ടീം സെലക്ഷനില്‍ വ്യക്തതയില്ല, ഗംഭീറിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ ഇന്ത്യ വിവിധ ഓപ്പണിംഗ് കോമ്പിനേഷനുകളും, മൂന്നാം നമ്പറില്‍ വ്യത്യസ്ത ബാറ്റര്‍മാരെയും പരീക്ഷിച്ചു. ടി20യില്‍ സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ്മ ഓപ്പണിംഗ് കോമ്പിനേഷന്‍ സ്ഥിരമായിരുന്നെങ്കിലും, ഏകദിനത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.
ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന് പകരം യശസ്വി ജയ്സ്വാള്‍ ആയിരുന്നു രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണ്‍ ചെയ്തത്. വിരാട് കോഹ്ലി വിശ്രമം അനുവദിച്ചതിനാലാണ് ഈ പരീക്ഷണം നടത്തിയതെന്നാണ് കരുതിയത്. എന്നാല്‍, ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ആദ്യം മുതലേയുള്ള പദ്ധതിയായിരുന്നു എന്നും കോഹ്ലിക്ക് പരിക്കേറ്റതുകൊണ്ടാണ് താന്‍ കളിച്ചതെന്നും ശ്രേയസ് അയ്യര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇതിനര്‍ത്ഥം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് ഗംഭീര്‍ പദ്ധതിയിടുന്നത് എന്നാണോ എന്ന് വ്യക്തമല്ല. അതെസമയം കോഹ്ലിയെ ഏകദിനത്തില്‍ തരംതാഴ്ത്താന്‍ സാധിക്കില്ല. കൂടാതെ ഏകദിനത്തില്‍ ഏകദേശം 50 ശരാശരിയുള്ള ശ്രേയസ് അയ്യരെ എങ്ങനെ പുറത്തിരുത്തും എന്ന കാര്യവും തലവേദനയാണ്.
പരമ്പരയില്‍ അക്‌സര്‍ പട്ടേലിനെ പ്രൊമോട്ട് ചെയ്യുന്ന നീക്കമുണ്ടായി. കെഎല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും മുന്നില്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് ഏകദിനങ്ങളിലും അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപനത്തില്‍ വ്യക്തതയില്ലായ്മയാണെന്നാണ് മുന്‍ ിന്ത്യന്‍ താരം സഹീര്‍ ഖാന്‍ ആരോപിക്കുന്നത്.
ടീം ഫ്‌ലെക്‌സിബിള്‍ ആയിരിക്കുന്നത് നല്ലതാണ്, പക്ഷേ അത് ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ളില്‍ ആയിരിക്കണമെന്നും സഹീര്‍ പറയുന്നു. അല്ലാത്തപക്ഷം ടീമിലെ സ്ഥിരം കളിക്കാര്‍ക്കിടയില്‍ ‘അസ്ഥിരത’ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും സഹീര്‍ വിലയിരുത്തുന്നു.
‘ഫ്‌ലെക്‌സിബിലിറ്റി വേണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനക്കാര്‍ ഉണ്ടാകും, പക്ഷേ മറ്റുള്ളവര്‍ ഫ്‌ലെക്‌സിബിള്‍ ആയിരിക്കും. ആ ഫ്‌ലെക്‌സിബിലിറ്റിക്കുള്ളില്‍ ചില നിയമങ്ങളും ബാധകമാണ്. നിങ്ങള്‍ ചില പ്രോട്ടോക്കോളുകള്‍ പാലിക്കണം. ചില ആശയവിനിമയങ്ങള്‍ നടക്കണം, അത് കാര്യങ്ങള്‍ സുഗമമാക്കും. അല്ലാത്തപക്ഷം, നിങ്ങള്‍ അരക്ഷിതത്വം സൃഷ്ടിക്കുകയാണ്, അത് ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങളെ ദോഷകരമായി ബാധിക്കും. അത് സംഭവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം’
മുന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും ഗംഭീറിന്റെയും സമീപനത്തിലെ വ്യത്യാസം ചോദിച്ചപ്പോള്‍ സഹീര്‍ ക്രിക്ക്ബസിനോട് പ്രതികരിച്ചതിങ്ങനെയാണ്.
Author: Fahad Abdul Khader
A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.