യഥാര്‍ത്ഥത്തില്‍ കത്തിമുനയിലായിരുന്നു ഞാന്‍, കോഹ്ലിയുടെ തോളില്‍ അഭയം പ്രാപിക്കാനുളള കാരണം വെളിപ്പെടുത്തി വില്യംസണ്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് കിരീടം നേടിയെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച കാഴ്ച്ച മറ്റൊന്നായിരുന്നു. വിജയിച്ച ടീമിന്റെ നായകനായ കെയ്ന്‍ വില്യംസണ്‍ തോറ്റ ടീമിന്റെ നായകനായ കോഹ്ലിയുടെ തോളില്‍ ചാരി കിടക്കുന്ന ചിത്രമാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോസ്റ്റര്‍ ചിത്രമായി മാറിയത്.
ഇന്ത്യയെ കീഴടക്കി കിരീടം നേടിയശേഷമാണ് കെയ്ന്‍ വില്യംസണ്‍ മുഷ്ടി ചുരുട്ടി വിജയാവേശം പ്രകടിപ്പിക്കുന്നതിന് പകരം കളിക്കാര്‍ക്കെല്ലാം ഹസ്തദാനം ചെയ്തശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ തോളില്‍ അഭയം പ്രാപിച്ചത്. രാജ്യത്തിന്റെ ആദ്യ ലോകകിരീടം നേടിയിട്ടും എന്തുകൊണ്ടാണ് വിജയാവേശത്തില്‍ മതിമറക്കാതിരുന്നതെന്ന് തുറന്നു പറയുകയാണ് കെയ്ന്‍ വില്യംസണ്‍.
പ്രമുഖ കായിക മാധ്യമമായ ക്രിക് ബസിന് നല്‍കിയ അഭിമുഖത്തിലാണ് കോലിയുടെ തോളില്‍ തല ചായ്ച്ചതിനെക്കുറിച്ചും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ചും മനസുതുറന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അന്തിമഫലം മാത്രം നോക്കുന്നവര്‍ക്ക് അത് ഞങ്ങളുടെ അനായാസ വിജയമായിരുന്നുവെന്ന് തോന്നാം. എന്നാല്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഒന്നും അനായാസമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യക്കെതിരായ മത്സരങ്ങള്‍ എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. കാരണം അവരുടെ കളിനിലവാരം തന്നെ. അതുപോലെ തന്നെയായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും കടുത്ത പോരാട്ടമായിരുന്നു. ശരിക്കും പറഞ്ഞാല്‍ കത്തിമുനയിലൂടെയുള്ള യാത്രപോലെയായിരുന്നു ഫൈനല്‍. ഏത് സമയത്തും എങ്ങോട്ടുവേണമെങ്കിലും തിരിയാമായിരുന്ന മത്സരം.
മത്സരശേഷം കോഹ്ലിയെ ആലിംഗനം ചെയ്ത് തോളില്‍ തലചായ്ച്ചത് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയം ബന്ധത്തിന്റെയും ആഴം കാണിക്കുന്നതാണ്. വര്‍ഷങ്ങളായുള്ള ബന്ധമാണ് വിരാടും ഞാനും തമ്മിലുള്ളത്. അതുകൊണ്ടുതന്നെ മത്സരശേഷമുള്ള ആ ആലിം?ഗനം ഞങ്ങളുടെ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടുന്നതുമായി. ക്രിക്കറ്റിനെക്കാള്‍ ആഴത്തിലുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്. അത് ഞങ്ങള്‍ക്ക് രണ്ടുേപേര്‍ക്കും നല്ലതുപോലെ അറിയുകയും ചെയ്യാം-വില്യംസണ്‍ പറഞ്ഞു.
കടുത്തൊരു പോരാട്ടത്തിനൊടുവില്‍ ഒരു ടീം കിരീടം നേടി. മറ്റേ ടീമിന് നിര്‍ഭാഗ്യം കൊണ്ട് അത് നഷ്ടമായി. എങ്കിലും ഗ്രൗണ്ടില്‍ പുറത്തെടുത്ത പോരാട്ടവീര്യത്തിന് ഇരു ടീമുകളും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വില്യംസണ്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മഴ മൂലം പലവട്ടം തടസപ്പെട്ടെങ്കിലും റിസര്‍വ് ദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ന്യൂസിലന്‍ഡ് കിരീടം നേടിയത്.