്സരത്തിലായിരുന്നു. സെഞ്ചുറിയനില്‍ 46 ഓവറില്‍ 251 ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 60 റണ്‍സെടുക്കുമ്പോഴേക്കും 5 വിക്കറ്റുകളും 119 ലെത്തിയ പോള്‍ 8 വിക്കറ്റുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു .
മത്സരം. അവിടെ തീര്‍ന്നെന്നു കരുതി ഗ്രൗണ്ട് വിട്ടവരുടെ നഷ്ടം അവിടെ തുടങ്ങി .ബൗളര്‍മാര്‍ ആരാണെന്ന് പോലും നോക്കാതെ യുസഫ് നടത്തിയത് മാരക ആക്രമണമായിരുന്നു .22.4 ഓവറില്‍ 119 ന് 8 എന്ന നിലയില്‍ നിന്നും 35.2 ഓവറില്‍ 219 റണ്‍സിലെത്തിച്ച് ടീമിന് അത്ഭുത വിജയം സമ്മാനിച്ചിടത്തു നിന്നായിരുന്നു യൂസുഫ് വീണത് .
70 പന്തില്‍ 8 ഫോറുകളും 8 സിക്‌സറും മുമടക്കം 105 റണ്‍ നേടിയ യൂസഫിന്റെ പ്രകടനം വിദേശപിച്ചിലെ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്നായി കണക്കാക്കപ്പെടുന്നു .രോഹിത് ,കോഹ്ലി ,ധോണി ,യുവി ,റെയ്‌ന തുടങ്ങിയ പ്രതിഭകളെ നോക്കുകുത്തിയാക്കിയായിരുന്നു പത്താന്റെ ആ ബ്രൂട്ടല്‍ ഷോ .
അവിശ്വസനീയമായ ഇത്തരം പ്രകടനങ്ങള്‍ തന്നെയായിരുന്നു 2011 ല്‍ രോഹിത് ശര്‍മയെ മറികടന്ന് ലോകകപ്പ് ടീമിലിടം നേടാന്‍ പത്താനെ പ്രാപ്തനാക്കിയതും .ടൂര്‍ണമെന്റിലെ പാതി വഴി വരെ ടീമില്‍ കളിച്ചുവെങ്കിലും പിന്നീട് റെയ്‌നയുടെ ഫോം കാരണം പത്താന് ഇടം നേടാനായില്ല .
IPL ല്‍ യൂസഫ് എനും ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്നു .രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആദ്യ കിരീടം നേടിയ പത്താന്‍ ഷാറൂഖ് ഖാന്റെ KKR ജേഴ്‌സിയില്‍ വീണ്ടും ഒരു കിരീടം നേടി. 2014 ല്‍ ഡെയ്ല്‍ സ്റ്റയ്ന്‍ ,ഭുവനേശ്വര്‍ ,ഹോള്‍ഡര്‍, കരണ്‍ ശര്‍മ്മ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബൗളിങ് നിരക്കെതിരെ പ്ലേ ഓഫില്‍ കടക്കാന്‍ 15 ഓവറില്‍ 161 റണ്‍ വേണ്ടിയിരിക്കെ 4ാം നമ്പറിലിറങ്ങി 22 പന്തില്‍ 5 ഫോര്‍ ,7 സിക്‌സര്‍ അടക്കം നേടിയ 72 റണ്‍സ് IPL ചരിത്രത്തിലെ മനോഹര ഇന്നിങ്‌സ് ആയിരുന്നു .അന്ന് 15 പന്തില്‍ 50 അടിച്ച് യൂസഫ് IPL റെക്കോര്‍ഡും സുഷ്ടിച്ചിരുന്നു .
പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തനായി ഏറെ പ്രതീക്ഷകള്‍ തന്ന പത്താനെ എന്ത് കൊണ്ട് പിന്നിടും ഉപയോഗപ്പെടുത്തിയില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു . ഒരു T20 ലോകകപ്പ് ,ഒരു 50 ഓവര്‍ ലോകകപ്പ് ,2 IPL കിരീടങ്ങള്‍ .ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കു പോലും കിട്ടാത്ത അപൂര്‍വ നേട്ടങ്ങള്‍ .
30ാം വയസില്‍ 2012 ല്‍ അവസാന അന്താരാഷ്ട്ര മത്സരം കളിക്കേണ്ടി വന്ന അയാളുടെ അതേ വിധി തന്നെയായിരുന്നു അനുജന്‍ ഇര്‍ഫാന്റയും എന്നത് ഇന്നും ക്രിക്കറ്റ് പ്രേമികളില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു. ഷെയ്ന്‍ വോണ്‍ അയാളെ വിശേഷിപ്പിച്ചത് ഓസീസ് ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ബിഗ് ഹിറ്റര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിനോടായിരുന്നു എന്നത് തന്നെ അയാളുടെ മാരകമായ പ്രഹര ശേഷിയ്ക്ക് കിട്ടിയ അംഗീകാരമായിരുന്നു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍