സ്‌പെയിന്‍ സ്വിസ് കുരുതി നടത്തിയിട്ടുണ്ടാകാം, പക്ഷേ ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങള്‍ ജയിച്ചത് യാന്‍ സോമറാണ
സന്ദീപ് ദാസ്
സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷേ ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങള്‍ ജയിച്ചത് യാന്‍ സോമറാണ്. സ്വിസ് പടയുടെ വിശ്വസ്തനായ ഗോള്‍ കീപ്പര്‍…!
ഒരു കൊച്ചു രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. വലിയ ഫുട്‌ബോള്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. നീണ്ട 67 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് അവര്‍ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചത്.
ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ മുമ്പില്‍ ചെന്നുപെട്ടപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തകരുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ സോമര്‍ മിന്നിത്തിളങ്ങി. സാക്ഷാല്‍ എംബാപ്പെയുടെ പെനല്‍റ്റി കിക്ക് ആണ് സോമര്‍ തടുത്തിട്ടത് ! ഫ്രാന്‍സ് പരാജയം നുണഞ്ഞു.
ആ വിജയത്തിനുശേഷം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സകല തെരുവുകളിലും ഉത്സവപ്രതീതിയായിരുന്നു. ഫ്രാന്‍സിനെതിരായ വിജയം ആ ജനതയ്ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
യൂറോ കപ്പും ലോകകപ്പും ജയിച്ച പാരമ്പര്യമുള്ള,ഗോളുകള്‍ അടിച്ചുകൂട്ടുന്നത് ഒരു നേരമ്പോക്കായി കണക്കാക്കുന്ന സ്‌പെയിന്‍ ആയിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അടുത്ത കടമ്പ. മൈതാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് പത്തുപേരായി ചുരുങ്ങി. പക്ഷേ സോമറിന്റെ പോരാട്ടവീര്യം മാത്രം ഒടുങ്ങിയില്ല. അതുകൊണ്ട്
കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ക്വാര്‍ട്ടര്‍ ഫൈനല്‍ ജയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിക്കും എന്ന് വിശ്വസിച്ച ഏക കളിക്കാരന്‍ സോമറായിരുന്നു. അയാള്‍ പരമാവധി ശ്രമിച്ചു. പക്ഷേ സഹതാരങ്ങളെ സമ്മര്‍ദ്ദം കീഴടക്കി. അവരുടെ ലക്ഷ്യം പിഴച്ചു. കിക്കുകള്‍ ബാറിനുമുകളിലൂടെ പറക്കുകയും ഗോള്‍കീപ്പറുടെ കരങ്ങളിലെത്തുകയും ചെയ്തു.
സ്‌പെയിനിന്റെ ജയഭേരി മുഴങ്ങിയപ്പോള്‍ ഒരു മൂലയില്‍ സോമര്‍ നിരാശനായി നില്‍ക്കുന്നുണ്ടായിരുന്നു.
പ്രിയ ചാമ്പ്യന്‍…നിരാശപ്പെടേണ്ടതില്ല. ഈ കളി കണ്ടവര്‍ വരും തലമുറയോട് പറയും-
‘2020 യൂറോകപ്പില്‍ സ്‌പെയിന്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളിയ്ക്ക് കാവല്‍ മാലാഖയുടെ മുഖവും ചിറകുകളും ഉണ്ടായിരുന്നു. സഹതാരങ്ങളുടെ നിരുത്തരവാദിത്തം മൂലം ചിറകുകള്‍ കൈമോശം വന്നപ്പോഴും അയാളില്‍ ജേതാവിന്റെ ചൈതന്യമുണ്ടായിരുന്നു…!’