ലോകകപ്പ് നേടിയ ടീം പിന്നീട് ഒരുമിച്ച് കളിച്ചില്ല, നടന്നത് വന്‍ കളി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയിച്ച ശേഷം അതേ ഇലവന്‍ പിന്നെ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ലെന്ന് അതിന് പിന്നിലെ സത്യങ്ങള്‍ സത്യസന്ധമായി വെളിപ്പെടുത്തുന്ന ഒരു പുസ്തകം എഴുതുമെന്നും ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്റെ കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. എന്നാല്‍ തൊട്ടു പിന്നാലെ തന്നെ ഹര്‍ഭജന്‍ സിംഗ് ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് ഡിലീറ്റ് ചെയ്തു.

2011 ലോക കിരീടം നേടിയ അതേ ഇലവന്‍ പിന്നെ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ലെന്ന് പറഞ്ഞുള്ള ട്വീറ്റാണ് ഹര്‍ഭജനില്‍ നിന്ന് വന്നത്. എല്ലാവരില്‍ നിന്നും എല്ലാവരേയും അകറ്റി നിര്‍ത്താന്‍ ആരെല്ലാമാണ് കളിച്ചത് എന്നെല്ലാം വെളിപ്പെടുത്തേണ്ട സമയം വരും. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഞാന്‍ ഒരു പുസ്തകമെഴുതേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു. സംഭവിച്ചതിനെ എല്ലാം കുറിച്ച് ഒരു സത്യസന്ധമായ പുസ്തകം’ ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ലോക കപ്പില്‍ മികവ് കാണിച്ച ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവര്‍ക്ക് ലോകകപ്പിന് ശേഷം കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. ലോകകപ്പിന് ശേഷം 2012ല്‍ നടന്ന ഓസീസ് പര്യടനത്തില്‍ റൊട്ടേഷന്‍ പോളിസിയുമായും ധോണി എത്തിയതായിരുന്നു കാരണം.

ടീമിലെ മുതിര്‍ന്ന താരങ്ങളായ സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരെ പ്ലേയിങ് ഇലവനില്‍ ഒരുമിച്ച് ഉള്‍പ്പെടുത്താതിരിക്കാനായിരുന്നു ധോണിയുടെ ആ നീക്കം. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഗംഭീര്‍ തന്നെ ധോണിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഡ്രസിങ് റൂമില്‍ പറയാതെ റൊട്ടേഷന്‍ പോളിസിയുടെ കാര്യം ധോണി മാധ്യമങ്ങളോട് പറഞ്ഞു എന്നും ഗംഭീര്‍ വെളിപ്പെടുത്തിയിരുന്നു.

You Might Also Like