അവനോട് ഞാന്‍ കാണിച്ചത് മാന്യത, ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാനത് പറയും, തുറന്നടിച്ച് ദ്രാവിഡ്

Image 3
CricketTeam India

ഇന്ത്യന്‍ ടീമില്‍ നിന്ന് പിറത്താക്കപ്പെട്ടതിന് പിന്നാലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ പരോക്ഷമായി വിമര്‍ശിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധി സാഹ രംഗത്തെത്തിയിരുന്നല്ലോ. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രാഹുല്‍ ദ്രാവിഡും നിലപാട് വ്യക്മാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് പുറകെ തന്നെ ഇനി ഇന്ത്യന്‍ ടീമില്‍ പരിഗണിക്കുകയില്ലെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കാന്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദ്ദേശിച്ചുവെന്നുമാണ് വൃദ്ധിമാന്‍ സാഹ പറഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് വൃദ്ധിമാന്‍ സാഹയുടെ വെളിപ്പെുത്തലുകളോട് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത്.

സാഹ ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാത്തതാണെന്നും എന്നാല്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്ന വിവരം അദ്ദേഹം നേരിട്ട് എന്നില്‍ നിന്ന് അറിഞ്ഞോട്ടെ എന്ന് കരുതിയാണ് അദ്ദേഹത്തതോടെ സംസാരിച്ചതെന്നും ഒരിക്കലും അക്കാര്യം മാധ്യമങ്ങളിലൂടെ ആകരുത് അവന്‍ അറിയുന്നതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.

‘അവന്റെ വാക്കുകളില്‍ എനിക്കൊരു ദുഖവുമില്ല. വൃദ്ധിമാന്‍ സാഹയോടും ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടിയുള്ള അവന്റെ നേട്ടങ്ങളോടും സംഭാവനകളോടും എനിക്ക് വളരെയികം ബഹുമാനമുണ്ട്. അതില്‍ നിന്നാണ് അവനുമായുള്ള സംഭാഷണം ഉടലെടുത്തത്. അവന്‍ സത്യസന്ധതയും വ്യക്തതയും അര്‍ഹിക്കുന്നു. മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങള്‍ അവന്‍ വായിച്ചറിയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ‘ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

‘ഇത് ഞാന്‍ കളിക്കാരുമായി നടത്തുന്ന സംഭാക്ഷണങ്ങളാണ്. ഞാന്‍ നല്‍കുന്ന എല്ലാ സന്ദേശങ്ങളും കളിക്കാര്‍ക്ക് ഇഷ്ടപെടുമെന്നോ അവര്‍ അതിനോട് യോജിക്കുമെന്നോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ എനിക്കൊരു വിഷമവുമില്ല. ഇപ്പോഴും ഒരു പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഞാനോ രോഹിത് ശര്‍മ്മയോ കളിക്കാത്ത താരങ്ങളുമായി സംസാരിക്കും. കളിക്കാര്‍ ചിലപ്പോള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. എന്റെ ടീം വ്യക്തതയും സത്യസന്ധതയും അര്‍ഹിക്കുന്നുവെന്ന് തോന്നി, അതാണ് ഞാന്‍ അറിയിക്കാന്‍ ശ്രമിച്ചത്’ ദ്രാവിഡ് പറഞ്ഞു.

‘ഈ വര്‍ഷം മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. റിഷഭ് പന്ത് ടീമില്‍ സ്ഥാനം ഉറപ്പിച്ചതോടെ ഒരു പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെ വളര്‍ത്തിയെടുക്കാന്‍ ഞങ്ങള്‍ നോക്കുകയാണ്. ഇത് സാഹയോടുള്ള എന്റെ ബഹുമാനത്തെയോ ടീമിന് വേണ്ടിയുള്ള അവന്റെ സംഭാവനകളുടേയോ മാറ്റുകുറയ്ക്കുന്നില്ല’ രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഏറ്റവും എളുപ്പം ഈ സംഭാക്ഷണങ്ങള്‍ നടത്താതിരിക്കുകവെന്നതാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഇതെല്ലാം മുന്‍കൂട്ടി അവനോട് പറയാന്‍ കഴിഞ്ഞുവെന്ന വസ്തുത അവര്‍ മാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ രാഹുല്‍ ദ്രാവിഡ് പറഞ്ഞ് നിര്‍ത്തി.