രണ്ട് താരങ്ങള്‍, ഒരാള്‍ ഒന്നുമല്ലാതായി, മറ്റൊരാള്‍ കഠിനാധ്വാനത്തിലൂടെ ഇതിഹാസമായി മാറി, പകരക്കാരില്ലാത്ത അമരക്കാര്‍

Image 3
CricketCricket News

മാത്യൂസ് കെ എബ്രഹാം

സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും സയീദ് അന്‍വറും ഇന്‍സമാം ഉള്‍ ഹഖും നിറഞ്ഞാടിയ പാകിസ്ഥാന്‍ ടീമിലേക്ക് ആ യുവാക്കള്‍ കാലെടുത്ത് വെച്ചത് തൊണ്ണൂറുകളുടെ അവസാനത്തിലാണ് – യൂസഫ് യൂഹാനയും (മുഹമ്മദ് യൂസഫ്) യൂനസ് ഖാനും. അന്നു മുതല്‍ പിന്നീട് അങ്ങോട്ട് പാകിസ്ഥാന്‍ ബാറ്റിംങ് അറിയപ്പെട്ടത് ഈ ചെറുപ്പക്കാരുടെ അനായാസതയുടെയും കിനാധ്വാനത്തിന്റെയും പേരിലും.

ഒന്നുമില്ലായ്മയില്‍ നിന്ന് വന്ന് എല്ലാം നേടി ഒന്നും അല്ലാതായ് പോയ യൂസഫ്.
തന്റെ കൂട്ടുകാരന് നഷ്ടമായ സ്ഥാനങ്ങളും ഇതിഹാസ പദവിയും മനസാന്നിദ്ധ്യം കൊണ്ട് നേടിയെടുത്ത യൂനസ്.

ഇവര്‍ക്ക് പകരം വെക്കാവുന്ന ഒരു മിഡില്‍ ഓര്‍ഡര്‍ ദ്വയം പാകിസ്ഥാന്‍ ക്രിക്കറ്റിന് അതിനു മുന്നെയും അതിന് ശേഷവും ലഭിച്ചിട്ടില്ല.
റെക്കോര്‍ഡുകളുടെ കണക്കു പുസ്തകത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന രണ്ട് മുഖങ്ങള്‍ എന്നതില്‍ അപ്പുറം, അവര്‍ ക്രിക്കറ്റ് സ്‌നേഹികള്‍ക്ക് നല്‍കിയത് മികവാര്‍ന്ന ‘എലഗന്റ് സ്‌ട്രോക്ക് പ്ലേയുടെ’ കണ്‍കുളിര്‍ക്കുന്ന കാഴ്ചകള്‍ ആയിരുന്നു.
പ്രോപ്പര്‍ ക്രിക്കറ്റിംഗ് സ്‌ട്രോക്കുകളുടെ നിലവറ തുറക്കുന്ന രണ്ട് അതികായര്‍.

കഴിവ് കൊണ്ട് ഒരുപടി മുന്നില്‍ യൂസഫ് ആയിരുന്നെങ്കിലും തന്റെ കഠിനാദ്ധ്വാനം കൊണ്ട് അതിനൊപ്പം എത്തുന്ന യൂനസ്. പാകിസ്ഥാനോടുള്ള വിരോധം കൊണ്ട് ഇവര്‍ ഔട്ട് ആവാന്‍ പ്രാര്‍ത്ഥിക്കാത്ത ഒരൊറ്റ ഇന്ത്യന്‍ ആരാധകരും ഉണ്ടാവില്ല. അത്രക്കായിരുന്നു ഇവരുടെ സ്‌കില്ലും മനസാന്നിദ്ധ്യവും ക്രിക്കറ്റിനോടുള്ള അഭിനിവേശവും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകം പാകിസ്ഥാന്‍ ക്രിക്കറ്റിനെ അടയാളപ്പെടുത്തിയ ഈ പേരുകള്‍ക്ക് കോട്ടം തട്ടാന്‍ തുടങ്ങിയത് 2007 വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പോടെ ആണ്. പാക്കിസ്ഥാന്‍ കോച്ച് ബോബ് വൂമറിന്റെ മരണവും ലോകകപ്പിലെ നാണം കെട്ട പരാജയവും പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച നാളുകള്‍. പൊളിറ്റിക്‌സും തീവ്രചിന്താഗതികളും ക്രിക്കറ്റിനെ മറികടന്ന നാളുകള്‍. ഈ നാളുകളില്‍ യൂസഫ് ഒരു പോരാളി എന്ന നിലയില്‍ പരാജയപ്പെടുമ്പോള്‍ യൂനസ് പൊരുതി നേടിയ വിജയവും ആയ് പാക്കിസ്ഥാന്‍ ടീമില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും മാറിയ കാലത്തിനൊപ്പം മാറിയ ക്രിക്കറ്റിനൊപ്പം പാക്കിസ്ഥാനിലേക്ക് 1992-നു ശേഷം മറ്റൊരു കപ്പെത്തിക്കുകയും ചെയ്തു.

യൂസഫിന്റെ പരാജയങ്ങള്‍ വ്യക്തി ജീവിതത്തിന്റെ പരാജയങ്ങള്‍ ആയിരുന്നു. അതും പാകിസ്ഥാന്‍ എന്ന രാജ്യത്തിന്റെ കലുഷിതമായ കാലാവസ്ഥയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായ്. അന്നും ഇന്നും എന്നും പാകിസ്ഥാന്‍ ക്രിക്കറ്റിലെ ക്ലാസിക് ബാറ്റിംങ് കലയുടെ അടിസ്ഥാനം യൂസഫ് എന്ന കലാകാരനായ കളിക്കാരന്‍ തന്നെയാണ്. അതേ പോലെ തന്നെ കഠിനാധ്വാനത്തിന്റെയും മനസാന്നിദ്ധ്യത്തിന്റെയും അളവുകോല്‍ യൂനസും. കാലമെത്ര കഴിഞ്ഞാലും ക്രിക്കറ്റിന്റെ ബാലപാഠങ്ങളില്‍ നിങ്ങളുടെ കവര്‍ ഡ്രൈവുകള്‍ അനിയന്ത്രിതം ഒഴുകുന്നുണ്ടാവും.

രാജ്യങ്ങള്‍ക്കപ്പുറം ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന കളിയാരാധകര്‍ക്ക് എന്നും നിങ്ങള്‍ കലാകാരന്‍മാര്‍ ആണ് ക്രിക്കറ്റിനെ കൂടുതല്‍ മനോഹരമാക്കിയ കലാകാരന്‍മാര്‍.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍