ഇംഗ്ലണ്ടിലേക്ക് വരൂ, പിച്ച് ഒരുക്കി കാണിച്ച് താരം, ആഞ്ഞടിച്ച ജോറൂട്ട്

മൊട്ടേരയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇങ്ങനൊരു പരാജയം ഇംഗ്ലണ്ട് സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല. സ്പിന്നര്‍മാര്‍ അരങ്ങു വാണപ്പോള്‍ മത്സരം രണ്ട് ദിവസം കൊണ്ട് തീര്‍ന്നു. ഈ ദയനീയ പരാജയത്തിന്റെ ദുഃഖവും ദേഷ്യവുമെല്ലാം മത്സര ശേഷമുള്ള ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വാക്കുകളില്‍ നിന്ന് പ്രകടമായിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് വരുമ്പോള്‍ മികച്ച പിച്ചൊരുക്കുമെന്നും അനുകൂല പിച്ചൊരുക്കി കളി ജയിക്കേണ്ട അവസ്ഥ തങ്ങള്‍ക്കില്ലെന്നുമാണ് റൂട്ട് പറഞ്ഞത്.

‘ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോള്‍ മികച്ച പിച്ചൊരുക്കും. ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ അവിടുത്തെ കാലാവസ്ഥ ചിലപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കും. നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം ബാറ്റ് ചെയ്യുക. എല്ലായ്പ്പോഴും നിങ്ങള്‍ ഉദ്ദേശിക്കുന്നതിനെക്കാള്‍ മികച്ച പിച്ച് നിങ്ങള്‍ക്ക് ലഭിക്കും. ഞങ്ങളുടെ പേസര്‍മാര്‍ക്ക് എല്ലായ്പ്പോഴും വിക്കറ്റുകള്‍ നേടാനുള്ള കഴിവുണ്ട്.’

‘മികച്ച ഒരു ടീമിനെ വികസിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലോകത്തിന്റെ എല്ലായിടത്തും പോവുകയും മത്സരിക്കുകയും ചെയ്യേണ്ടതുണ്ട്. തുടര്‍ച്ചയായി വലിയ റണ്‍സുകള്‍ നേടി ശീലിക്കേണ്ടതുണ്ട്. നല്ല പ്രതലങ്ങളില്‍ പന്തെറിയാവും 20 വിക്കറ്റ് നേടാനുമുള്ള വഴികള്‍ കണ്ടെത്താനും ഞങ്ങള്‍ പരിശീലിക്കണം. അങ്ങനെ ഒരു നല്ല ടീമിനെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്’ റൂട്ട് പറഞ്ഞു.

മൊട്ടേരയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ സംഹാര താണ്ഡവമാടിയപ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ നക്ഷത്രമെണ്ണി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 49 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 7.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തി.

ഇന്ത്യയ്ക്ക് 33 റണ്‍സ് മാത്രം ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട്, 30.4 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്ക് മുന്നില്‍ 49 റണ്‍സ് വിജയലക്ഷ്യമുയര്‍ന്നത്.

You Might Also Like