ബംഗ്ലാ ടീമിന്റെ പരിശീലക സ്ഥാനം വരെ ഉപേക്ഷിച്ചു, ആഞ്ഞടിച്ച് ജാഫര്‍

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് വിശദീകരണവുമായി വസീം ജാഫര്‍. ടീമിലേക്ക് മതത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ തിരഞ്ഞെടുത്തിരുന്നതെന്ന ആരോപണത്തിനാണ് വസീം ജാഫറിന്റെ മറുപടി. തന്റെ രാജിയും ‘വര്‍ഗീയതയും’ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ജാഫര്‍ പറഞ്ഞു.

‘ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണ്. എന്റെ രാജിക്കെതിരെ ഉന്നയിച്ച വര്‍ഗീയവശം സങ്കടകരമാണ്. നിങ്ങള്‍ക്ക് വളരെക്കാലമായി എന്നെ അറിയാം. അങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഞാന്‍ രാജിവയ്ക്കുന്നതിന് മുന്‍പുതന്നെ എന്നെ പിരിച്ചുവിടുമായിരുന്നു.’ വസീം ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടീം സിലക്ഷനില്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ ഉള്‍പ്പെടെയുള്ളര്‍ വ്യാപകമായി ഇടപെടുന്നെന്ന് ആരോപിച്ചാണ് ജാഫര്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചത്. ടീമിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് മഹിം വര്‍മ തന്നോട് ചര്‍ച്ച ചെയ്തിട്ടേയില്ല.

വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ ക്യാപ്റ്റനെ മാറ്റി, 11 കളിക്കാരെ മാറ്റി. എന്നിട്ടും കോച്ച് അറിഞ്ഞില്ല. താന്‍ പറയുന്ന ടീമിനെ തിരഞ്ഞെടുക്കണമെന്നല്ല. എന്നാല്‍ തന്റെ ശുപാര്‍ശകള്‍ പരിഗണിക്കുകയെങ്കിലും വേണമായിരുന്നു. അല്ലാതെ ഒരു കോച്ചിന് എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ജാഫര്‍ ചോദിച്ചു.

ബംഗ്ലദേശ് ദേശീയ ടീമിന്റെ ബാറ്റിങ് പരിശീലകനാകാനുള്ള വാഗ്ദാനം വരെ നിരസിച്ചാണ് ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകനായതെന്ന് രാജിക്കത്തില്‍ വസീം ജാഫര്‍ സൂചിപ്പിച്ചു. പൂര്‍ണ അര്‍പ്പണബോധത്തോടെയാണ് ഇതുവരെ ഉത്തരാഖണ്ഡ് ടീമിനെ പരിശീലിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു

You Might Also Like