ഇഷാന്തും രഹാനയും പറഞ്ഞത് സത്യം, തുറന്ന് പറഞ്ഞ് ഉമേഷും

Image 3
CricketTeam India

ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എന്ത് വിലകൊടുത്തും ജയിക്കാനുളള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ദുരിതങ്ങള്‍ താണ്ടിയാണെങ്കിലും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകും എന്ന് തന്നെയാണ് ഇന്ത്യന്‍ താരങ്ങള്‍ പ്രതീക്ഷിക്കുന്നത്. സതാംപ്ടണില്‍ ജൂണ്‍ 18 മുതലാണ് ഫൈനല്‍ ആരംഭിക്കുക.

അതിനിടെ കിവീസിനെ തോല്‍പ്പിക്കാനുളള ഏറ്റവും എളുപ്പമായ വഴിയേതെന്ന് കഴിഞ്ഞ ദിവസം പേസ് ബൗളര്‍ ഉമേഷ് യാദവ് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. കിവീസ് നായകന്‍ കെയ്ന്‍ വില്യംസന എന്ത് വിലകൊടുത്തും പെട്ടെന്ന് പുറത്താക്കുക എന്നതാണ് ഉമേഷ് പങ്കുവെച്ച ആശയം.

ഇപ്പോള്‍ ഇതേ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങളും ഒപ്പം വരുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ തന്നെ പോലുളള ചില താരങ്ങള്‍ക്ക് യഥാര്‍ത്വ ലോകകപ്പ് ഫൈനല്‍ തന്നെയാണെന്നും ഉമേഷ് വെളിപ്പെടുത്തുന്നു. അതിനുളള കാരണം ഇനി ഏകദിന-ടി20 ടീമുകളില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തതാണെന്നാണ് ഉമേഷ് സൂചിപ്പിക്കുന്നത്. ടീമിലെ സീനിയര്‍ താരങ്ങളായ ഇഷാന്ത് ശര്‍മ്മ,രഹനെ പോലുളളവരും സമാനമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഉമേഷ് പറയുന്നു.

‘ടീമിലെ ചില താരങ്ങളെങ്കിലും ഇനിയും ഇന്ത്യന്‍ കുപ്പായത്തില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിക്കുമോ എന്നത് വളരെ വലിയൊരു സംശയമാണ് .അതിനാല്‍ തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രധാന ക്രിക്കറ്റ് ലോകകപ്പിന് തുല്യമാണ് . മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ടീം ഫൈനലിലെത്തിയത്’ ഉമേഷ് പറഞ്ഞു.

‘ടീമിലെ സീനിയര്‍ താരങ്ങളായ ഇഷാന്ത് ,രാഹനെ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയതാണ് . ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ വരുന്ന ന്യൂസിലന്‍ഡിനെതിരായ മത്സരം ഒരു ലോകകപ്പ് ഫൈനലിന് തുല്യമാണ്. ടീം മുഴുവനും ഐസിസി ലോക ടെസ്റ്റ് ചാമ്പിപ്പന്‍ഷിപ് കിരീടം നേടുവാനുള്ള കഠിന ശ്രമത്തിലാണ് ‘ ഉമേഷ് യാദവ് കൂട്ടിചേര്‍ത്തു