ഭുംറയൊന്നുമല്ല, അര്‍സാന്റെ ഹൃദയം കീഴടക്കിയത് ആ ഇന്ത്യന്‍ ബൗളര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേക്കുമുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് ഒരു യുവതാരത്തിന്റെ സാന്നിധ്യമാണ്. ഗുജറാത്ത് സ്വദേശിയായ ഇടംകൈയ്യന്‍ പേസര്‍ അര്‍സാന്‍ നഗ്വാസല്ല സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഇടംപിടിച്ചതാണ് ചര്‍ച്ചയായത്.

ആര്‍ക്കും തന്നെ സുപരിചിതനല്ലാത്ത, ഐപിഎല്‍ പോലും കളിക്കാത്ത താരം എങ്ങനെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചുവെന്നായി പിന്നീട് ക്രിക്കറ്റ് ലോകത്തിന്റെ അന്വേഷണം. എന്നാല്‍ ഈ അന്വേഷണത്തില്‍ തെളിഞ്ഞത് അര്‍സാന്‍ ചെറിയ മീനല്ലെന്നും ഭാവിയിലെ ഇന്ത്യന്‍ ടീമിന്റെ മുഖമായി മാറാന്‍ വരെ സാധ്യതയുള്ള അപൂര്‍വ്വ പ്രതിഭയുളളയാളാണെന്നുമാണ്.

അതെസമയം തന്റെ മാതൃക താരം ആരെന്ന അര്‍സാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ഇഷ്ടതാരവും പ്രചോദനവും ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണെന്നാണ് അര്‍സാന്‍ നഗ്വാസ്വല്ല തുറന്ന് പറഞ്ഞത്.

‘എന്റെ ഇഷ്ടതാരവും പ്രചോദനവും എപ്പോഴും സഹീര്‍ ഖാനായിരിക്കും. പ്രധാനമായും അദ്ദേഹവും ഇടം കൈയന്‍ പേസറാണ്. അദ്ദേഹം ഇന്ത്യക്കായി കളിക്കുന്നത് മികച്ച പ്രകടനം നടത്തുന്നതും കണ്ടാണ് വളര്‍ന്നത്’- ബിസിസി ഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍സാന്‍ നഗ്വാസ്വല്ല പറഞ്ഞു.

ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്സ് ബൗളറായ അര്‍സാന്‍ ഉണ്ടായിരുന്നു. 23കാരനായ താരം 16 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 62 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതും 3.2 എന്ന മികച്ച ഇക്കോണമിയില്‍.

കരിയറില്‍ വളര്‍ച്ച കൈവരിക്കാന്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ വഹിച്ച പങ്കിനെക്കുറിച്ചും അര്‍സാന്‍ മനസ് തുറന്നു.

‘2018ലെ വിജയ് ഹസാരെ ട്രോഫിയില്‍ പാര്‍ഥിവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഞാന്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ അദ്ദേഹം താരങ്ങളെയും ടീമിനെയും നയിച്ചത് തികച്ചും വ്യത്യസ്തമായായിരുന്നു.ടീമിലെ നിന്റെ റോള്‍ എന്താണെന്നതിനെക്കുറിച്ച് നീ കൃത്യമായി മനസിലാക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. മൂന്നാം പേസറാണോ അതോ ന്യൂബോള്‍ ബൗളറാണോയെന്ന് കൃത്യമായി അറിയണം. പദ്ധതികള്‍ക്ക് അദ്ദേഹം എപ്പോഴും മുന്‍തൂക്കം നല്‍കിയിരുന്നു. പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വയം ആത്മവിശ്വാസത്തിലേക്കെത്താന്‍ പറയുമായിരുന്നു’-അര്‍സാന്‍ പറഞ്ഞു.

23 വയസിനുള്ളില്‍ത്തന്നെ ഐപിഎല്ലില്‍ പോലും കളിക്കാതെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ അര്‍സാന്‍ ചില്ലറക്കാരനല്ലെന്ന് വ്യക്തം. അണ്ടര്‍ 16,19,23 ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

 

You Might Also Like