രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി, അരങ്ങേറ്റ മത്സരത്തില്‍ ചരിത്രമെഴുതി യാഷ് ദുള്‍

Image 3
CricketTeam India

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയ്ക്കായി അരങ്ങേറി ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിതന്ന നായകന്‍ യാഷ് ദുള്‍. കരുത്തരായ തമിഴ്‌നാടിനെതിരെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയാണ് യാഷ് ദുള്‍ ഞെട്ടിച്ചത്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഇരുഇന്നിംഗ്‌സിലും സെഞ്ച്വറി നേടിയ മൂന്നാമത്തെ മാത്രം താരമായി മാറിയിരിക്കുകയാണ് യാഷ് ദുള്‍.

മുന്‍ ഇന്ത്യന്‍ നായകന്‍ നരി കോണ്‍ട്രാക്റ്ററാണ് ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഗുജറാത്തിനായി രഞ്ജി കളിച്ചപ്പോഴാണ് അദ്ദേഹം ഇരു ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി. മഹാരാഷ്ട്രന്‍ താരം വിരാഗ് അവാതേയും അരങ്ങേറ്റ മത്സരത്തില്‍ ഇരു ഇന്നിംഗ്‌സുകളിലും സെഞ്ച്വറി അടിച്ച് കൂട്ടിയിരുന്നു.

തമിഴ്‌നാടിനെതിരെ 42 റണ്‍സ് ലീഡ് വഴങ്ങിയ ക്ഷീണത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്കായി യാഷ് ദുള്ളിനൊപ്പം മറ്റൊരു ഓപ്പണര്‍ ദ്രുവ് ഷോറേയും സെഞ്ച്വറി നേടി. ഇരുവരും പുറത്താകാതെ 228 റണ്‍സ് അടിച്ച് കൂട്ടിയതോടെ മത്സരം സമനിലയ്ക്ക് പിരിയാന്‍ ഇരുനായന്മാരും സമ്മതിക്കുകയായിരുന്നു.

യാഷ് ദുള്‍ രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 113 റണ്‍സാണ് നേടിയത്. 202 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് 19കാരന്‍ രണ്ടാം സെഞ്ച്വറി നേടിയത്. ദ്രുവ് ഷോറോ ആകട്ടെ 165 പന്തില്‍ 13 ഫോറടക്കം പുറത്താകാതെ 107 റണ്‍സും സ്വന്തമാക്കി.

നേരത്തെ ആദ്യ ആദ്യ ഇന്നിംഗ്‌സിലും യാഷ് ദുള്‍ 113 റണ്‍സാണ് എടുത്തത്. 150 പന്തില്‍ 18 ഫോര്‍ സഹിതമായിരുന്നു യാഷ് ദുള്ളിന്റെ പ്രകടനം.