ഗോളടിക്കാനാകാതെ കെയിന്‍, കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ബൂട്ട് ജേതാവിനെതെന്തുപറ്റി

ആദ്യകളിയില്‍ ഇറാനെതിരെ ആറുഗോള്‍നേടി ആധികാരികജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീം യു.എസ്.എയ്‌ക്കെതിരായ രണ്ടാംമത്സരത്തില്‍ പ്രതിഭയുടെ നിഴല്‍മാത്രമായി. ഇംഗ്ലണ്ട് ടീമിലെ പ്രധാനതാരവും ക്യാപ്റ്റനുമായ ഹാരികെയ്ന്‍ തീര്‍ത്തും നിറംമങ്ങിയതാണ് തിരിച്ചടിയായത്. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഹാരി കെയിന്‍ മികച്ചൊരു പ്രകടനം ഇതുവരെ പുറത്തെടുത്തില്ല. ആദ്യകളിയില്‍ ഇംഗ്ലണ്ട് നേടിയ അറുഗോളില്‍ ഒന്നുപോലും കെയിനിന്റെ പേരിലല്ല. എന്നാല്‍ അസിസ്റ്റുമായി തിളങ്ങാനായതായിരുന്നു ആശ്വാസം.


യു.എസ്.എയ്‌ക്കെതിരെ സ്റ്റര്‍ലിംഗ്-കെയിന്‍-സാക സഖ്യം വേണ്ടവിധത്തില്‍ ക്ലിക്കായില്ല. ഇറാനെതിരായ മത്സരത്തില്‍ കെയിനിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ സംശയമുണ്ടായിരുന്നു. മുഴുവന്‍ സമയവും കളിപ്പിക്കാതെ താരത്തെ സൗത്ത് ഗേറ്റ് തിരിച്ച് വിളിക്കുകയുമുണ്ടായി. എന്നാല്‍ യു.എ.എയ്‌ക്കെതിരെ 90മിനിറ്റും ഗ്രൗണ്ടിലുണ്ടായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന് പക്ഷെ ചടുലമായനീക്കത്തിലൂടെ കളംനിറയാനായില്ല.


ഇംഗ്ലണ്ട് ക്ലബ് ടോട്ടനം ഹോസ്‌പോര്‍ട്ട് താരമായ കെയിന്‍ പ്രീമിയര്‍ലീഗ് മത്സരത്തിനിടെ കാലിന് പരിക്കേറ്റിരുന്നു. ആദ്യമത്സരത്തില്‍ കടുത്ത ടാക്ലിംഗിന് വിധേയനാകുകയും ചെയ്തു. എന്നാല്‍ യു.എ.എക്കെതിരെയും താരം മുഴുവന്‍സമയവും കളിച്ചു. കെയിനെ മുന്‍നിര്‍ത്തിയുള്ള 4-2-3-1 ശൈലിയില്‍തന്നെയാണ് സൗത്ത് ഗേറ്റ് യു.എ.എയ്‌ക്കെതിരെയും ടീമിനെ ഇറക്കിയത്. ആദ്യകളിയിലെ അതേസംഘം. എന്നാല്‍ ത്രീലയണ്‍സിന്റെ നീക്കങ്ങള്‍ കൃത്യമായി പ്രതിരോധിച്ച യു.എസ്.എ സംഘം സമനിലപിടിച്ചെടുക്കുകയായിരുന്നു. കെയിന്‍ വേഗംകണ്ടെത്താത്തിനെതുടര്‍ന്ന് പിന്നീട് 4-1-2-3 ശൈലിയിലേക്ക് ഇംഗ്ലണ്ട് മാറുകയും ചെയ്തു.
യു.എസ്.എയുടെ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് മികച്ചനീക്കങ്ങളിലൂടെ ഇംഗ്ലണ്ട് പ്രതിരോധത്തെ നിരന്തരം വിറപ്പിക്കുകയും ചെയ്തു. മികച്ചൊരു ഷോട്ട് പോസ്റ്റില്‍തട്ടി പുറത്തേക്ക് പോയത് യു.എസ്.എയ്ക്ക് നിരാശയായി. ജാക്ക് ഗ്രീലിഷിനെയും ഹെന്‍ഡേഴ്‌സണെയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനേയും ഇറക്കി ഗോള്‍നേടാനായി ശ്രമംനടത്തിയെങ്കിലും സമനിലയില്‍ കുരുങ്ങുകയായിരുന്നു. ഇതോടെ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് അടുത്ത മത്സരം നിര്‍ണായകമായി. വെയില്‍സിനെതിരെയാണ് അടുത്ത മത്സരം.

You Might Also Like