പൂജാരയെ കാത്തിരിക്കുന്നത് കരിയര്‍ എന്‍ഡ്, ആദ്യ വെടി പൊട്ടിച്ച് കോഹ്ലി

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക മാറ്റമുണ്ടാകുമെന്ന് ഉറപ്പായി. മുതിര്‍ന്ന താരം ചേതേശ്വര്‍ പൂജാരയുടെ സ്ഥാനമാണ് തൂങ്ങിയാടുന്നത്.
ഇന്ത്യക്കായി ടെസ്റ്റ് മാത്രം കളിക്കുന്ന പുജാരക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ പ്രകടനവും ബാറ്റിങ് ശൈലിയും വലിയ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന് വിശേഷിപ്പിക്കുന്ന പുജാര ഫൈനലില്‍ രണ്ട് ഇന്നിങ്സില്‍ നിന്ന് നേടിയത് 23 റണ്‍സാണ്.
28.03 ശരാശരിയില്‍ 841 റണ്‍സാണ് ടൂര്‍ണമെന്റിലെ പുജാരയുടെ സമ്പാദ്യം. അനാവശ്യമായി പ്രതിരോധിച്ച് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന പുജാരയ്ക്കെതിരേ നേരത്തെ മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ നായകന്‍ വിരാട് കോഹ്ലി തന്നെ ഇക്കാര്യം സൂചിപ്പിച്ചു.
‘കൂടുതല്‍ മികച്ച പദ്ധതികള്‍ തയ്യാറാക്കണം. എങ്ങനെയാണ് റണ്‍സ് നേടേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം. ഔട്ടാവുമോയെന്ന് പേടിക്കുകയല്ല ചെയ്യേണ്ടത് പകരം സ്‌കോര്‍ നേടാന്‍ ശ്രമം നടത്തണം. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വഴി അതാണ്. അല്ലാത്ത പക്ഷം ഔട്ടാകില്ലെന്ന് കരുതി ഒരു വശത്ത് നില്‍ക്കാനെ സാധിക്കൂ’ എന്ന് കോലി അഭിപ്രായപ്പെട്ടിരുന്നു. ഇത് പുജാരയെ ലക്ഷ്യം വെച്ചുള്ള പ്രതികരണമാണെന്ന തരത്തിലാണ് നിലവിലെ വിലയിരുത്തലുകള്‍.
പുജാര ക്രീസിലെത്തി നിലയുറപ്പിക്കാനായി അല്‍പ്പം ബോളുകള്‍ പ്രതിരോധിക്കുന്ന താരമാണ്. അതിന് ശേഷം മികച്ച ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു പ്രകടനമല്ല പുജാരയില്‍ നിന്ന് ഉണ്ടാവുന്നത്. അമിത പ്രതിരോധം നടത്തുന്ന താരത്തിന് വലിയ സ്‌കോര്‍ നേടാനും സാധിക്കുന്നില്ല. ഇത് ടീമിനെ അനാവശ്യ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്.
നേരത്തെ പൂജാരയ്ക്ക് ബാക്ക ഫൂട്ടില്‍ കളിക്കാനുളള കഴിവ് നഷ്ടപ്പെട്ടതായി ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നും പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം പൂജാരയ്ക്ക് അഗ്നിപരീക്ഷയാകും. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ പൂജാര തിളങ്ങിയില്ലെങ്കില്‍ കാത്തിരിക്കുന്നത് കരിയര്‍ എന്‍ഡാണ്.