റാങ്കിംഗില്‍ ഇന്ത്യന്‍ കൊടുങ്കാറ്റ്, ഉദിച്ചുയര്‍ന്ന് ജയ്‌സ്വാള്‍, നേട്ടം കൊയ്ത് രോഹിത്തും അശ്വിനും ജഡേജയും

Image 3
CricketCricket News

ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ വന്‍ മുന്നേറ്റവുമായി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ റാങ്കിംഗില്‍ കുതിച്ചിരിക്കുകയാണ്. രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 214 റണ്‍സെടുത്ത പ്രകടനത്തോടെ യശസ്വി 14 സ്ഥാനങ്ങളുയര്‍ന്ന് തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച 15-ാം റാങ്കിലെത്തി.

രാജ്‌കോട്ടിലെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ 12-ാം സ്ഥാനത്തേക്കുയര്‍ന്നതും ശ്രദ്ധേയമാണ്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും പുതിയ റാങ്കിംഗ് നേട്ടത്തിന്റെതാണ്. അതേസമയം ആര്‍ അശ്വിന്‍ ബൗളര്‍മാരില്‍ രണ്ടാമതെത്തി.

ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ ഒന്നും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് രണ്ടും സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ ഓരോ സ്ഥാനങ്ങളുയര്‍ന്ന് ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍ മൂന്നും പാകിസ്ഥാന്‍ താരം ബാബര്‍ അസം നാലും സ്ഥാനത്തെത്തി. റൂട്ട് നിലവില്‍ അഞ്ചാമനാണ്. ഏഴാമതുള്ള വിരാട് കോലിയാണ് പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബാറ്റര്‍. കോഹ്ലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നില്ല.

ജയ്‌സ്വാളിനും രോഹിത്തിനും പുറമെ 12 സ്ഥാനങ്ങളുയര്‍ന്ന് 13-ാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കെറ്റാണ് പുതുക്കിയ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ബാറ്റര്‍. രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 153 റണ്‍സ് നേടിയത് ഡക്കെറ്റിന് തുണയായി.

അതേസമയം ബൗളര്‍മാരില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ഭുംറ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ തന്നെ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയെ മറികടന്ന് രണ്ടാമതെത്തി. രാജ്‌കോട്ടിലെ രണ്ടാം ഇന്നിംഗ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം മത്സരത്തില്‍ ആകെ ഏഴ് പേരെ പുറത്താക്കിയ രവീന്ദ്ര മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് ആറാമതെത്തിയതാണ് ടീം ഇന്ത്യക്ക് മറ്റൊരു പ്രധാന നേട്ടം.

അതേസമയം ഓള്‍റൗണ്ടര്‍മാരില്‍ രാജ്‌കോട്ടിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തോടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിച്ചു. ജഡേജയ്ക്ക് 469 റേറ്റിംഗ് പോയിന്റും രണ്ടാമതുള്ള ആര്‍ അശ്വിന് 330 പോയിന്റുമാണുള്ളത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ മൂന്നാമത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ അക്‌സര്‍ പട്ടേല്‍ നാലാം സ്ഥാനത്ത് എത്തിയതും നേട്ടമായി.