കോഹ്ലിയുടെ ആ ‘കുറവ്’ പരിഹരിക്കാന്‍ ടീം മാനേജുമെന്റ് ഒന്നും ചെയ്യാത്തതെന്ത് കൊണ്ട്? ഒരു കൗണ്‍സിലറെ അദ്ദേഹം അര്‍ഹിക്കുന്നു
കെ നന്ദകുമാര്‍ പിള്ള
എന്തുകൊണ്ട് മേജര്‍ ടൂര്ണമെന്റുകളുടെ ഫൈനല്‍/സെമിഫൈനല്‍ മത്സരങ്ങളില്‍ വിരാട് കോഹ്ലിക്ക് തിളങ്ങാനാകുന്നില്ല… സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം പ്രതീക്ഷ അര്‍പ്പിക്കുന്ന താരമാണ് കോഹ്ലി. പക്ഷെ പലപ്പോഴും നിര്‍ണായക സമയത്ത് കോഹ്ലി എന്ന കളിക്കാരന്‍/കോഹ്ലി എന്ന ക്യാപ്റ്റന്‍ പരാജയപ്പെടുന്നു.
ഐസിസി റാങ്കിങ് ടേബിളില്‍, ഏകദിനത്തില്‍ രണ്ടാം സ്ഥാനവും, ടെസ്റ്റില്‍ നാലാം സ്ഥാനവും, ടി20 യില്‍ അഞ്ചാം സ്ഥാനവും അലങ്കരിക്കുന്ന താരമാണ് കോഹ്ലി. എന്നിട്ടും വേണ്ട സമയത്ത് മികച്ച ഇന്നിംഗ്‌സ് കാഴ്ച വെക്കാന്‍ കോഹ്ലിക്ക് സാധിക്കുന്നില്ല.
2011 ലോകകപ്പ് ഫൈനല്‍ കളിക്കുമ്പോള്‍, കോഹ്ലി ഇന്ത്യന്‍ ടീമിലെ ഒരു സാധാരണ കളിക്കാരന്‍ മാത്രമായിരുന്നു. കൊഹ്‌ലിയെക്കാള്‍ നമ്മള്‍ പ്രതീക്ഷ വെച്ച മറ്റു താരങ്ങള്‍ ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ 35 റണ്‍സ് മാത്രമേ കോഹ്ലി നേടിയുള്ളു എങ്കിലും, ആ ഇന്നിംഗ്സും ഗംഭീറുമൊത്തുള്ള കൂട്ടുകെട്ടും ടീമിന് നിര്‍ണായകമായിരുന്നു.
2012 ലാണ് കൊഹ്ലിയില്‍ നിന്നും ഏറ്റവും മികച്ച ഇന്നിങ്സുകള്‍ പിറന്നത്. ശ്രീലങ്കക്കെതിരെ ഹൊബാര്‍ട്ടില്‍ 86 പന്തില്‍ നേടിയ 133*, പാകിസ്താനെതിരെ ധാക്കയില്‍ നേടിയ 183*(148) എല്ലാം ആ വര്ഷത്തിലായിരുന്നു. ആ രണ്ട് ഇന്നിങ്സുകള്‍ക്കും ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിച്ചില്ലെങ്കിലും, അതോടെ സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി കോഹ്ലി യെ ഇന്ത്യക്കാര്‍ കണ്ടു തുടങ്ങി.
2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോഹ്ലി നേടിയ 43(34) ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായി
2014 ടി20 ഫൈനലാണ് അടുത്തതായി ഇന്ത്യ കളിച്ച മേജര്‍ ഫൈനല്‍. അന്ന് ശ്രീലങ്കക്കെതിരെ 58 പന്തില്‍ 77 റണ്‍സുമായി കോഹ്ലി മികച്ച ഫോമില്‍ കളിച്ചെങ്കിലും യുവരാജ് സിംഗിന്റെ ഒരു മോശം ഇന്നിംഗ്‌സ് ഇന്ത്യ പരാജയപ്പെടുന്നതിനു കാരണമായി. ഇന്ത്യ മികച്ച ഫോമില്‍ കളിച്ച ടൂര്‍ണമെന്റ് ആയിരുന്നു 2015 ലോകകപ്പ്. എന്നാല്‍ ആസ്ട്രേലിയക്കെതിരെ സെമിഫൈനലില്‍ കോഹ്ലിക്ക് നേടാനായത് 1 റണ്‍ മാത്രം. 2016 ടി20 ലോകകപ്പ് സെമിയില്‍ 47 പന്തില്‍ 89 റണ്‍സുമായി കോഹ്ലി നിറഞ്ഞു നിന്നെങ്കിലും സിമ്മണ്‍സിന്റെയും റസ്സലിന്റെയും കൈക്കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ആ മത്സരം വിജയിച്ചു.
2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. ഇന്ത്യ വിജയമുറപ്പിച്ച മത്സരം. പക്ഷെ ഫാഖര്‍ സമാന്റെ തോളിലേറി 339 എന്ന വിജയലക്ഷ്യം പാക്കിസ്ഥാന്‍ ഇന്ത്യക്ക് മുന്‍പില്‍ വെച്ച് നീട്ടിയപ്പോള്‍ കൊഹ്ലിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഒരുപാട് പ്രതീക്ഷിച്ചു. പക്ഷെ 5 റണ്‍സില്‍ നില്‍ക്കേ കോഹ്ലി നല്‍കിയ അവസരം പാക്കിസ്ഥാന്‍ ഫീല്‍ഡര്‍ പാഴാക്കിയെങ്കിലും, അത് മുതലാക്കാന്‍ ആകാതെ തൊട്ടടുത്ത പന്തില്‍ വീണ്ടും ക്യാച് നല്‍കി പുറത്തായ കൊഹ്‌ലിയെയാണ് നമുക്ക് കാണാനായത്.
2019 ലോകകപ്പ് സെമി. അവിടെയും മികച്ച ഒരു ഇന്നിംഗ്‌സ് കളിച്ച് ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ ആകാതെ 1 റണ്ണുമായി പുറത്താകാന്‍ ആയിരുന്നു കോഹ്ലിയുടെ വിധി. ഐപില്ലിും സ്ഥിതി വ്യത്യസ്തമല്ല. എത്രയോ വര്ഷങ്ങളായി റോയല്‍ ചലഞ്ചേഴ്‌സിനെ കോഹ്ലി നയിക്കുന്നു.. പക്ഷെ.. ഇതുവരെ ടീമിന് കപ്പ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
അവസാനം ഇതാ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലും തന്റെ തലവര മാറ്റിയെഴുതാന്‍ കോഹ്ലിക്ക് കഴിഞ്ഞില്ല. കോഹ്ലി, ഞങ്ങള്‍ ഒരുപാട് ഒരുപാട് നിന്നില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. ടെസ്റ്റ് തുടങ്ങും മുന്‍പ്, ഒരു മാച്ച് വിന്നിങ് ഇന്നിഗ്സാണ് പ്രതീക്ഷിച്ചതെങ്കില്‍, രണ്ടാം ഇന്നിഗ്സില്‍ ഒരു മാച്ച് സേവിങ് ഇന്നിംഗ്‌സ് എങ്കിലും ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതി. പക്ഷെ രണ്ടും അസ്ഥാനത്തായി.
എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്. അമിത പ്രതീക്ഷകളുടെ ഭാരമാണോ, അതോ ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്ന പ്രഷര്‍ ആണോ… അത് എന്ത് തന്നെയായാലും ഇത്രയും മികച്ച കളിക്കാരന്‍ ഉണ്ടായിട്ടും നിര്‍ണായക സമയത്ത് ടീമിന് പ്രയോജനപ്പെടുന്നില്ല എന്നത് ഒരു സത്യമാണ്.
കോഹ്ലിയും ഒരു മനുഷ്യനാണ്. നമ്മളെപ്പോലെ മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു മനുഷ്യന്‍. ഇങ്ങനെ ഒരു കുറവ് അദ്ദേഹത്തിന് ഉണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ഈ കുറവ് ഉണ്ടെന്ന് അറിഞ്ഞിട്ടും അത് പരിഹരിക്കാന്‍ ടീം മാനേജ്മന്റ് എന്ത് ചെയ്തു എന്നത് ഒരു ചോദ്യമാണ്. എത്രയോ മികച്ച മനഃശാസ്ത്രജ്ഞര്‍, കൗണ്‍സിലര്‍മാര്‍ ഉള്ള രാജ്യമാണ് ഇന്ത്യ. അവരില്‍ ആരുടെയെങ്കിലും സഹായത്തോടെ കോഹ്ലിക്ക്, ഈ പ്രശ്‌നത്തില്‍ നിന്ന് മോചനം നേടാവുന്നതല്ലേ ഉള്ളൂ.. രവി ശാസ്ത്രി എന്ന കോച്ച് ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കുന്നു എന്നത് അറിയാന്‍ താല്പര്യമുണ്ട്.
(ഈ പോസ്റ്റ് വായിച്ച് ഞാന്‍ ഒരു കോഹ്ലി വിരോധിയാണ് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍, അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല. കോഹ്ലി എന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ നക്ഷത്രം, വിരമിക്കുന്നതിനു മുന്‍പ്, അദ്ദേഹത്തിന്റെ മികവില്‍ ഒരു ഐസിസി ട്രോഫി എങ്കിലും ഇന്ത്യ ഉയര്‍ത്തിയിരിക്കണം എന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍).
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍