യായാ ടുറെ ഇന്ത്യയിലേക്ക്, റാഞ്ചാന്‍ രണ്ട് ഐഎസ്എല്‍ ക്ലബുകള്‍

മുന് ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം യായാ ടുറെയെ സ്വന്തമാക്കാന്‍ നീക്കം നടത്തി ഐഎസ്എല്‍ ക്ലബുകള്‍. മുംബൈ സിറ്റി എഫ്‌സിയും ജംഷഡ്പൂര്‍ എഫ്‌സിയുമാണ് ഐവറികോസ്റ്റ് ലോകത്തിന് സമ്മാനിച്ച ഈ മിഡ്ഫീല്‍ഡറെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുന്നത്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ 37കാരനായ യായ ടുറെ ചൈനീസ് സൂപ്പര്‍ ലീഗില്‍ ക്വുന്‍ഡായോ ഹുവാന്‍ഗായ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്കായി 74 മത്സരവും പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി 230 മത്സരവും കളിച്ചിട്ടുളള താരമാണ് യായ ടുറെ.

ബാഴ്‌സക്കായി നാലും സിറ്റിയ്ക്കായി 59ഉം ഗോളുകള്‍ ഈ മധ്യനിര താരം നേടിയിട്ടുണ്ട്. ഐവറി കോസ്റ്റ് നിരയില്‍ 2015 വരെ സ്ഥിര സാന്നിധ്യമായ യായ 101 മത്സരങ്ങളാണ് രാജ്യത്തിനായി കളിച്ചത്. 19 രാജ്യന്തര ഗോളുകളും ഇതിഹാസ താരം നേടിയിട്ടുണ്ട്.

യായ ടുറെ ഐഎസ്എല്‍ കളിക്കാനെത്തുകയാണെങ്കില്‍ റോബോര്‍ട്ടോ കാര്‍ലോസിനും ഫോര്‍ലാനും എല്ലാം ശേഷം വീണ്ടും ഒരു സൂപ്പര്‍ താരമാകും ഇന്ത്യയില്‍ പന്ത് തട്ടുക. നിലവില്‍ ആറോളം വിദേശ താരങ്ങളെ മുംബൈ ടീമിലെത്തിച്ച് കഴിഞ്ഞു. ജംഷഡ്പൂരാകട്ടെ നിരവധി താരങ്ങളുമായി ചര്‍ച്ചയിലാണ്. യായ ഇന്ത്യയിലെത്തുമോയെന്ന് ഇതോടെ ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍.

You Might Also Like