ബാഴ്‌സക്ക് ഏറ്റവും യോജിച്ച പരിശീലകനെ നിർദേശിച്ച് സാവി, മികച്ച വ്യക്തിത്വത്തിനുടമയെന്നു പ്രശംസ

കൂമാനു ശേഷം ബാഴ്സയുടെ പരിശീലകസ്ഥാനത്തേക്ക് ഏറ്റവും ഉയർന്നു കേട്ട പേരുകളിലൊന്നാണ് ഇതിഹാസതാരം സാവി ഹെർണാണ്ടാസിന്റേത്. ബാഴ്സയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്തും സ്ഥാനാർത്ഥികൾ സാവിയെ ബാഴ്സയുടെ പരിശീലകനായി കൊണ്ടുവരുമെന്ന വാഗ്ദാനങ്ങൾ മുന്നോട്ടു വെച്ചിരുന്നു. നിലവിൽ ഖത്തർ ക്ലബ്ബായ ആൾ സാദിന്റെ പരിശീലകനായി തുടരുകയാണ് സാവി.

ബാഴ്സയുടെ പരിശീലകനാവാനുള്ള ആഗ്രഹം മുൻപ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും താൻ ഇതുവരെയും തയ്യാറായിട്ടില്ല എന്ന കാരണത്താൽ ബാഴ്സയുടെ ഓഫറുകൾ സാവി നിഷേധിക്കുകയായിരുന്നു. എന്നാലിപ്പോൾ കൂമാനു കീഴിൽ ബാഴ്സ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാഴ്സക്ക് നിലവിൽ ഏറ്റവും മികച്ച ഒരു പരിശീലകനെ നിർദേശിച്ചിരിക്കുകയാണ് സാവി. നിലവിലെ ജർമനി പരിശീലകനായ ജോക്കിം ലോയെയാണ് സാവി ബാഴ്സ പരിശീലകസ്ഥാനത്തിലേക്ക് നിർദേശിച്ചിരിക്കുന്നത്. ജർമൻ മാധ്യമമായ സഡ്ഡുഷേ സെയ്ടുങ്ങിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അദ്ദേഹം ഒരു സമർത്ഥനായ പരിശീലകനാണ്. അദ്ദേഹമെപ്പോഴും ആക്രമണ ഫുട്ബോൾ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നയാളായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ചാമ്പ്യനുമായി. ജർമനി എപ്പോഴും ഫുട്ബോളിനെ വ്യത്യസ്തമായ തലത്തിൽ മനസിലാക്കുന്നവരാണ്. അതെന്നെ ഓർമപ്പെടുത്തുന്നത് സ്പെയിനിനെയും ഒപ്പം ബാഴ്‌സയേയും.”

“അദ്ദേഹം ബാഴ്സയ്ക്ക് യോജിച്ച മികച്ച പരിശീലകനാണ്. കാരണം കളിയെക്കുറിച്ച് മികച്ച അവബോധം അദ്ദേഹത്തിനുണ്ട്. ഒപ്പം മികച്ച വ്യക്തിത്വവും.” സാവി പറഞ്ഞു. വരുന്നത് യൂറോക്ക്‌ ശേഷം ജർമൻ പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങാനൊരുങ്ങുകയാണ് ജോകിം ലോ. ലാലിഗയാണ്‌ ലക്ഷ്യമെന്ന സൂചന ലോ നൽകിയിരുന്നു. സ്പാനിഷ് പഠിക്കാൻ ശ്രമങ്ങൾ തുടങ്ങിയെന്നതാണ് ഈ വാദത്തെ സാധൂകരിക്കുന്നത്. ഏതു ക്ലബ്ബാണെന്നു ലോ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

You Might Also Like