ആ യുഗം അന്നവസാനിച്ചേനെ, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്ല്‍

കഴിഞ്ഞ ഏകദിന ലോക കപ്പില്‍ ജയിച്ചിരുന്നെങ്കില്‍ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമായിരുന്നെന്ന് ന്യൂസിലന്‍ഡ് സീനിയര്‍ ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍. രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലിന് ഇറങ്ങാന്‍ തയാറെടുക്കവേയാണ് ടെയ്ലറുടെ ഈ വെളിപ്പെടുത്തല്‍.

‘ ലോര്‍ഡ്സിലെ ലോക കപ്പ് ഫൈനലിലെ തോല്‍വി ഏറെ നിരാശാജനകമായിരുന്നു. അന്ന് ഞങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ വിരമിക്കുമായിരുന്നു. ഞാന്‍ അത് ചെയ്യാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം ഇന്നും ഞാന്‍ ഇവിടെയുണ്ട്’ ടെയ്ലര്‍ പറഞ്ഞു. 2019 ലെ ലോക കപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ എതിരാളികളായ ഇന്ത്യന്‍ ടീമിനെ പ്രശംസിക്കാനും ന്യൂസിലന്‍ഡ് സൂപ്പര്‍ താരം മറന്നില്ല. ഇന്ത്യ ടീമിലുള്ളത് ലോകോത്തര താരങ്ങളാണെന്നും അവര്‍ക്കെതിരായ ഫൈനല്‍ പോര് ഏറെ കഠിനമായിരിക്കുമെന്നും ടെയ്ലര്‍ പറഞ്ഞു.

‘ഇന്ത്യ ഏറെകാലമായി ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ്. ബാറ്റ്സ്മാര്‍ക്കൊപ്പം ബോളര്‍മാരും ഏറെ മികച്ചതാണ്. ഇന്ത്യന്‍ ലൈനപ്പിലൂടെ കടന്ന് പോയാല്‍ തന്നെ ഒട്ടനവധി ലോകോത്തര താരങ്ങളാണുള്ളതെന്ന് കാണാം. അവര് ഏത് അന്തിമ ഇലവനെ തിരഞ്ഞെടുത്താലും അത് കടുപ്പമേറിയ ടീമായിരിക്കും.’

‘ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ നിന്ന് പുറത്ത് പോകുന്ന താരങ്ങളും ലോകോത്തര താരങ്ങളാണെന്നതാണ് ശ്രദ്ധേയം. പ്രമുഖ താരങ്ങളില്ലാതെ ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച് ലോകത്തെ ഞെട്ടിച്ചു. ഞങ്ങള്‍ മികവുറ്റ വെല്ലുവിളി പ്രതീക്ഷിക്കുന്നു’ ടെയ്ലര്‍ പറഞ്ഞു.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും

ന്യൂസിലന്‍ഡിനായി 442 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് 37 കാരനായ ടെയ്ലര്‍. 18,000 ന് മേല്‍ റണ്‍സും താരം ന്യൂസിലന്‍ഡ് ജേഴ്സിയില്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ടെയ്ലര്‍ ഉണ്ട്.

You Might Also Like