കാലം കടങ്ങള്‍ വീട്ടുകയാണ്, മത്സര ശേഷം അയാള്‍ ആദ്യം പറഞ്ഞത് തന്നെ കൊല്‍ക്കത്തയെ കുറിച്ചാണ്

Image 3
CricketIPL

സന്ദീപ് ദാസ്

നമുക്ക് കുറച്ച് വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിക്കാം. 2011ലെ ക്രിക്കറ്റ് ലോകകപ്പ് വിരുന്നിനെത്തിയ സമയം. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അവസാന ലോകകപ്പായിരിക്കും അത് എന്ന നിലയിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന ഘട്ടം. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിംഗ് ധോനി പറഞ്ഞു-

”ടീമിന്റെ നട്ടെല്ലാണ് സച്ചിന്‍. അദ്ദേഹത്തെ ഞങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടുന്നു. സച്ചിനുവേണ്ടി ലോകകപ്പ് നേടാനാണ് ശ്രമം…”
പറഞ്ഞ വാക്ക് ധോനി പാലിച്ചു. ലോകകപ്പ് ഇന്ത്യ ജയിച്ചു. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത് ധോനിയായിരുന്നു. വിജയം കുറിച്ച സിക്‌സ് അടിച്ച് ശാന്തനായി തിരിഞ്ഞുനടന്ന ധോനിയെ അഭിനന്ദിക്കാന്‍ സച്ചിന്‍ ഓടിയെത്തിയിരുന്നു. ആനന്ദക്കണ്ണീരിന്റെ നനവ് സച്ചിനില്‍ അന്ന് കാണാമായിരുന്നു.

എട്ടുവര്‍ഷങ്ങള്‍ കൂടി കടന്നുപോയി. 2019 ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നു. ധോനിയ്ക്കുവേണ്ടി ആ ലോകകപ്പ് ജയിക്കണം എന്നൊരും പറഞ്ഞുകണ്ടില്ല. അയാള്‍ അത് നൂറുശതമാനം അര്‍ഹിച്ചിരുന്നുവെങ്കിലും!

ന്യൂസിലാന്‍ഡിനെതിരായ സെമിഫൈനലില്‍ 240 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 71/5 എന്ന നിലയില്‍ പതറുമ്പോഴാണ് ധോനി ക്രീസിലെത്തിയത്. അപ്പോള്‍ ഹര്‍ഷ ഭോഗ്ലെ കമന്ററി ബോക്‌സിലൂടെ അഭിപ്രായപ്പെട്ടു-
”ധോനിയുടെ കാര്യം കഷ്ടമാണ്. അയാള്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. പക്ഷേ ടീമിന്റെ മുഴുവന്‍ ഭാരവും ധോനി തന്നെ ചുമക്കേണ്ടിവരുന്നു…! ”

തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിലും കാളയെപ്പോലെ പണിയെടുത്ത ധോനി ടീമിനെ ജയത്തിന്റെ തൊട്ടരികില്‍ എത്തിച്ചു. പക്ഷേ ധോനിയ്ക്കുവേണ്ടി ലോകകപ്പ് ജയിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ഇപ്പോള്‍ കാലം കടങ്ങളെല്ലാം വീട്ടുകയാണ്. ധോനിയ്ക്കുവേണ്ടി ഐ.പി.എല്‍ കിരീടം ജയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരിക്കുന്നു. കിട്ടാതെപോയ ലോകകപ്പിന് പകരമാവില്ലെങ്കിലും ഇത് അങ്ങേയറ്റം മധുരതരമാണ്.

സമ്മാനദാനച്ചടങ്ങില്‍ ധോനി പറഞ്ഞു- ”ചെന്നൈ ടീമിനെക്കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് കൊല്‍ക്കത്തയെക്കുറിച്ച് രണ്ട് വാക്ക് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഐ.പി.എല്‍ ജയിക്കാന്‍ അവര്‍ക്കാണ് അര്‍ഹതയുണ്ടായിരുന്നത്. പോയിന്റ് ടേബിളില്‍ ഏറ്റവും പുറകില്‍നിന്ന കൊല്‍ക്കത്ത നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു…!

ഈ മനുഷ്യനെയാണ് വിരോധികള്‍ ക്രെഡിറ്റ് സ്റ്റീലര്‍, സ്വാര്‍ത്ഥന്‍ എന്നെല്ലാം വിളിച്ച് അധിക്ഷേപിക്കുന്നത്!

2020 സീസണില്‍ തകര്‍ന്നടിഞ്ഞ ചെന്നൈ ടീം തന്നെയാണ് ഒറ്റവര്‍ഷം കൊണ്ട് അടിമുടി മാറിയത്. അവിടെയാണ് ധോനിയുടെ ക്യാപ്റ്റന്‍സിയുടെ പ്രസക്തി. ധോനിയുടെ കീഴിലെത്തിയപ്പോള്‍ മോയിന്‍ അലി എന്ന കളിക്കാരനുണ്ടായ പരിണാമം ശ്രദ്ധിക്കുക. ധോനിയുടെ നായകത്വം തന്നെയാണ് സി.എസ്.കെയെ വേറിട്ടുനിര്‍ത്തിയത്.

ബാറ്റിങ്ങില്‍ ധോനിയ്ക്ക് വേണ്ടത്ര ശോഭിക്കാനായില്ല. പക്ഷേ അത് ടീമിനെ ബാധിക്കാതെ നോക്കിയത് ധോനിയുടെ മിടുക്കായിരുന്നു. ടീമിന് ഏറ്റവും ആവശ്യമുണ്ടായിരുന്ന ഘട്ടത്തില്‍ ധോനി ഒരു കാമിയോ കളിക്കുകയും ചെയ്തു-ഡെല്‍ഹിയ്‌ക്കെതിരെ പ്ലേ ഓഫില്‍!

അതുകൊണ്ട് ഹേറ്റേഴ്‌സ് എത്ര അലമുറയിട്ടാലും ഈ കിരീടം ധോനിയുടെ പേരില്‍ത്തന്നെ അറിയപ്പെടും.

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ധോനിയ്ക്ക് ട്രോഫി സമ്മാനിച്ചത്. ഒരുപാട് കാര്യങ്ങള്‍ അവര്‍ നിശബ്ദമായി പറയുന്നത് പോലെ തോന്നി. ആ മനസ്സുകള്‍ വായിക്കാന്‍ ഒരു ശ്രമം നടത്തുകയാണ്…

ഗാംഗുലി-”മഹീ,നീ നാലാമത്തെ ഐ.പി.എല്‍ കിരീടം നേടിയിരിക്കുന്നു. ദശകങ്ങള്‍ക്കുമുമ്പ് നീളന്‍ മുടിയുള്ള നിന്നെ ടീമിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ നിന്റെ പ്രതിഭയെക്കുറിച്ച് എനിക്കറിയാമായിരുന്നു. പക്ഷേ നീ ഇത്രയേറെ വളരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല…”

”നിന്റെ ജോലി അവസാനിച്ചിട്ടില്ല. ഒരു പുതിയ ദൗത്യം നിന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ നീ ഇന്ത്യന്‍ ടീമിന്റെ കരുത്താകണം…!’

ധോനി പ്രതികരിച്ചു-

”പുതിയ ദൗത്യം ഞാന്‍ പൂര്‍ണ്ണമനസ്സോടെ ഏറ്റെടുക്കുന്നു. ഇതിന് ഒരു രൂപ പോലും പ്രതിഫലം തരേണ്ടതില്ല. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ യശ്ശസ്സ് ഉയര്‍ത്താന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ടി20 ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ പരമാവധി പരിശ്രമിക്കും. യുദ്ധം നയിക്കേണ്ടത് നമ്മുടെ കുട്ടികളാണ്. അവര്‍ക്കുപുറകില്‍ ഒരു ശക്തിയായി ഞാന്‍ ഉണ്ടാകും…!”

ഗാംഗുലി-”നിനക്കൊരു പുതിയ പേര് വീണിട്ടുണ്ട്. അതിനെപ്പറ്റി അറിയാമോ!?’
ഒരു ചെറുചിരിയോടെ ധോനി പറഞ്ഞു-”അറിയാം ദാദാ. മെന്റര്‍ സിങ്ങ് ധോനി…!”