ഐഎസ്എല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സിറ്റി ഇതിഹാസം, പ്രതിഫലം കുറക്കാനും തയ്യാര്‍

മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസവും മുന്‍ ബാഴ്‌സലോണ താരവുമായ യായ ടുറെയ്ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പന്ത് തട്ടാന്‍ മോഹം. ഇതിനായി നാലോളം ഇന്ത്യന്‍ ക്ലബുകളിലേക്ക് പ്രതിഫലം ചുരുക്കാന്‍ വരെ തയ്യാറാണെന്ന് അറിയിച്ച് യായ ടുറയുടെഏജന്‍സി പ്രെപ്പോസലുകളും അയച്ച് കഴിഞ്ഞു. എഫ്‌സി ഗോവ, ബംഗളൂരു എഫ്‌സി മാനേജുമെന്റ് പ്രതിനിധികളെ ഉദ്ദരിച്ച് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ടുറെയുടെ ഓഫറിനോട് ഇന്ത്യന്‍ ക്ലബുകളാരും പ്രതികരിച്ചിട്ടില്ല. നേരത്തെ 11 കോടിയോളം രൂപയാണ് ടുറെയുടെ വാര്‍ഷിക പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ഏതാണ്ട് നാല് കോടിയോളം രൂപ വാര്‍ഷിക പ്രതിഫലമായി നല്‍കാന്‍ തയ്യാറായാല്‍ ക്ലബുകള്‍ക്ക് ടുറെയെ സ്വന്തമാക്കാം.

ഐഎസ്എല്ലില്‍ നിലവില്‍ സാലറി ക്യാപ്പ് 16.5 കോടി രൂപയാണ്. ടുറെ മാര്‍ക്കീ താരമായതിനാല്‍ സാലറി ക്യാപ്പിന് പുറത്തായിരിക്കും. ഇതും താരത്തിന് അനുകൂല ഘടകമാണ്. എന്നാല്‍ 37 വയസ്സുകാരനായ താരത്തെ പണം വാരിയെറിഞ്ഞ് ഇന്ത്യയിലേക്ക് കൊണ്ട് വരണോ എന്ന കാര്യമാണ് ഐഎസ്എല്‍ ക്ലബുകളെ കുഴക്കുന്നത്.

നിലവില്‍ യായ ടുറെ ചൈനീസ് സൂപ്പര്‍ ലീഗില്‍ ക്വുന്‍ഡായോ ഹുവാന്‍ഗായ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയ്ക്കായി 74 മത്സരവും പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി 230 മത്സരവും കളിച്ചിട്ടുളള താരമാണ് യായ ടുറെ.

ബാഴ്സക്കായി നാലും സിറ്റിയ്ക്കായി 59ഉം ഗോളുകള്‍ ഈ മധ്യനിര താരം നേടിയിട്ടുണ്ട്. ഐവറി കോസ്റ്റ് നിരയില്‍ 2015 വരെ സ്ഥിര സാന്നിധ്യമായ യായ 101 മത്സരങ്ങളാണ് രാജ്യത്തിനായി കളിച്ചത്. 19 രാജ്യന്തര ഗോളുകളും ഇതിഹാസ താരം നേടിയിട്ടുണ്ട്.

You Might Also Like