ലോഡ്‌സില്‍ നിന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സില്‍ നിന്നും മാറ്റിയതിന് ഔദ്യോഗിക സ്ഥിരീകരണം. ഇംഗ്ലണ്ടിലെ തന്നെ മറ്റൊരു ക്രിക്കറ്റ് വേദിയായ സതാംപ്ടണിലേക്കാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേദി മാറ്റിയിരിക്കുന്നത്.

കോവിഡ് കാലത്തെ ടീമുകളുടെ സുരക്ഷയും കൂടുതല്‍ സൗകര്യവും കണക്കിലെടുത്താണ് ഐസിസി ലോര്‍ഡ്‌സില്‍ നിന്നും ഫൈനല്‍ സതാംപ്ടണിലെ ഹാംപ്ഷയര്‍ബൗളിലേക്ക് മാറ്റിയത്.

നേരത്തെ ഫൈനല്‍ ലോര്‍ഡ്‌സില്‍ നിന്നും സതാംപ്ടണിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ സമ്മറില്‍ സുരക്ഷിതമായി സതാംപ്ടണില്‍ മത്സരങ്ങള്‍ നടത്തുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് സാധിച്ചിരുന്നു. ഇക്കാര്യം കൂടെ പരിഗണിച്ചുകൊണ്ടാണ് ഇപ്പോള്‍ ഫൈനല്‍ ലോര്‍ഡ്‌സില്‍ നിന്നും മാറ്റിയിരിക്കുന്നത്.

സതാംപ്ടണില്‍ ലോകോത്തര നിലവാരമുള്ള പരിശീലന സൗകര്യങ്ങളുണ്ടെന്നും ഇത് ഇരുടീമുകള്‍ക്കും ഫൈനലിന് തയ്യാറെടുക്കാന്‍ സഹായകരമാകുമെന്നും ഐസിസി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ന്യൂസിലാന്‍ഡാണ് ഫൈനലില്‍ ആദ്യമായി യോഗ്യത നേടിയത്.

കോവിഡ് പ്രതിസന്ധികള്‍ കാരണം ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതോടെയാണ് കെയ്ന്‍ വില്യംസണും കൂട്ടരും ഫൈനല്‍ യോഗ്യത നേടിയത്.

മറുഭാഗത്ത് നിര്‍ണായക പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-1 ന് പരാജയപെടുത്തി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. ജൂണ്‍ 18 നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.

 

You Might Also Like